
ആവേശക്കൊടുമുടിയേറി പരസ്യപ്രചാരണം കൊട്ടിക്കലാശിച്ചു : ഇനി കാത്തിരിപ്പ് …; ഉമ്മൻ ചാണ്ടിയുടെ പകരക്കാരനെ കണ്ടെത്താൻ പുതുപ്പള്ളിക്കാര്‍ നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദപ്രചാരണം; ചാണ്ടി ഉമ്മന് മൂൻതൂക്കം പ്രതീക്ഷിക്കുന്ന മണ്ഡലത്തിലെ ആകാംക്ഷ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് നേടുന്ന വോട്ടുകളില്‍
സ്വന്തം ലേഖകൻ
കോട്ടയം: പുതുപ്പള്ളി നാളെ പോളിംഗ് ബൂത്തിലേക്ക്. ഇന്ന് നിശബ്ദ പ്രചാരണ ദിവസത്തിൽ പരമാവധി വോട്ടർമാരെ നേരിൽ കാണുകയാണ് സ്ഥാനാർത്ഥികളുടെ ലക്ഷ്യം. തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികൾ ഇന്ന് രാവിലെ വിതരണം ചെയ്യും. സ്ട്രോങ്ങ് റൂം ആയ കോട്ടയം ബസേലിയോസ് കോളേജിൽ നിന്നാണ് 182 ബൂത്തുകളിലേക്കും ഉള്ള സാമഗ്രികൾ വിതരണം ചെയ്യുന്നത്. മുഴുവൻ ബൂത്തുകളിലും വിവി പാറ്റുകളും വെബ്കാസ്റ്റിംഗും സജ്ജമാക്കിയിട്ടുണ്ട്. 1,76,417 വോട്ടർമാരാണ് മണ്ഡലത്തിൽ ഉള്ളത്.
അട്ടിമറികള്‍ ഉണ്ടായില്ലെങ്കില്‍ ഉമ്മൻ ചാണ്ടിക്ക് പകരക്കാനായി ചാണ്ടി ഉമ്മൻ നിയമസഭയില്‍ എത്തും. ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പിക്കുമ്ബോഴും ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ മാത്രമാണ് സംശയം അവശേഷിക്കുന്നത്. നാളെ രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. പരസ്യ പ്രചാരണം ഇന്നലെ വൈകിട്ട് ആറിന് അവസാനിച്ചു. ഇനി നിശബ്ദപ്രചാരണമാണ്. ജെയ്ക്ക് സി തോമസ്, ചാണ്ടി ഉമ്മൻ, ലിജിൻ ലാല്‍ അടക്കം ഏഴ് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാൻസ്‌ജെൻഡറുകളും അടക്കം 1,76,417 വോട്ടര്‍മാരുണ്ട്. 957 പുതിയ വോട്ടര്‍മാരുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളെ വോട്ട് പെട്ടിയിലായാല്‍ കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. മൊത്തം 20 ടേബിളുകളിലായാണ് കൗണ്ടിങ് നടക്കുക. 14 ടേബിളുകളില്‍ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് ടേബിളുകളില്‍ തപാല്‍ വോട്ടുകളും ഒരു ടേബിളില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള ഇ.ടി.പി.ബി.എസ്. വോട്ടുകളും എണ്ണും. 13 റൗണ്ടുകളായാണ് വോട്ടെണ്ണല്‍ നടക്കുക. വോട്ടെണ്ണലിന് 74 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
വോട്ടെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ ഏഴിന് കോട്ടയം ബസേലിയോസ് കോളജില്‍ ആരംഭിക്കും. പോളിങ് ഉദ്യോഗസ്ഥരെ സ്ട്രോങ് റൂം പ്രവര്‍ത്തിക്കുന്ന ബസേലിയസ് കോളജില്‍ നിന്ന് പോളിങ് ബൂത്തുകളില്‍ എത്തിക്കുന്നതിനായി 54 വാഹനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. 228 വീതം കണ്‍ട്രോള്‍, ബാലറ്റ് യൂണിറ്റുകളുടെയും വി.വി പാറ്റുകളുമാണ് തയ്യാറാക്കിയിട്ടുള്ളത്. ഇവ കൂടാതെ 19 വി.വി പാറ്റുകള്‍ കൂടി അധികമായി കരുതിയിട്ടുണ്ട്.
നാളെ പുതുപ്പള്ളി മണ്ഡലത്തിന്റെ പരിധിയിലുള്ള സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പൊതുഅവധി ആയിരിക്കും. മണ്ഡലത്തിന്റെ പരിധിയില്‍ ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംരംഭങ്ങള്‍, സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, കടകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും വേതനത്തോടുകൂടിയ അവധിയായിരിക്കും. മറ്റിടങ്ങളില്‍ ജോലി ചെയ്യുന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ സ്ഥിരതാമസക്കാരും വോട്ടര്‍മാരുമായ കാഷ്വല്‍ ജീവനക്കാര്‍ അടക്കമുള്ള ജീവനക്കാര്‍ക്കും വേതനത്തോടെയുള്ള അവധി ബാധകമാണ്.
പോളിങ് സ്റ്റേഷന്റെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ മൊബൈല്‍ ഫോണുകള്‍ കൈയില്‍ കരുതാനോ ഉപയോഗിക്കാനോ അനുവദിക്കില്ല. തെരഞ്ഞെടുപ്പു കമ്മീഷൻ നിയോഗിച്ചിട്ടുള്ള നിരീക്ഷകര്‍ക്കും തെരഞ്ഞെടുപ്പ്, സുരക്ഷാ ജീവനക്കാര്‍ക്കും മാത്രമാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് അനുമതിയുള്ളത്. മണ്ഡലത്തില്‍ ഇന്നും നാളെയും ഡ്രൈ ഡേയാണ്. മണ്ഡലത്തിലെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, വിദ്യാഭ്യാസ, വാണിജ്യസ്ഥാപനങ്ങള്‍ക്കു നാളെ അവധിയാണ്.