കുടിക്കാന്‍ വെള്ളവും കഴിക്കാന്‍ കടല മിട്ടായിയും; അനുനയിപ്പിക്കാൻ പാപ്പാന്മാർക്കൊപ്പം വനംവകുപ്പും; സാധു പാപ്പാന്മാർക്കൊപ്പം പുതുപ്പള്ളിയിലേക്ക് മടങ്ങി; ഉടൻ ഷൂട്ടിങ്ങിനില്ല, വിശ്രമം വേണമെന്ന് പാപ്പാൻ; ആരോ​ഗ്യപ്രശ്നങ്ങളില്ലെങ്കിലും ഇനി നീണ്ടനാളത്തെ വിശ്രമം

Spread the love

കോട്ടയം: കോതമംഗലത്ത് തെലുങ്ക് സിനിമ ഷൂട്ടിങ്ങിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ ഭയന്ന് കാട് കയറിയ പുതുപ്പള്ളി സാധു തിരികെ പുതുപ്പള്ളിയിലെ ഉടമയുടെ വീട്ടില്‍ എത്തി. പുതുപ്പള്ളി സ്വദേശി പാപ്പാല പറമ്പ് പോത്തന്‍ വര്‍ഗീസാണ് ആനയുടെ ഉടമ.

video
play-sharp-fill

ആനയെ വെറ്റിനറി ഡോക്ടര്‍മാര്‍ പരിശോധിച്ച് പരിക്കുകളില്ലെന്ന് സ്ഥിരീകരിച്ചു. ആനയെ കണ്ടെത്താന്‍ സഹായിച്ചവര്‍ക്കും സാധുവിനു വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി എന്ന് ആന പാപ്പാന്‍ മണിമല ബിജു മാധ്യമങ്ങളോട് പ്രതികരിച്ചു.

ആനയെ ഉടന്‍ സിനിമ ഷൂട്ടിങ്ങിലേക്ക് അയക്കില്ലെന്നും വിശ്രമം ആവശ്യമാണെന്നും ആന പാപ്പാന്‍ പറഞ്ഞു. ഭൂതത്താന്‍കെട്ട് വനമേഖലയില്‍ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് പുതുപ്പള്ളി സാധുവിനെ ഇന്നു രാവിലെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നു നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി എത്തിച്ച ആന മറ്റൊരു നാട്ടാനയുമായി ഏറ്റുമുട്ടിയ ശേഷം കാടുകയറുകയായിരുന്നു. വനപാലകരും പാപ്പാന്മാരും ഉള്‍ക്കാടിനു ചുറ്റും ആനയെ തേടുമ്പോള്‍ തുണ്ടത്തില്‍ ഫോറസ്റ്റ് സ്‌റ്റേഷനു സമീപത്തു തന്നെ സാധു ഉണ്ടായിരുന്നു.

വനം വകുപ്പ് സംഘത്തിനൊപ്പമുണ്ടായിരുന്ന പാപ്പാന്മാര്‍ സാധുവിനെ അനുനയിപ്പിച്ചു. കുടിക്കാന്‍ വെള്ളവും കഴിക്കാന്‍ കടല മിട്ടായിയും കൊടുത്തതോടെ സാധു പാപ്പാന്മാർക്കൊപ്പം പുതുപ്പള്ളിയിലേക്ക് മടങ്ങുകയായിരുന്നു. വിജയ് ദേവരക്കൊണ്ട നായകനായ തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഒപ്പം അഭിനയിക്കാന്‍ എത്തിയ തടത്താവിള മണികണ്ഠന്‍ എന്ന ആനയുടെ കുത്തേറ്റ് പുതുപ്പള്ളി സാധു ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ ഉള്‍ക്കാട്ടിലേക്ക് ഓടിക്കയറിയത്.

രാത്രി നടത്തിയ തെരച്ചിലില്‍ ആനയെ കണ്ടെത്താന്‍ കഴിയാഞ്ഞതോടെയാണ് ഇന്നു പുലര്‍ച്ചെ മുതല്‍ വീണ്ടും തെരച്ചില്‍ തുടങ്ങിയത്. കുത്തേറ്റെങ്കിലും സാധുവിനു പരിക്കോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഇല്ലെന്ന് വനം വകുപ്പ് അറിയിച്ചു.

സാധു തമിഴ്‌ – തെലുങ്ക് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമകളില്‍ ആനയെ അഭിനയിപ്പിക്കണം എങ്കില്‍ പ്രത്യേക സര്‍ട്ടിഫിക്കറ്റ് വേണം. ഇങ്ങനെ വനം വകുപ്പിന്റെ സമ്മത പത്രം ഉള്ള ആനയാണ് പുതുപ്പള്ളി സാധു.