തൃശ്ശൂരിൽ ഇന്ന് പുലിക്കളി; മേളത്തിനൊപ്പം ചുവട് വെച്ച് അരമണി കിലുക്കിയിറങ്ങുന്നത് 300ഓളം പുലികൾ
തൃശ്ശൂർ : ഓണാഘോഷത്തിന്റെ കലാശക്കൊട്ടുമായി തൃശ്ശൂർ നഗരത്തിൽ ഇന്ന് പുലികളി. നഗരത്തിൽ പുലികളിറങ്ങാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. കാഴ്ചക്കാരെ കീഴടക്കി ഈ പുലികള്‍ മടങ്ങുന്നതോടെയാണ് തൃശൂരിന്റെ ഓണത്തിന് സമാപനമാവുന്നത്.
വൈകിട്ട് നാല് മണി മുതലാണ് പുലിക്കളി ആരംഭിക്കുക. ഇത്തവണ ആറ് ടീമുകളിലായി ഏകദേശം 300 പുലികളാണ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കുക. കൂട്ടത്തിൽ 3 പെണ്‍പുലികളുമുണ്ട്. ആദ്യ പുലിക്കളിസംഘത്തെ 4.30ന് ബിനി ജംക്ഷനില്‍ ഫ്ലാഗ് ഓഫ് ചെയ്യും. പാലസ് റോഡിലൂടെ ഒരു സംഘവും ബാക്കി നാലു സംഘങ്ങള്‍ എംജി റോഡിലൂടെയും വന്നു സ്വരാജ് റൗണ്ടില്‍ പ്രവേശിക്കും.
ആറു ദേശങ്ങളാണ് ഇക്കുറി രംഗത്തുള്ളത്. നേരത്തെ 10 ദേശങ്ങള്‍ ഉണ്ടായിരുന്നതാണ്. സംഘങ്ങള്‍ കുറഞ്ഞെങ്കിലും പരമാവധിപ്പേരെ ഓരോ ദേശവും രംഗത്തിറക്കിയിരിക്കുന്നതിനാല്‍ പുലികളുടെ എണ്ണത്തില്‍ കുറവു വരില്ല. 35 മുതല്‍ 51 വരെയാണ് ഓരോ സംഘത്തിനും അനുവദിച്ചിരിക്കുന്ന പുലികളുടെ എണ്ണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് പുലർച്ചെ തന്നെ പുലികൾ ദേഹത്ത് ചായം പൂശാനായി ഒരുക്കങ്ങൾ തുടങ്ങി. ഏറെ സമയം എടുത്താണ് പുലികളെ ഒരുക്കിയെടുക്കുന്നത്. ദേഹത്ത് ചായം പൂശുന്നതാണ് ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടം. അമ്മിക്കല്ലില്‍ അരച്ചുള്ള ചായമാണ് പുലികളുടെ ദേഹത്ത് പൂശുക. പുലികളുടെ ഒരുക്കം കാണാനും അവരുടെ കളി കാണാനും ഒട്ടേറെ വിദേശ സഞ്ചാരികളും തൃശൂരിലെത്തിയിട്ടുണ്ട്. കൂട്ടത്തിൽ കുടവയറുള്ള പുലികൾക്ക് ഡിമാൻഡേറും. കുടവയറില്‍ ചിത്രകലയുടെ നിറവുകൂടിയാകുമ്പോള്‍ പുലിമുഖം വയറ്റിലാകും.
ഓരോ ദേശത്തിനും ടാബ്ലോ അടക്കം 12 ലക്ഷം രൂപ വരെയാണ് ചെലവ്. ഒന്നര ലക്ഷം രൂപ കോര്‍പറേഷന്‍ നല്‍കും. പുലിയെ ഒരുക്കാന്‍ 3000 രൂപ വരെ ചെലവു വരും. മുഖംമൂടിക്കു തന്നെ വേണം 1200 രൂപ.
ഉച്ച മുതല്‍ തന്നെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ആരംഭിച്ചു. ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 10 വരെയാണ് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാഹനങ്ങള്‍ സ്വരാജ് റൗണ്ടിലേക്ക് കയറുന്നതിന് തടസമുണ്ട്. വന്‍ പോലീസ് സന്നാഹമാണ് നഗരത്തില്‍ നിയന്ത്രണത്തിനായി ഒരുക്കിയിരിക്കുന്നത്.