
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; വികസനത്തിന്‍റെ കണക്ക് നിരത്തിയും പ്രതിപക്ഷത്തെ കടന്നാക്രമിച്ചും മുഖ്യമന്ത്രി; മാസപ്പടി വിഷയത്തില്‍ മൗനം; കെ ഫോണും, വാട്ടര്‍ മെട്രോയും അടക്കം പരാമര്‍ശിച്ച മുഖ്യമന്ത്രി കെ റെയിലിനെ കുറിച്ച് ഒന്നും മിണ്ടിയില്ല; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ റബര്‍ കര്‍ഷകരോട് കാണിക്കുന്ന കടുത്ത അവഗണനയ്ക്കെതിരായ ജനവിധി കൂടിയായിരിക്കും പുതുപ്പള്ളിയിലേതെന്ന് ഓർമ്മപ്പെടുത്തി സുധാകരൻ
സ്വന്തം ലേഖകൻ
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലം മണ്ഡലത്തിലെത്തി. മൂന്ന് പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. വികസനത്തിന്‍റെ കണക്ക് നിരത്തിയും പ്രതിപക്ഷത്തെ കടന്നാക്രമിച്ചും മുഖ്യമന്ത്രി രംഗത്തെത്തിയതോടെ റബര്‍ വില 250 ആക്കാമെന്ന ഇടതുമുന്നണി പ്രകടന പത്രികയിലെ വാഗ്ദാനം ചോദ്യം ചെയ്ത് കെ പി സി സി അധ്യക്ഷനും രംഗത്തെത്തി.
അതിനിടെ ചാണ്ടി ഉമ്മൻ – ജെയ്ക് സി തോമസ് നേര്‍ക്കുനേര്‍ സംവാദത്തിനും കളമൊരുങ്ങുകയാണ്. വികസന കാര്യത്തില്‍ ചര്‍ച്ചയ്ക്കുണ്ടോയെന്ന ജെയ്ക്കിന്‍റെ വെല്ലുവിളി ഏറ്റെടുത്ത ചാണ്ടി ഉമ്മൻ, ഉമ്മൻ ചാണ്ടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിയെണ്ണി പറയാനുണ്ടെന്നും പറഞ്ഞു. ജെയ്ക്കിന്‍റെ മറുപടി കൂടി വന്നാല്‍ സംവാദത്തിന്‍റെ സമയവും സ്ഥലവും മാത്രം തീരുമാനിച്ചാല്‍ മതിയാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂരോപ്പട പഞ്ചായത്തില്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ ഇന്നലെ സംസാരിക്കവെ മുഖ്യമന്ത്രി വികസനത്തിന്‍റെ കണക്ക് നിരത്തിയും പ്രതിപക്ഷത്തെ കടന്നാക്രമിക്കുകയുമായിരുന്നു. മാസപ്പടി വിഷയത്തില്‍ മൗനം തുടര്‍ന്ന അദ്ദേഹം വികസന നേട്ടങ്ങളില്‍ ഊന്നി നിന്നാണ് സംസാരിച്ചത്. കെ ഫോണും, വാട്ടര്‍ മെട്രോയും അടക്കം പരാമര്‍ശിച്ച പ്രസംഗത്തില്‍ കെ റെയിലിനെ കുറിച്ചും അദ്ദേഹം മിണ്ടിയില്ല.
സംസ്ഥാനത്ത് ഓണത്തിനെ പറ്റി വലിയ അങ്കലാപ്പ് ഉണ്ടാക്കാനുള്ള ശ്രമം നടന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഓണം വറുതിയുടെയും ഇല്ലായ്മയുടെയുമാകുമെന്ന് വ്യാപകമായ പ്രചാരണം നടന്നു. എന്നാലത് ജനം സ്വീകരിച്ചില്ല. പല പ്രതിസന്ധികളിലൂടെ സംസ്ഥാനം കടന്നു പോവുകയാണ്. ഒരു ഘട്ടത്തിലും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ സഹായിക്കുന്നില്ല. ഓണം വല്ലാത്ത ഘട്ടത്തിലാണ് എത്തിയത്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ സാമ്പത്തികമായി ഞ്ഞെരുക്കാൻ ശ്രമിക്കുന്നു. കേരളത്തെ അവഗണിക്കുകയും പകപോക്കല്‍ നടത്തുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
കേരളത്തില്‍ ആറ് ലക്ഷത്തിലധികം പേര്‍ക്ക് ഓണക്കാലത്ത് കിറ്റുകള്‍ കൊടുത്തു. കിറ്റിനെ എപ്പോഴും ഭയപ്പെടുന്ന ഒരു കൂട്ടര്‍ ഇവിടെയുണ്ട്. ഇവിടെ ആരുടെയും പടം വച്ച് കിറ്റ് കൊടുക്കേണ്ട സാഹചര്യമില്ല. അത്തരമൊരു പ്രചരണ രീതി ഇവിടെ വേണ്ടിവരില്ല. ഓണക്കാലത്ത് സപ്ലൈകോയ്ക്ക് എതിരെ പലരും പ്രചാരണം നടത്തി. എന്നാല്‍ എല്ലാ സപ്ലൈകോ വിപണന കേന്ദ്രങ്ങളും ജനത്തിന് ഉപകാരമായി മാറി. എന്തിനാണ് ഇങ്ങനെ കള്ളപ്രചാരണം നടത്തുന്നത്.
