ദാമ്പത്യ ജീവിതത്തിലെ ലൈംഗികപ്രശ്നങ്ങൾ ആ കാലഘട്ടത്തിൽ പൊതു സമൂഹത്തിൽ ചർച്ച ചെയ്യപ്പെട്ടിരുന്നില്ല: അതുകൊണ്ടായിരിക്കണം ചില മനോവൈകല്യങ്ങൾ മൂലം ലൈംഗിക ജീവിതം പരാജയപ്പെട്ട ഒരു ചെറുപ്പക്കാരന്റേയും അയാളുടെ അസംതൃപ്തയായ ഭാര്യയുടേയും ചൂടുള്ള കഥക്ക് കേരള സമൂഹത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുവാൻ കഴിഞ്ഞത് : ഇതാണ് ആ സിനിമ
കോട്ടയം: തിരുവല്ലയിലെ ഒരു മത പുരോഹിതനായിരുന്ന
റവ: ഐപ്പ് തോമസ്സ് കത്തനാരുടെ മകനായ ഡോ: എ.ടി. കോവൂർ ലോക പ്രശസ്തനായ യുക്തിവാദിയും മനോരോഗ ചികിത്സകനുമായിരുന്നു. ഏതെങ്കിലും തരത്തിലുള്ള ദിവ്യാത്ഭുതങ്ങൾ തെളിയിക്കുവാൻ കഴിഞ്ഞാൽ
5 ലക്ഷം രൂപ സമ്മാനമായി നൽകുന്നതാണെന്ന അദ്ദേഹത്തിന്റെ വെല്ലുവിളി ഏറ്റെടുക്കാൻ ഇന്നേവരെ ഏതെങ്കിലും ആൾദൈവങ്ങളോ അവതാരപുരുഷന്മാരോ മുന്നോട്ടു വന്നിട്ടില്ല.
മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരണങ്ങൾ, പ്രത്യേകിച്ച് കാമ്പിശ്ശേരി കരുണാകരൻ പത്രാധിപരായിരുന്ന ജനയുഗവും മാതൃഭൂമി വാരികയും ഇദ്ദേഹത്തിന്റെ മന:ശാസ്ത്ര ലേഖനങ്ങളും മനോരോഗ ചികിത്സാ അനുഭവങ്ങളും
വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു.
മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച
ഡോക്ടർ എ ടി കോവൂരിന്റെ കേസ് ഡയറിയിൽ നിന്നെടുത്ത
ഒരു അനുഭവകഥയിൽ നിന്നാണ് മഞ്ഞിലാസിന്റെ ബാനറിൽ
എം ഓ ജോസഫ് നിർമ്മിച്ച “പുനർജ്ജന്മം ” എന്ന ചലച്ചിത്രം പിറവിയെടുക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദാമ്പത്യ ജീവിതത്തിലെ ലൈംഗികപ്രശ്നങ്ങൾ ആ കാലഘട്ടത്തിൽ പൊതു സമൂഹത്തിൽ ചർച്ച ചെയ്യപ്പെട്ടിരുന്നില്ല.
അതുകൊണ്ടായിരിക്കണം ചില മനോവൈകല്യങ്ങൾ മൂലം ലൈംഗിക ജീവിതം പരാജയപ്പെട്ട ഒരു ചെറുപ്പക്കാരന്റേയും അയാളുടെ അസംതൃപ്തയായ ഭാര്യയുടേയും ചൂടുള്ള കഥക്ക് കേരള സമൂഹത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുവാൻ കഴിഞ്ഞത് .
മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം പ്രമേയത്തെ ആസ്പദമാക്കി ഒരു സിനിമ നിർമ്മിക്കപ്പെടുന്നത്.
ഇന്ത്യയിലെ തന്നെ ആദ്യത്തെ “ഇറോട്ടിക് സൈക്കോളജിക്കൽ മൂവി ” എന്നാണ് പുനർജ്ജന്മത്തെ അന്ന് പത്രങ്ങൾ വിശേഷിപ്പിച്ചത്. അതിനാൽ A സർട്ടിഫിക്കറ്റോടു കൂടിയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
പ്രേംനസീർ ,ജയഭാരതി , സുജാത , അടൂർഭാസി , പ്രേമ തുടങ്ങിയ മുഖ്യതാരങ്ങൾ അഭിനയിച്ച് കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത
പുനർജ്ജന്മത്തിലെ അർത്ഥവത്തായ ഗാനങ്ങൾ എഴുതിയത് വയലാറും സംഗീതം നൽകിയത് ദേവരാജനുമായിരുന്നു.
