പുനര്‍ഗേഹം ഭവനപദ്ധതി: 84 കുടുംബങ്ങള്‍ക്ക് സുരക്ഷിത താവളം ഒരുങ്ങി; ഭവനസമുച്ചയം നാളെ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും

Spread the love

ആലപ്പുഴ : മത്സ്യത്തൊഴിലാളികള്‍ക്കുള്ള സുരക്ഷിത ഭവന പദ്ധതി പൂർത്തിയായി. സംസ്ഥാന സർക്കാരിന്റെയും ഫിഷറീസ് വകുപ്പിന്റെയും സ്വപ്നപദ്ധതിയായ ‘പുനർഗേഹം’ പദ്ധതിയിലൂടെ നിർമ്മിച്ച ‘സഫലം’ ഭവനസമുച്ചയം നാളെ പുറക്കാട് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കടലാക്രമണ ഭീഷണിയില്‍ കഴിഞ്ഞിരുന്ന നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സുരക്ഷിത ഇടം ഒരുക്കുന്നതിനൊപ്പം, ആധുനികമായ ജീവിതസൗകര്യങ്ങളും അന്തസ്സുറ്റ നിലനില്‍പ്പും ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം. മഴക്കാലത്ത് പുറക്കാട്ടെ ഓരോവീടും ദുരിതത്തിലാണ്. കടല്‍ കയറി വരുമോയെന്ന ഭീതിയില്‍ വീട്ടുപകരണങ്ങള്‍ കെട്ടിപ്പെറുക്കി ക്യാമ്പുകളിലേക്ക് ഓടിയിരുന്ന ദുരിതകാലത്തിനാണ് ഇതോടെ വിരാമമാകുന്നത്.

video
play-sharp-fill

പദ്ധതി പൂർണ്ണമായി നടപ്പിലാകുന്നതോടെ കടലാക്രമണത്തിന്റെ ഭീഷണിയില്‍ കഴിയുന്ന ഒട്ടനവധി കുടുംബങ്ങള്‍ക്ക് ശാശ്വതമായ ഒരു അഭയസ്ഥാനം കൈവരും. നാളെ ഉച്ചയ്ക്ക് 2.30ന് മണ്ണുംപുറം ഫ്ലാറ്റ് സമുച്ചയ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി സജി ചെറിയാൻ ഫ്ലാറ്റുകളുടെ താക്കോല്‍ദാനം നിർവ്വഹിക്കും. എച്ച്‌. സലാം എം.എല്‍.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.