
പകര്‍ച്ചവ്യാധി പ്രതിരോധത്തിന് പൊതുജനാരോഗ്യ നിയമം കര്‍ശനമാക്കണം ; ആരോഗ്യ ജാഗ്രതാ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം ; മഴക്കാലപൂര്‍വ ശുചീകരണം: മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു
തിരുവനന്തപുരം: ആരോഗ്യ ജാഗ്രതാ കലണ്ടര്‍ പ്രകാരം പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ ജാഗ്രതാ കലണ്ടര്‍ പ്രകാരം കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ജില്ലകള്‍ ഉറപ്പാക്കണം. ഫീല്‍ഡ്തലത്തിലും ജില്ലാതലത്തിനും സംസ്ഥാനതലത്തിലും കൃത്യമായി പ്രവര്‍ത്തനങ്ങള്‍ നടത്തണം. പൊതുജനാരോഗ്യ സമിതികള്‍ യോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കണം. പൊതുജനരോഗ്യ നിയമ പ്രകാരം പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ശക്തമായ നടപടികള്‍ സ്വീകരിക്കണം.
നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളും ശ്രദ്ധിക്കണം. കഠിനമായ ചൂടും തുടര്‍ന്നുണ്ടാകാന്‍ സാധ്യതയുള്ള ഇടവിട്ടുള്ള മഴയും കാരണം പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അത് മുന്നില്‍ കണ്ട് പകര്‍ച്ചവ്യാധി പ്രതിരോധം ശക്തമാക്കാന്‍ മന്ത്രി ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി. ആശുപത്രികള്‍ സജ്ജമായിരിക്കണം. മരുന്ന് ലഭ്യത ഉറപ്പാക്കാനും നിര്‍ദേശം നല്‍കി. മഴക്കാലപൂര്‍വ ശുചീകരണവും പകര്‍ച്ചവ്യാധി പ്രതിരോധവും സംബന്ധിച്ച ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
വെള്ളത്തിന്റെ ക്ഷാമം ഉണ്ടാകുമ്പോള്‍ വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം, ടൈഫോയിഡ് തുടങ്ങിയവ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഹെപ്പറ്റൈറ്റിസ് എ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സമൂഹസദ്യകള്‍ നല്‍കുന്നവര്‍ ഉള്‍പ്പെടെ ശുദ്ധമായ ജലം ഉപയോഗിക്കേണ്ടതാണ്. തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്. ശീതള പാനീയങ്ങള്‍ വില്‍ക്കുന്നവരും ഹോട്ടലുകളും പ്രത്യേകം ശ്രദ്ധിക്കണം. പരിശോധനകള്‍ ശക്തമാക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജലദോഷം, ചുമ, വൈറല്‍ പനി, ഇന്‍ഫ്‌ളുവന്‍സ- എച്ച്.1 എന്‍.1, ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങള്‍ എന്നിവ ഇപ്പോഴും പല സ്ഥലങ്ങളിലും കാണുന്നുണ്ട്. മൂന്ന് ദിവസത്തിലധികം നീണ്ട് നില്‍ക്കുന്ന പനിയോ അപായ സൂചനകളോ കണ്ടാല്‍ എന്തായാലും വിദഗ്ധ ചികിത്സ തേടണം. പനിയോ വയറിളക്കമോ ഉള്ളവര്‍ ധാരാളം വെള്ളവും പാനീയങ്ങളും കുടിക്കണം.
പല സ്ഥലങ്ങളിലും ഇടവിട്ട് മഴ പെയ്യുന്നതിനാല്‍ ഡെങ്കിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണം. വെള്ളം കെട്ടിനില്‍ക്കുന്ന ഏത് വസ്തുവിലും കൊതുക് മുട്ടയിടുമെന്നതിനാല്‍ സാധനങ്ങള്‍ പുറത്തേക്ക് വലിച്ചെറിയരുത്. പൊതുസ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കണം. തദ്ദേശ സ്ഥാപനങ്ങളും റെസിഡന്‍സ് അസോസിയേഷനുകളും ശ്രദ്ധിക്കണം. കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ വ്യക്തിഗത മുന്‍കരുതലുകള്‍ സ്വീകരിക്കണം. വെള്ളം പാത്രങ്ങളില്‍ ശേഖരിച്ച് വയ്ക്കുന്നവര്‍ കൊതുക് വളരാതെ മൂടി വയ്ക്കണം.
പല ജില്ലകളിലും എലിപ്പനി കാണുന്നുണ്ട്. എലിപ്പനിയ്‌ക്കെതിരെ ജാഗ്രത പുലര്‍ത്തണം. മലിനജലത്തില്‍ ജോലി ചെയ്യേണ്ടി വരുന്നവരും ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടേണ്ടി വരുന്നവരും ആഴ്ചയില്‍ ഒരിക്കല്‍ ഡോക്‌സിസൈക്ലിന്‍ 100 മില്ലീ ഗ്രാമിന്റെ രണ്ട് ഗുളിക ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം നിര്‍ബന്ധമായും കഴിക്കേണ്ടതാണ്. വേനല്‍ക്കാലത്ത് ജലസ്രോതസുകളില്‍ വെള്ളം മലിനമാകാന്‍ സാധ്യതയുള്ളതിനാല്‍ അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും ശ്രദ്ധിക്കണം.
സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലി സമയം ക്രമീകരിക്കണം. ശരീരത്തിലെ ജല നഷ്ടത്തിലൂടെ നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗം. ശാരീരിക അസ്വസ്ഥകളോ ബുദ്ധിമുട്ടുകളോ ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.