കാമശാസ്ത്രമെഴുതിയ മുനിയുടെ
കനക തൂലികേ – നീ
മാനവഹൃദയമാം
തൂണീരത്തിലെ
മന്ത്രശരമായി – എന്തിനു
മല്ലീശരമായി …”
എന്ന ജയചന്ദ്രൻ പാടിയ പാട്ടിലൂടെ വയലാറിന്റെ
കാവ്യഭാവന ചിറകടിച്ചുയരുന്നത് മനോഹരമായ ഒരു അനുഭവമായിരുന്നുവെന്ന് പറയാതിരിക്കാൻ വയ്യ .
തത്വചിന്താപരമായ ആശയങ്ങളെ വളരെ ആഴത്തിൽ കടന്നുചെന്ന് അപഗ്രഥനം നടത്തി മധുരമായ പദപ്രയോഗങ്ങളിലൂടെ അവതരിപ്പിക്കുവാനുള്ള വയലാർ രാമവർമ്മയുടെ അന്യാദൃശമായ കഴിവിന്റെ ഉത്തമ നിദർശനമാണ്
ഈ ഗാനം.
വാത്സ്യായനമഹർഷിയുടെ കാമശാസ്ത്രത്തെ സൂചിപ്പിച്ചുകൊണ്ട് മനുഷ്യമനസ്സിന്റെ കാമനകളും വിഭ്രാന്തികളും ഏതൊക്ക വഴികളിലേക്ക് അവന്റെ പ്രവൃത്തികളെ നയിക്കാമെന്ന് മനോഹരമായി വയലാർ ഈ കവിതയിൽ വർണ്ണിക്കുന്നു.
മാത്രമല്ല, പ്രേമം എന്ന ഉൽകൃഷ്ട വികാരത്തെ അമിതമായ കാമാസക്തി ഏതൊക്കെ വഴികളിലൂടെ അപഥസഞ്ചാരം ചെയ്യിക്കുന്നു എന്നും വയലാർ കവിതാമധുരമായ ഈ ഗാനത്തിലൂടെ നമുക്ക് പറഞ്ഞുതരുന്നു. ഭാവഗായകന്റെ ശ്രുതിശുദ്ധമായ ആലാപനം അതിന് ഒന്നുകൂടി
മധുരം പകർന്നു.
“പ്രേമഭിക്ഷുകീ
ഭിക്ഷുകീ ഭിക്ഷുകീ ….” (യേശുദാസ്) “സൂര്യകാന്തകൽപ്പടവിൽ … ”
(സുശീല)
“കാക്കേം കാക്കേടെ കുഞ്ഞും . “.( സി.ഒ . ആന്റോ )
“കാമിനി കാവ്യമോഹിനീ …”
(യേശുദാസ്)
“വെളിച്ചമസ്തമിച്ചൂ …”
( മാധുരി ) “മദനപഞ്ചമി ….”( മാധുരി ) “ഉണ്ണിക്കൈ വളര്
വളര് വളര് …..”
(പി.ലീല )
എന്നിങ്ങനെ ചിത്രത്തിലെ എട്ട് ഗാനങ്ങളും വളരെയധികം ജനപ്രീതി നേടിയെടുത്തു.
സൂപ്പർ ഹിറ്റായ പുനർജ്ജന്മം തമിഴിൽ
“മറുപിറവി “എന്ന പേരിൽ റീമേക്ക് ചെയ്യുകയും ദേശീയ പുരസ്ക്കാരം ലഭിക്കുകയുമുണ്ടായി.
ഈ അനുഭവകഥ മഞ്ഞിലാസിനു സംഭാവന ചെയ്ത ഡോ: എ.ടി. കോവൂർ 1978 സെപ്തംബർ 18-ന് അന്തരിച്ചു.
ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മദിനം ..
ഒരു മന:ശാസ്ത്രജ്ഞനും യുക്തിവാദിയുമായ ഡോ: എ ടി കോവൂരിന്റെ കേസ് ഡയറിയിൽ നിന്നെടുത്ത ഒരൊറ്റ കഥകൊണ്ട് തന്നെ മലയാളചലച്ചിത്രരംഗത്ത് വൻ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞത് ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ വലിയ അതിശയമായി തോന്നാം.
അതുകൊണ്ടു തന്നെ ഈ ചിത്രത്തിലെ സുന്ദര ഗാനങ്ങളുടെ പേരിൽ അദ്ദേഹത്തിന് പ്രണാമമർപ്പിക്കുന്നു .