പുൽവാമ ഭീകരാക്രമണം: കൊല്ലപ്പെട്ട മലയാളി ജവാൻ വി.വി.വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം; ഭാര്യയ്ക്ക് വെറ്റിനറി സർവകലാശാലയിൽ   സ്ഥിര നിയമനം; കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് പൂർണമായി സർക്കാർ വഹിക്കുന്നതോടൊപ്പം പുതിയ വീടും  സർക്കാർ നിർമ്മിച്ചു നൽകും

പുൽവാമ ഭീകരാക്രമണം: കൊല്ലപ്പെട്ട മലയാളി ജവാൻ വി.വി.വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം; ഭാര്യയ്ക്ക് വെറ്റിനറി സർവകലാശാലയിൽ സ്ഥിര നിയമനം; കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് പൂർണമായി സർക്കാർ വഹിക്കുന്നതോടൊപ്പം പുതിയ വീടും സർക്കാർ നിർമ്മിച്ചു നൽകും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കശ്മീരിലെ പുൽവാമയിൽ ഭീകരരുടെ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാൻ വി.വി.വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ജോലിയും നൽകാൻ മന്ത്രിസഭായോഗ തീരുമാനം. ജവാന്മാർക്കു നേരെയുണ്ടായ അത്യന്തം ഹീനമായ ഭീകരാക്രമണത്തെ മന്ത്രിസഭായോഗം അപലപിച്ചു. വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യോഗം പങ്കുചേർന്നു.
ഭീകരപ്രവർത്തനങ്ങളെ കരുത്തോടെ നേരിടുന്നതിനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിനും ഒറ്റക്കെട്ടായി നിൽക്കണമെന്ന് യോഗം ജനങ്ങളോട് അഭ്യർത്ഥിച്ചു. ആക്രമണത്തിൽ വീരമൃത്യു വരിച്ച വയനാട് സ്വദേശി വി.വി. വസന്തകുമാറിന്റെ കുടുംബത്തെ സഹായിക്കാൻ താഴെ പറയുന്ന തീരുമാനങ്ങൾ എടുത്തു.

  1. വസന്തകുമാറിന്റെ ഭാര്യയ്ക്ക് ഇപ്പോൾ താൽക്കാലിക തസ്തികയിൽ ജോലി ചെയ്യുന്ന വെറ്ററിനറി സർവകലാശാലയിൽ സ്ഥിരം നിയമനം നൽകും.
  2. വസന്തകുമാറിന്റെ ഭാര്യയ്ക്ക് സഹായധനമായി 15 ലക്ഷം രൂപ അനുവദിക്കും.
  3. ഇതിനു പുറമെ വസന്തകുമാറിന്റെ മാതാവിന് 10 ലക്ഷം രൂപ അനുവദിക്കും.
  4. വസന്തകുമാറിന്റെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് പൂർണമായി സർക്കാർ വഹിക്കും.
  5. വസന്തകുമാറിന്റെ കുടുംബത്തിന് പുതിയ വീട് നിർമ്മിച്ചു നൽകും.

മറ്റുതീരുമാനങ്ങൾ:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊട്ടിയൂർ റെയിഞ്ചിന്റെ പരിധിയിലുള്ള നരിക്കടവിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ബിജു അഞ്ചാനിക്കലിന്റെ വിധവ കത്രീനയ്ക്ക് ആറളം വൈൽഡ് ലൈഫ് ഡിവിഷനിലെ നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷനിൽ പാർട്ടൈം സ്വീപ്പറുടെ തസ്തികയിൽ നിയമനം നൽകാൻ തീരുമാനിച്ചു.

താഴെപ്പറയുന്ന ഓർഡിനൻസുകൾ പുനർവിളംബരം ചെയ്യാൻ തീരുമാനിച്ചു

  1. 2018-ലെ കേരള സർവ്വകലാശാല (സെനറ്റിന്റെയും സിൻഡിക്കേറ്റിന്റെയും താൽക്കാലിക ബദൽ ക്രമീകരണം) ഓർഡിനൻസ്.
  2. 2018-ലെ കേരള വെറ്ററിനറിയും ജന്തുശാസ്ത്രങ്ങളും സർവ്വകലാശാല (ഭേദഗതി) ഓർഡിനൻസ്.
  3. 2018-ലെ കേരള സഹകരണ ആശുപത്രി കോംപ്ലക്സും അക്കാഡമി ഓഫ് മെഡിക്കൽ സയൻസസും (മാനേജ്മെന്റും ഭരണനിർവ്വഹണവും ഏറ്റെടുക്കൽ) ഓർഡിനൻസ്.
  4. 2018-ലെ കേരള മദ്രസ്സാധ്യാപക ക്ഷേമനിധി ഓർഡിനൻസ്.
  5. 2018-ലെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (വഖഫ് ബോർഡിന്റെ കീഴിലുള്ള സർവ്വീസുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) ഓർഡിനൻസ്.
  6. 2018-ലെ മദ്രാസ് ഹിന്ദുമത ധർമ്മ എൻഡോവ്മെന്റുകൾ (രണ്ടാം ഭേദഗതി) ഓർഡിനൻസ്.
  7. കേരള പ്രിൻവെൻഷൻ ഓഫ് ഡാമേജ് ടു പ്രൈവറ്റ് പ്രോപ്പർട്ടി ആൻഡ് പെയ്മെന്റ് ഓഫ് കോമ്പൻസേഷൻ ഓർഡിനൻസ്, 2019.
  8. 2019-ലെ കേരള പൊലീസ് (ഭേദഗതി) ഓർഡിനൻസ്.
  9. 2019ലെ പ്രവാസി കേരളീയരുടെ ക്ഷേമ (ഭേദഗതി) ഓർഡിനൻസ്.