
കോട്ടയം: കഴിഞ്ഞ തവണ കൈവിട്ട പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് തിരിച്ചുപിടിച്ച് യുഡിഎഫ്.
19 വാർഡുകളിൽ 14 ലും ജയിച്ചാണ് യുഡിഎഫ് മിന്നും ജയം സ്വന്തമാക്കിയത്. രണ്ടു വാർഡുകളിൽ മാത്രമാണ് എൽഡിഎഫിന് ജയിക്കാനായത്. എൻഡിഎ മൂന്നു സീറ്റുകളിൽ ജയിച്ചു.
ഉറച്ച കോട്ടയായിരുന്ന പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് 25 വർഷത്തിനു ശേഷമാണ് 2020 ൽ യുഡിഎഫിന് നഷ്ടമായത്. എൽഡിഎഫും യുഡിഎഫും ഏഴു സീറ്റുകൾ വീതവും എൻഡിഎ രണ്ടു സീറ്റുമാണ് നേടിയത്. എന്നാൽ രണ്ട് ഇടതു സ്വതന്ത്രർ കൂടി ജയിച്ചതോടെ എൽഡിഎഫ് ഭരണം പിടിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2015 ൽ 11 സീറ്റുകളിൽ ജയിച്ചാണ് യുഡിഎഫ് പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് ഭരിച്ചത്. പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിനു കീഴിലുള്ള പഞ്ചായത്തുകളിൽ വലിയ തിരിച്ചുവരവാണ് യുഡിഎഫ് ഇത്തവണ നടത്തിയത്. ആകെയുള്ള എട്ട് ഗ്രാമപഞ്ചായത്തുകളിൽ കൂരോപ്പട ഒഴികെയുള്ള ഏഴിലും യുഡിഎഫ് ഭരണം ഉറപ്പിച്ചു.
കൂരോപ്പടയിൽ ആകെയുള്ള 19 വാർഡുകളിൽ 9 സീറ്റുകളിൽ എൽഡിഎഫ് ജയിച്ചപ്പോൾ ഏഴു സീറ്റു മാത്രമാണ് യുഡിഎഫിന് നേടാനായത്. എൻഡിഎ മൂന്നു സീറ്റുകൾ നേടി. പുതുപ്പള്ളി, അകലക്കുന്നം, മണർകാട്, പാമ്പാടി, വാകത്താനം, അയർക്കുന്നം, മീനടം എന്നീ പഞ്ചായത്തുകളിലാണ് യുഡിഎഫ് ജയിച്ചത്.
അകലക്കുന്നം (15 വാർഡ്): യുഡിഎഫ് – 8, എൽഡിഎഫ് – 7
മണർകാട് (19 വാർഡ്): യുഡിഎഫ് – 12, എൽഡിഎഫ് – 5, എൻഡിഎ – 2
പാമ്പാടി (21 വാർഡ്): യുഡിഎഫ് – 16, എൽഡിഎഫ് – 5
വാകത്താനം (21 വാർഡ്): യുഡിഎഫ് – 14, എൽഡിഎഫ് – 6, എൻഡിഎ – 1
അയർക്കുന്നം (21 വാർഡ്): യുഡിഎഫ് – 14, എൽഡിഎഫ് – 4, എൻഡിഎ – 3
മീനടം (14 വാർഡ്): യുഡിഎഫ് – 12, എൽഡിഎഫ് – 2



