
കോട്ടയം : പതിവ് പേരുകള്‍ക്ക് പകരം പുതുമുഖങ്ങള്‍ക്കും കൂടുതല്‍ അവസരം നല്‍കി മൂന്ന് മുന്നണികളും. സിറ്റിംഗ് സീറ്റില്‍ ഒഴികെ ജില്ലയില്‍ കൂടുതല്‍ പേരും കന്നിയങ്കക്കാരാണ്.
മൂന്ന് മുന്നണികളിലായി 12 പേർ നിയമസഭ തിരഞ്ഞെടുപ്പില്‍ പുതുമുഖങ്ങള്‍. ആകെയുള്ള ഒമ്പതു സീറ്റുകളില്‍ യു.ഡി.എഫില്‍ അഞ്ചും, എൻ.ഡി.എയില്‍ നാലും, എല്‍.ഡി.എഫില്‍ മൂന്നു പേരും. വൈക്കത്ത് ബിനിമോൻ, പൂഞ്ഞാറില്‍ സജി ജോസഫ്, ഏറ്റുമാനൂരില്‍ നാട്ടകം സുരേഷ്, കാഞ്ഞിരപ്പള്ളിയില്‍ റോണി കെ.ബേബി, ചങ്ങനാശേരിയില്‍ വിനു ജോബ് എന്നിവരാണ് ജില്ലയിലെ കന്നിയങ്കക്കാരായ യു.ഡി.എഫുകാർ.
എല്‍.ഡി.എഫില്‍ കടുത്തുരുത്തിയില്‍ നിർമല ജിമ്മിയും, വൈക്കത്ത് പി. പ്രദീപും, പുതുപ്പള്ളിയില്‍ കെ.എം. രാധാകൃഷ്ണനും നിയമസഭയിലേക്ക് ആദ്യം. എൻ.ഡി.എയില്‍ പാലായില്‍ ഷോണ്‍ ജോർജ്, കോട്ടയത്ത് പി. അനില്‍കുമാർ, ഏറ്റുമാനൂരില്‍ ആതിര ഡി.നായർ, കടുത്തുരുത്തിയില്‍ സുരേഷ് ഇട്ടിക്കുന്നേല്‍ എന്നിവരും ഇതാദ്യം. മുതിർന്നവരെ വെട്ടാനും ജാതി മത, സമവാക്യങ്ങള്‍ പാലിക്കാനുമാണ് ഇക്കുറി കന്നിക്കാർക്ക് കൂടുതല്‍ അവസരം ലഭിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
12-ാം അങ്കത്തിന് ജോർജ്
മൂന്നു പരാജയം ഉള്‍പ്പെടെ പത്തു തവണ പൂഞ്ഞാറില്‍ നിന്ന് മത്സരിച്ച പി.സി. ജോർജാണ് കൂട്ടത്തില്‍ സീനിയർ, ജോർജ് 12-ാം തവണയാണ് മത്സരിക്കുന്നത്. തിരുവഞ്ചൂരിന് ഒമ്പതാം മത്സരം, ഏഴ് തവണ ജയിച്ചു. ഒരു തവണ പരാജയപ്പെട്ടു. അടൂരില്‍ നിന്ന് കോട്ടയത്ത് എത്തിയതിന് ശേഷം പരാജയം അറിഞ്ഞിട്ടില്ല. ആറു തവണ മത്സരിച്ച് ഒരിക്കല്‍ മാത്രം പരാജയപ്പെട്ട മോൻസ് ജോസഫിന്റേത് ഏഴാം മത്സരമാണ്.
വി.എൻ. വാസവൻ അഞ്ചുതവണ മത്സരിച്ചപ്പോള്‍ മൂന്നു തവണ തോറ്റു. വൈക്കത്ത് കെ.അജിതിന്റെ മൂന്നാം മത്സരമാണ്. പാലായില്‍ മാണി സി. കാപ്പൻ അഞ്ചുതവണ മത്സരിച്ചപ്പോള്‍ രണ്ടുതവണ വിജയിച്ചു. ജോസ് കെ.മാണിയ്ക്കും, സെബാസ്റ്റ്യൻ കുളത്തുങ്കലിനും, ചാണ്ടി ഉമ്മനും, കെ.അനില്‍കുമാറിനും, രണ്ടാം മത്സരമാണ്. ഡോ. എൻ.ജയരാജ് അഞ്ചാം തവണയും, ജോബ് മൈക്കിള്‍ മൂന്നാം തവണയും.



