
കോട്ടയം: പൂഞ്ഞാര്‍ മലകളില്‍നിന്നുള്ള ചെറുചാലുകള്‍ സംഗമിക്കുന്ന മൂവേലിത്തോട്ടിലെ കുളിയും വാലാനിക്കല്‍ വീട്ടിലെ ഒളിവുജീവിതവും ഈരാറ്റുപേട്ടയില്‍നിന്നും പോലീസ് മര്‍ദനമേറ്റ് പാലാ ലോക്കപ്പിലേക്കുള്ള യാത്രയും വി.എസ്.
അച്യുതാനന്ദന്‍ പലപ്പോഴും അനുസ്മരിച്ചിട്ടുണ്ട്. പോലീസിന്‍റെ ക്രൂര മര്‍ദനമേറ്റ വിഎസിന് പാലാ ഗവണ്‍മെന്‍റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയേണ്ടിവന്നു.
1946 ഓഗസ്റ്റില്‍ ആലപ്പുഴയില്‍ നടന്ന ട്രേഡ് യൂണിയന്‍ കൗണ്‍സിലുകളുടെ സംയുക്ത സമ്മേളനത്തില്‍ പ്രസംഗിച്ചവര്‍ക്കെതിരേ ദിവാന്‍ സി.പി. രാമസ്വാമി അയ്യരുടെ പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പുന്നപ്ര-വയലാര്‍ സമരവുമായി ബന്ധപ്പെട്ടു വി.എസ് പോലീസിന്‍റെ കണ്ണുവെട്ടിച്ചാണ് പൂഞ്ഞാറില്‍ ഒളിവു താമസത്തിനെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കര്‍ഷകനും പാര്‍ട്ടി അനുഭാവിയുമായ വാലാനിക്കല്‍ ഇട്ടിണ്ടാന്‍റെ വീട്ടിലായിരുന്നു ഒളിവില്‍ കഴിഞ്ഞത്. ഇട്ടിണ്ടാന്‍റെ മകന്‍ സഹദേവന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. ഇദ്ദേഹവും വിഎസുമായുള്ള ബന്ധമാണ് പൂഞ്ഞാറിലെത്താന്‍ കാരണമായത്.
ആലപ്പുഴയില്‍നിന്നു കുമരകംവഴി കോട്ടയത്തെത്തി നടന്നാണ് വാലാനിക്കല്‍ വീട്ടിലെത്തുന്നത്. 20 ദിവസം പൂഞ്ഞാറില്‍ താമസിച്ചു. വൈദ്യനായിരുന്ന ഇട്ടിണ്ടാനെ കാണാന്‍ ധാരാളം പേര്‍ എത്തിയിരുന്ന സാഹചര്യത്തില്‍ അവിടെ സുരക്ഷിതമല്ലെന്നു കണ്ടതോടെ സഹദേവന്‍ ഇട്ടിണ്ടാന്‍റെ സഹോദരി ചള്ളരിക്കുന്ന് കരിമാലിപ്പുഴയിലെ കുഞ്ഞുപെണ്ണിന്‍റെ വീട്ടിലേക്കു വി.എസിനെ മാറ്റി. ഗോപാലന്‍ എന്ന പേരിലായിരുന്നു വി.എസിന്‍റെ ജീവിതം.
ഒളിവിലും പതിവ് ദിനചര്യകള്‍ വി.എസ് മുടക്കിയിരുന്നില്ല. ദിവസം രണ്ടു പ്രാവശ്യം പച്ചവെള്ളത്തില്‍ കുളിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ഇതു വീട്ടുകാര്‍ തടഞ്ഞെങ്കിലും ഒരു നേരമെങ്കിലും മൂവേലിത്തോട്ടില്‍ പോയി കുളിക്കുമായിരുന്നു. പതിവില്ലാതെ തോട്ടില്‍ ഒരാള്‍ കുളിക്കുന്നതു കണ്ട് അതുവഴി പോയ ഒരു അധ്യാപകനാണ് പോലീസില്‍ വിവരം അറിയിക്കുന്നത്. അങ്ങനെ പോലീസ് ഒരു ദിവസം പുലര്‍ച്ചെ കുളിക്കുന്നതിനിടയില്‍ വി.എസിനെ പിടികൂടുകയായിരുന്നു.
ഇടിയന്‍ വാസുപിള്ള എന്ന ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഈരാറ്റുപേട്ട സ്റ്റേഷനില്‍ രണ്ടു ദിവസത്തെ മര്‍ദനത്തിനു ശേഷം പാലായിലെ പോലീസ് ലോക്കപ്പിലേക്കു മാറ്റി. മരിച്ചെന്നു കരുതി കാട്ടില്‍ ഉപേക്ഷിക്കാൻ കൊണ്ടുപോകുമ്പോള്‍ ജീവനുണ്ടെന്ന സംശയത്തില്‍ പാലാ ഗവണ്‍മെന്‍റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
രണ്ടാഴ്ച ചികിത്സയ്ക്കു ശേഷമാണ് വി.എസിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയത്. മുഖ്യമന്ത്രിയായിരുന്ന സമയത്ത് വി.എസ് വാലാനിക്കല്‍ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു