വെട്ടിമുറിച്ചിട്ടാലും വേറിട്ട വഴി മാറ്റാത്ത ഭഗത് സിംഗിന്റെ പിന്‍തലമുറയാണ് താന്‍ എന്ന് ജയനാഥ് ഐ പി എസ് ;അടൂർ പൊലീസ് കാന്റീനിലെ കള്ളന്മാർ ഡിപ്പാർട്മെന്റിൽ തന്നെ എന്ന് വിളിച്ചു പറഞ്ഞു ; പിന്നീട് അനുഭവിക്കേണ്ടി വന്നത് കടുത്ത മാനസിക പീഡനം ; കാക്കിക്കുള്ളിലെ ഉൾപ്പോരുകൾ പുറത്താകുന്നു
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ഡിജിപി ഉത്തരവുകൾ പോലും കാര്യമുണ്ടെങ്കിൽ ചോദ്യം ചെയ്യുന്ന ജയനാഥ് ഐപിഎസിനെതിരെ ഇപ്പോൾ നടപടിക്കൊരുങ്ങുന്നത് അച്ചടക്ക ലംഘനങ്ങളുടെ പേരിലാണ്. ആടൂര്‍ ബറ്റാലിയനിലെ പൊലീസുകാര്‍ക്ക് ഇലക്ഷന്‍ യാത്രാ ബത്ത നല്‍കാന്‍ വൈകിയത് ചൂണ്ടിക്കാണിച്ചതും അടൂർ കാന്റീൻ ക്രമക്കേട് കണ്ടെത്തിയതും അച്ചടക്ക നടപടിയെന്ന് പരോക്ഷമായി കുറ്റപ്പെടുത്തി ജയനാഥ് വിശദീകരണം നല്‍കിയതായാണ് സൂചന.
ആംഡ് പൊലീസ് ബറ്റാലിയന്‍ ഡിഐജി എസ് പ്രകാശിനാണ് മറുപടി നല്‍കിയത്. ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുമുണ്ട്. സോഫ്റ്റ് വെയര്‍ തകരാറു മൂലമാണ് യാത്രാ ബത്ത നല്‍കാന്‍ വൈകിയത്. ഏത് സാഹചര്യത്തിലാണ് ഇങ്ങനെ സംഭവിച്ചതെന്നും വിശദീകരിക്കുന്നു. പുതിയ സോഫ്റ്റ് വെയറില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ സ്പാര്‍ക്ക് വഴി ബില്‍ മാറാന്‍ നിര്‍ദ്ദേശിച്ചു. ഇതിനിടെ പുതിയത് മതിയെന്ന നിര്‍ദ്ദേശവും എത്തി. ഇതോടെ പൊലീസുകാരുടെ ഡാറ്റാ എന്‍ട്രിക്ക് അടക്കം കാലതാമസമുണ്ടായി. ഇതാണ് യാത്രാ ബത്ത വൈകാന്‍ കാരണമെന്നാണ് വിശദീകരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്ര പടി നല്‍കാന്‍ വൈകിയെന്ന് ആരോപിച്ച ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി അതിവിചിത്രമാണെന്ന പരിഹാസവും ഉണ്ട്. പൊലീസ് ക്യാന്റീനിലെ അഴിമതി ചൂണ്ടിക്കാട്ടിയതിന് മാനസിക പീഡനം നേരിടുന്നുവെന്ന ഗുരുതര ആരോപണവും ഈ മറുപടി കത്തിലുണ്ട്. പൊലീസ് മേധാവിയുടെ ഉത്തരവ് ലംഘിക്കണമെന്ന താങ്കളുടെ നിര്‍ദ്ദേശം പൊലീസ് ആസ്ഥാനത്ത് അറിയിക്കാനുണ്ടായ സാഹചര്യവും വിശദീകരിക്കുന്നു. യൂണിഫോം ധരിച്ചു തുടങ്ങിയ അന്നുമുതല്‍ ചെയ്ത പ്രതിജ്ഞയ്ക്ക് അനുസരിച്ചാണ് ജീവിക്കുന്നത്. നികുതി പണം കൊള്ളടിക്കാതെ സഹപ്രവര്‍ത്തകരെ അടിമകളായി കാണാതെയാണ് ജോലി ചെയ്യുന്നത്. വെട്ടിമുറിച്ചിട്ടാലും വേറിട്ട വഴി മാറ്റാത്ത ഭഗത് സിംഗിന്റെ പിന്‍തലമുറയാണ് താന്‍ എന്നും മെമോയ്ക്കുള്ള മറുപടിയില്‍ പറയുന്നു. തോല്‍പ്പിക്കില്ലെന്ന് ഉറപ്പിച്ചവനെ ജയിക്കാനാകില്ലെന്ന് പ്രകാശിനെ ഓര്‍മ്മപ്പെടുത്തുന്നുമുണ്ട്. അച്ചടക്ക നടപടികള്‍ ഈ കത്ത് വായിച്ച് അവസാനിപ്പിക്കുമെന്ന പ്രതീക്ഷയോടെയാണ് മറുപടി കത്ത് അവസാനിപ്പിക്കുന്നതെന്നാണ് സൂചന. ഏതായാലും തനിക്കെതിരെ നിലകൊള്ളുന്നത് ഡിഐജി പ്രകാശാണെന്ന് പറയാതെ പറയുകയാണ് ജയനാഥ്.