ഈ കൂട്ടര്‍ക്ക് നാണം ഇല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. യുഡിഎഫ് കാലത്ത് നിര്‍ത്തിവച്ച് പോയ വികസന പദ്ധതികള്‍ എല്‍ഡിഎഫ് നടപ്പിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ വികസന പദ്ധതികളുടെ എണ്ണം കൂടിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ഐടി മേഖല മെച്ചപ്പെട്ടുവെന്നും കയറ്റുമതി വര്‍ധിച്ചുവെന്നും കമ്ബനികളുടെ എണ്ണം കൂടിയെന്നും പറഞ്ഞ അദ്ദേഹം ഇതിലൂടെ തൊഴിലവസരങ്ങളും വര്‍ധിച്ചുവെന്നും ചൂണ്ടിക്കാട്ടി.
ഇടതുമുന്നണിയുടെ പ്രകടന പത്രികയിലുള്ള റബറിന് 250 രൂപ ഉറപ്പാക്കുമെന്ന മോഹന വാഗ്ദാനം പാലിച്ചാല്‍ മാത്രം റബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് കെ സുധാകരന്‍ പ്രസ്താവനയിലൂടെ ചൂണ്ടികാട്ടിയത്. ഇതു പാലിച്ചില്ലെന്നു മാത്രമല്ല, വിലസ്ഥിരതാ ഫണ്ട് വരെ അട്ടിമറിച്ച് കര്‍ഷകരെ മുച്ചൂടും വഞ്ചിക്കുകയും ചെയ്തു. റബര്‍ വില കിലോയ്ക്ക് 300 രൂപയാക്കുമെന്നു വാഗ്ദാനം ചെയ്ത ബിജെപിയുടെ പൊടിപോലും കാണാനില്ല.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ റബര്‍ കര്‍ഷകരോട് കാട്ടുന്ന കടുത്ത അവഗണനയ്ക്കെതിരായ ജനവിധി കൂടിയായിരിക്കും പുതുപ്പള്ളിയിലേതെന്നും കെപിസിസി അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ രൂപം കൊടുത്ത റബര്‍ വില സ്ഥിരതാ ഫണ്ട് പിണറായി സര്‍ക്കാര്‍ അട്ടിമറിച്ചു. റബര്‍ വിലസ്ഥിരതാ ഫണ്ടിലേക്ക് 2022-23 വര്‍ഷം 500 കോടി രൂപ വകയിരുത്തിയിട്ട് ചെലവാക്കിയതാകട്ടെ 50 കോടി രൂപയില്‍ താഴെ മാത്രമാണ്. വര്‍ഷംതോറും ബജറ്റില്‍ കോടികള്‍ എഴുതി ചേര്‍ക്കുന്നതല്ലാതെ ഫലത്തില്‍ ഒരു പ്രയോജനവും കര്‍ഷകനില്ല.
സംസ്ഥാനത്ത് 15 ലക്ഷത്തിലധികം റബ്ബര്‍ കര്‍ഷക കുടുംബങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ സര്‍ക്കാരുകള്‍ കാട്ടുന്നത് ഗുരുതര അലംഭാവമാണ്. ഇക്കാര്യം മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ വന്ന് ആസിയന്‍ കരാറിനെക്കുറിച്ചൊക്കെ വാചാടോപം നടത്തിയതെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി. അധികാരങ്ങള്‍ വെട്ടിച്ചുരുക്കിയ റബര്‍ ബോര്‍ഡ് വെറും നോക്കുകുത്തിയായി. അറബറിന്റെ നിയന്ത്രണം സമ്പൂര്‍ണ്ണമായി വാണിജ്യ മന്ത്രാലയത്തിന്റെ കൈകളിലേക്ക് മാറ്റം ചെയ്യപ്പെടുന്ന 2023 റബര്‍ ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ പ്രതിഷേധിക്കാന്‍ പോലും തയ്യാറാകാതെ കൈകെട്ടി നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
റബര്‍ കര്‍ഷകര്‍ക്ക് വേണ്ടി ശബ്ദിക്കേണ്ട കേരള കോണ്‍ഗ്രസ് എം സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്ക് കുടപിടിക്കുകയാണ്. കര്‍ഷകരെ വര്‍ഗ ശത്രുക്കളായി കാണുന്നതാണ് കമ്യൂണിസ്റ്റ് സിദ്ധാന്തം. നെല്‍സംഭരിച്ചതിന്റെ പണം കിട്ടാതെ കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ ഓണനാളില്‍ പട്ടിണി സമരത്തിലായിരുന്നു. റബര്‍ ഉള്‍പ്പെടെയുള്ള കര്‍ഷകരോട് എന്നും കരുണ നിറഞ്ഞ നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും റബര്‍ വില സ്ഥിരതാ ഫണ്ട് ഇക്കാര്യം അടിവരയിടുന്നുവെന്നും സുധാകര്‍ പറഞ്ഞു.