
കോട്ടയം ∙ മെഡിക്കൽ കോളജിലെ ശുചിമുറി കെട്ടിടം തകർന്നതത്തോടെ പുതുപ്പള്ളി മാത്യു കൊലക്കേസ് വിചാരണയെ പ്രതികൂലമായി ബാധിച്ചു. പഴയ സർജിക്കൽ ബ്ലോക്കിലായിരുന്നു കേസിനാസ്പദമായ രേഖകൾ സൂക്ഷിച്ചിരുന്നത്. എന്നാൽ, കെട്ടിടം തകർന്നു അപകടം സംഭവിച്ചതോടെ ചികിത്സ രേഖകൾ പുതിയ കെട്ടിട സമുച്ചയത്തിലേക്കു മാറ്റിയെന്നും രേഖ കണ്ടെത്തി ഹാജരാക്കാൻ സമയം വേണമെന്നും മെഡിക്കൽ കോളജ് അധികൃതർ ആവശ്യപ്പെടുകയായിരുന്നു.
കെട്ടിടം തകർന്നതിനാൽ രേഖ ഹാജരാക്കാൻ കൂടുതൽ സമയം തേടി മെഡിക്കൽ കോളജ് അധികൃതർ കോട്ടയം അഡിഷനൽ ഡിസ്ട്രിക്ട് കോടതി രണ്ടിൽ അപേക്ഷയും നൽകി. രേഖകൾ ഹാജരാക്കാൻ 25 വരെ കോടതി സമയം നൽകി. കേസ് 25നു വീണ്ടും പരിഗണിക്കും. പ്രതി റോസന്ന ചികിത്സ തേടിയ മെഡിക്കൽ കോളജിലെ രേഖകൾ ഹാജരാക്കണമെന്നു കോടതി നിർദേശമുണ്ടായിരുന്നു.
2021 ഡിസംബർ 14നാണ് കേസിനാസ്പദമായ സംഭവം. പുതുപ്പള്ളി പെരുങ്കാവ് പടനിലത്ത് മാത്യു ഏബ്രഹാം (കൊച്ച്-48) ആണു കൊല്ലപ്പെട്ടത്. ഭാര്യ റോസന്ന (45) ആണു പ്രതി. പ്രായപൂർത്തിയാകാത്ത മകന്റെ മുന്നിലിട്ടാണ് മാത്യുവിനെ കൊലപ്പെടുത്തിയത്. ശിശുസംരക്ഷണ സമിതിയുടെ മേൽനോട്ടത്തിലായിരുന്ന കുട്ടി ബന്ധുക്കളുടെ സംരക്ഷണയിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രോസിക്യൂഷൻ വാദം കഴിഞ്ഞമാസം പൂർത്തിയായി. പ്രോസിക്യൂഷനുവേണ്ടി അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർ സിറിൽ തോമസ് പാറപ്പുറം ഹാജരായി. റോസന്ന ഇപ്പോഴും ജയിലിലാണ്. റോസന്ന അറസ്റ്റിലായ സമയത്തെ സ്റ്റേഷനിലെ രേഖകൾക്കും റോസന്ന ജയിലിൽ കിടന്ന സമയം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനു ചികിത്സയിൽ കഴിഞ്ഞ ആശുപത്രി രേഖകളും പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടതോടെ വിചാരണ നീളുകയാണ്. സ്റ്റേഷനിലെ രേഖകൾ പൊലീസ് കഴിഞ്ഞ ദിവസം ഹാജരാക്കി