
കോട്ടയം: പോളിയോ വൈറസ് നിർമാർജനം ലക്ഷ്യമിട്ടു നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി കോട്ടയം ജില്ലയില്‍ ഇന്ന് നടക്കും.
ജില്ലാതല ഉദ്ഘാടനം രാവിലെ 8.30 ന് ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ സഹകരണം- തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. ഏറ്റുമാനൂർ നഗരസഭാ അധ്യക്ഷ ലൗലി ജോർജ്ജ് അധ്യക്ഷത വഹിക്കും.
അഞ്ചു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾക്കാണ് പോളിയോ പ്രതിരോധ തുള്ളി മരുന്ന് നൽകുന്നത്. സ്കൂളുകൾ, അങ്കണവാടികൾ, വായനശാലകൾ, സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലെ ബൂത്തുകൾ രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചു വരെ പ്രവർത്തിക്കും. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, ബോട്ടു ജെട്ടികൾ എന്നിവിടങ്ങളിലെ ട്രാൻസിറ്റ് ബൂത്തുകളും ഈ സമയത്ത് പ്രവർത്തിക്കും.
അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ മൊബൈൽ ബൂത്തുകള്‍ ഒക്ടോബർ 12, 13, 14 തീയതികളിൽ പ്രവർത്തിക്കും.
ഇന്ന് ബൂത്തുകളിൽ തുള്ളി മരുന്നു നൽകാൻ കഴിയാത്ത കുഞ്ഞുങ്ങൾക്ക് ഒക്ടോബർ 13, 14 തീയതികളിൽ വോളണ്ടിയര്‍മാര്‍ വീടുകളിലെത്തി നൽകും.
ജില്ലാതല ഉദ്ഘാടനച്ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്യ രാജൻ, നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബീന ഷാജി, നഗരസഭാഗം രശ്മി ശ്യം, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ പ്രിയ, ആർ. സി.എച്ച് ജില്ലാ ഓഫീസർ ഡോ. ബി.കെ. പ്രസീദ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ബബ് ലു റാഫേൽ, ഡി. പി. എച്ച്. എൻ ഇൻചാർജ്ജ് ഓഫീസർ എം. നാൻസി, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ആർ. ദീപ, റോട്ടറി ക്ലബ് പ്രസിഡന്റ് സിറിയക് ലൂക്ക് എന്നിവർ പങ്കെടുക്കും.