സ്വന്തം ലേഖകൻ
തിരുവനന്തപുരം: പുതുപ്പള്ളിയിൽ ഇടതുപക്ഷം മത്സരിക്കരുത് എന്ന കെപിസിസി അധ്യക്ഷന്റെ അഭിപ്രായത്തോട് യോജിപ്പില്ല. അത് പറയാനുള്ള ധാർമ്മികത കോൺഗ്രസിനില്ലെന്ന് രമേശ് ചെന്നിത്തല. ഇടതുപക്ഷ നേതാക്കൻമാർ മരിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്.
രാഷ്ട്രീയ മത്സരമല്ലേ, വ്യക്തികളല്ലല്ലോ. ഉമ്മൻചാണ്ടി മരിച്ചു, പിറ്റേന്ന് തന്നെ സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ കഴിയുമോ. ഇപ്പോൾ സ്ഥാനാർത്ഥിയെകുറിച്ച് പറയേണ്ട സമയമല്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞാൽ ഏറ്റവും പെട്ടെന്ന് തന്നെ സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ കോൺഗ്രസിന് കഴിയുമെന്നും ചെന്നിത്തല പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോക്സഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എംപി മാർ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. തനിക്ക് ഇനി ദില്ലി താത്പര്യം ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പ് ആയാൽ ആരൊക്കെ മത്സരിക്കണമെന്നത് പാർട്ടി തീരുമാനിക്കും.
ഞാനെന്നും പാർട്ടിക്ക് വിധേയനാണ്. എന്റെ പ്രവർത്തന മേഖല കേരളമാണ്. പ്രതിപക്ഷനേതാവാകാൻ മത്സരമില്ല. സതീശൻ തന്നെയാണ് പ്രതിപക്ഷനേതാവ്. സതീശൻ അനിയനാണ്. സതീശന് പൂർണ്ണ പിന്തുണയുണ്ട്. നാളെയും പിന്തുണ നൽകും. പക്ഷേ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ എന്റെ കടമയാണ് ഇത്തരം കാര്യങ്ങൾ പുറത്തുകൊണ്ടുവരികയെന്നത് എന്നും ചെന്നിത്തല പറഞ്ഞു.