
പാലക്കാട്: സ്കൂട്ടർ ഡിവൈഡറിലിടിച്ചു മറിഞ്ഞ് കോളജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കണ്ടെയ്നർ ലോറിക്കു സൈഡ് കൊടുക്കാൻ സ്കൂട്ടർ വെട്ടിക്കവെ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു.
പാലക്കാട് പുത്തൂർ കൃഷ്ണകണാന്തി കോളനി ‘ജയതി’യില്‍ അക്ഷര ജയകൃഷ്ണൻ (19) ആണ് മരിച്ചത്. കോയമ്ബത്തൂർ വിഎല്‍ബി ജാനകിയമ്മാള്‍ കോളജില്‍ രണ്ടാം വർഷ ബിഎസ്‍സി കംപ്യൂട്ടർ സയൻസ് വിദ്യാർഥിനിയായ അക്ഷര സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോങ്ങാട് ബ്രാഞ്ചിലെ ഉദ്യോഗസ്ഥനായ ജയകൃഷ്ണന്റെയും പാലക്കാട് ബിആർസിയിലെ ഉദ്യോഗസ്ഥ വിദ്യയുടെയും മകളാണ്. ഇന്നലെ രാവിലെ ഒൻപത് മണിയോടെ കോഴിക്കോട് – പാലക്കാട് ദേശീയപാതയിലെ മണലി ബൈപാസില്‍ വെച്ചതായിരുന്നു അപകടമുണ്ടായത്. കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തില്‍ പഠിക്കുന്ന സഹോദരൻ അരവിന്ദിനെ സ്കൂളില്‍ കൊണ്ടാക്കിയ ശേഷം മടങ്ങി വരുന്ന വഴിയാണ് അപകടമുണ്ടായത്.
പിറകിലുണ്ടായിരുന്ന കണ്ടെയ്നർ ലോറി ഇടിക്കാതിരിക്കാൻ അക്ഷര പെട്ടെന്നു സ്കൂട്ടർ വെട്ടിച്ചതോടെ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നുവെന്നു നോർത്ത് പൊലീസ് പറഞ്ഞു. സ്കൂട്ടറില്‍ നിന്നു തെറിച്ചു വീണ അക്ഷര റോഡില്‍ തലയിടിച്ചാണ് വീണത്. ഹെല്‍മറ്റ് തകർന്നിരുന്നു. കണ്ടെയ്നർ ലോറി നിർത്താതെ പോയി. സംഭവസ്ഥലത്തുണ്ടായിരുന്നവർ അക്ഷരയെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലോറി അമിതവേഗത്തിലായിരുവെന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞു. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group