ചെളിക്കുഴി ആയി പുതുപ്പള്ളി പരിയാരം സെൻ്റ തോമസ് ഓർത്തഡോക്സ് പള്ളി റോഡ്; അപകടങ്ങൾ പതിവാകുന്നു; റോഡ് പുതുക്കി പണിയണമെന്ന ആവശ്യം ശക്തം
സ്വന്തം ലേഖിക
പുതുപ്പള്ളി: പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ പെട്ട പരിയാരം സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ സ്ഥലം പള്ളിയുടെ അറിവോ സമ്മതമോ കൂടാതെ, ജലനിധി പദ്ധതിയുടെ പേര് പറഞ്ഞു വാകത്താനം പഞ്ചായത്തിൽ അഞ്ചാം വാർഡിൽ പെട്ട വഴിയുടെ നടുവിലൂടെ വെട്ടിപൊളിച്ചു നടക്കാൻ പോലുമാവാത്ത രീതിയിൽ തകർത്ത നിലയിൽ.
പളളി ഇടവക ജനങ്ങൾക്ക് പള്ളിയിൽ ആരാധനയിൽ സംബന്ധിക്കുവാൻ പോലും പറ്റാത്ത അവസ്ഥയാണ് നിലവിൽ. പലരും ഇരു ചക്ര വാഹനങ്ങളിൽ കുട്ടികൾ സഹിതം അവിടെ വീഴുന്നത് പതിവാകുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുൻ കാലത്തു എം എൽ എ ഫണ്ടിൽ നിന്നും തുക അനുവദിച്ചു കോൺക്രീറ്റ് ചെയ്തു ഭംഗി ആക്കിയിട്ടിരുന്ന റോഡ് ആണ് ഇത്. ഒരു നൂറ്റാണ്ട് ആയി ഓർത്തഡോക്സ് വിശ്വാസി സമൂഹം ആരാധന നടത്തികൊണ്ടിരിക്കുന്ന ദേവാലയം ആണിത്. നാനാ ജാതി മതസ്ഥർ വന്നു ആരാധന കഴിച്ചു പോവുന്ന തദ്ദേശ ദേവാലയമാണിത്.
വളരെ അപകടകരമായ രീതിയിൽ തകർന്ന് ഗതാഗതം സാധ്യമാവാത്ത വിധത്തിൽ റോഡിൽ മെറ്റൽ, മണൽ എന്നിവ അടിഞ്ഞു തകർന്നു,ചെളിക്കുണ്ട് രൂപപ്പെട്ട നിലയിലാണ്. റോഡിൽ നടക്കുകയോ ഇരുചക്ര വാഹനത്തിൽ പോവുകയോ ചെയ്യുന്നവർക്ക് അപകടം സംഭവിക്കുന്നതും പതിവാകുന്നു. കാറിന്റെ സൈലെൻസറിൽ പോലും ചെളി വെള്ളം കയറി കേടാവുന്നു.
തന്നെയുമല്ല ചെളി ഒഴിവാക്കി സൈഡിൽ കൂടി പോയാൽ പായൽ പിടിച്ചിരിക്കുന്നതിനാൽ പലരും വഴുക്കിവീഴുകയാണ്. ഇതൊക്കെ ആണ് റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ.
ആരാധനയിൽ പങ്കെടുക്കാൻ വിശ്വാസി സമൂഹത്തിനു സാധ്യമാവാത്ത വിധത്തിൽ വളരെ പരിതാപകരമായ രീതിയിൽ തകർന്ന ഈ റോഡ് പൊതുജനത്തിനും പളളിയിലെത്തുന്ന വിശ്വാസികൾക്കും ഉപയോഗപ്രദമായ രീതിയിൽ പഞ്ചായത്തും മറ്റു ഭരണ സംവിധാനങ്ങളും ഉണർന്നു പ്രവർത്തിച്ചു, സഞ്ചാര സ്വാതന്ത്ര്യമില്ലായ്മക്ക് ശാശ്വത പരിഹാരം ഉണ്ടാക്കിതരണമെന്ന് വികാരി ഫാ. സഖറിയ തോമസ്, ട്രസ്റ്റി സി സി വർഗീസ്, സെക്രട്ടറി ബേബി കുളത്തിൽ എന്നിവർ ആവശ്യപ്പെട്ടു.