
കൊച്ചി: യുവനടി ആക്രമിക്കുന്നതിന് മുമ്പ് പൾസർ സുനി ശ്രീലക്ഷ്മി എന്ന് പേരുളള യുവതിയുമായി ഫോണിൽ സംസാരിച്ചുവെന്നും ഈ സ്ത്രീക്ക് ഈ കൃത്യത്തെപ്പറ്റി അറിയാമായിരുന്നോ എന്നതിന് പോലും പ്രൊസിക്യൂഷന് കൃത്യമായ വിശദീകരണമില്ലെന്നും കോടതി.
ഈ സ്ത്രീയെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ലെന്നും കോടതി ചോദിച്ചു. നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന്റെ വീഴ്ചകൾ എണ്ണിപ്പറയുന്നതിനിടെയാണ് നിർണായകമായ ചോദ്യങ്ങൾ കോടതി ഉന്നയിച്ചത്.
ദിലീപടക്കമുള്ള പ്രതികൾക്കെതിരായ ആരോപണങ്ങൾക്കുമപ്പുറത്ത് വിശ്യാസ യോഗ്യമായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്നാണ് വിമർശനം. നടിയെ ആക്രമിച്ച കേസിൽ ആറുപ്രതികളെ ശിക്ഷിക്കുകയും നടൻ ദിലീപടക്കം നാലുപേരെ വെറുതെവിടുകയും ചെയ്ത വിധിന്യായത്തിലാണ് കോടതി പ്രോസിക്യൂഷൻ വീഴ്ചകൾ വിശദീകരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്വട്ടേഷൻ കൊടുത്ത മാഡം എന്നൊരാൾ ഉണ്ടോ എന്നുപോലും കോടതിമുറിയിൽ കൃത്യമായ ഉത്തരം നൽകാനായില്ല. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി വിശ്വാസ യോഗ്യമല്ല എന്നുതന്നെയാണ് വിധി ന്യായത്തിലുള്ളത്.
സ്ത്രീ ക്വട്ടേഷനെന്നാണ് കൃത്യം നടക്കുമ്പോൾ ഒന്നാം പ്രതി പൾസർ സുനി നടിയോട് പറഞ്ഞത്. ഇങ്ങനെയൊരു സ്ത്രീയുണ്ടോ, ഇല്ലെങ്കിൽ എന്തുകൊണ്ട് തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ മറുപടി നൽകാൻ പ്രോസിക്യൂഷന് ആയില്ലെന്നും കോടതി വ്യക്തമാക്കി.
ദീലിപും പൾസർ സുനിയും വളരെ രഹസ്യമായിട്ടാണ് ക്വട്ടേഷൻ ഗൂഡാലോചന നടത്തിയതെന്നാണ് പ്രോസിക്യൂഷൻ വാദം.
തങ്ങൾ തമ്മിലുളള ബന്ധം പുറത്തറിയാതിരിക്കാൻ ഇരുവരും ശ്രദ്ധിച്ചിരുന്നു. എന്നാൽ പൾസർ സുനിയുടെ തോളിൽ കയ്യിട്ട് നിൽക്കുന്ന ദിലീപിനെ ആലുവയിലെ വീട്ടിൽവെച്ച് കണ്ടെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി.
അവിടെനിന്ന് പണവും വാങ്ങിപ്പോകുന്ന പൾസർ സുനിയെ കണ്ടെന്നും മൊഴിയിലുണ്ടായിരുന്നു. ഇരുവരും തമ്മിലുളള ബന്ധം പരമ രഹസ്യമായിരുന്നെന്നാരോപിക്കുന്ന പ്രോസിക്യൂഷൻ തന്നെയാണ് ദിലീപിന്റെ വീട്ടിൽ വെച്ച് പൾസർ സുനിയെ കണ്ടതെന്ന ബാലചന്ദ്രകുമാറിന്റെ മൊഴിയും അവതരിപ്പിച്ചിരിക്കുന്നത്. ഇതെങ്ങനെ ഒത്തുപോകുമെന്നാണ് കോടതി ചോദിച്ചു.



