
സ്വന്തം ലേഖകൻ
കോട്ടയം: പുതുപ്പള്ളിയിൽ രണ്ടു ഘട്ടങ്ങളിലായി മുഖ്യമന്ത്രി പ്രചാരണത്തിനെത്തും. സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. പുതുപ്പള്ളിയിൽ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ് 17 ന് നാമനിർദേശ പത്രിക നൽകും. പ്രചരണ രീതികളും എന്തൊക്കെ കാര്യങ്ങൾ പ്രചരണത്തിൽ ചർച്ച ചെയ്യണമെന്നുളള വിഷയങ്ങൾ സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് നടത്തിയ യോഗത്തിൽ ചർച്ച ചെയ്തു.
16ന് എൽ.ഡി.എഫ് തെരെഞ്ഞെടുപ്പ് കൺവൻഷൻ നടത്താനും തീരുമാനമായിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. സാധാരണയായി ഉപതെരെഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലേക്ക് മുഖ്യമന്ത്രി അവസാന ഘട്ടത്തിലാണ് എത്താറുളളത്. എന്നാൽ പുതുപ്പളളിയിൽ വ്യത്യസ്തമായ രീതിയാണ് എൽ.ഡി.എഫ് എടുത്തിരിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായി മുഖ്യമന്ത്രി പ്രചാരണത്തിനെത്തും. എട്ട് പഞ്ചായത്തുകളിലും രണ്ടു ഘട്ടമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിൽ പങ്കെടുക്കും.