അടൂര്‍ പൊലീസ് കാന്റീനില്‍ ചെലവാകാന്‍ സാധ്യതയില്ലാത്ത 42 ലക്ഷം രൂപയുടെ സാധനങ്ങള്‍ വാങ്ങിയെന്നും 11 ലക്ഷം രൂപയുടെ സാധനങ്ങള്‍ കാണാനില്ലെന്നും ചൂണ്ടിക്കാണിച്ച് അടൂര്‍ കെഎപി കമാന്‍ഡന്റ് ജയനാഥ് ഡിജിപിക്ക് രേഖാമൂലം റിപ്പോർട്ട് സമർപ്പിച്ചിരുന്നത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
പ്രതിവര്‍ഷം 15 മുതല്‍ 20 കോടി രൂപ വരെ വില്‍പ്പന നടക്കുന്ന കേരളത്തിലെ ചെറിയ കാന്റീനുകളില്‍ ഒന്നാണ് അടൂര്‍ പൊലീസ് കാന്റീൻ. ഇവിടെ പോലും ലക്ഷങ്ങളുടെ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെങ്കില്‍ മറ്റ് കാന്റീനുകളുടെ അവസ്ഥ എന്താകുമെന്നും ജയനാഥ് ഐപിഎസ് റിപ്പോർട്ടിൽ പരാമർശിക്കുന്നു.
2018-19 വര്‍ഷത്തെ ഇടപാടുകളിലാണ് ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. കാന്റീനില്‍ നിന്ന് 11,33,777 രൂപയുടെ സാധനങ്ങള്‍ കാണാനില്ലെന്നും 224342 രൂപയുടെ കണക്കില്‍പ്പെടാത്ത സാധനങ്ങള്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസുകാര്‍ക്കിടയില്‍ നിന്ന് തന്നെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് കമാന്‍ഡന്റ് ജയനാഥ് ഐപിഎസ് പൊലീസ് മേധാവിക്ക് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്. ഉന്നത ഉദ്യോഗസ്ഥരുടെ വാക്കാല്‍ ഉള്ള നിര്‍ദ്ദേശ പ്രകാരമാണ് ഇത്തരത്തിലുള്ള വാങ്ങിക്കൂട്ടല്‍ നടന്നത്. പൊലീസ് ആസ്ഥാനത്തെ ഒരു വനിത ഉദ്യേഗസ്ഥയുടെ നിര്‍ദ്ദേശവും ഇതിന്റെ പിന്നിലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കാന്റീന്‍ പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രമായ ഓഡിറ്റിങ്ങിന് വിധേയമാക്കി, നിലവിലുള്ള കാന്റീന്‍ കമ്മിറ്റികള്‍ പൊളിച്ചെഴുതിയാല്‍ മാത്രമെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്തുകൊണ്ട് വരാന്‍ കഴിയൂ. പൊലീസിന് പുറത്തുള്ള ഏജന്‍സിയെ ഇത് സംബന്ധിച്ച അന്വേഷണം ഏല്‍പ്പിക്കണമെന്നുമാണ് റിപ്പോര്‍ട്ടിലെ ആവശ്യം.
ഡി.ജി.പി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജയനാഥില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. അത് തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി തുടരന്വേഷണത്തിനും നടപടിക്കുമായി ഐ.എ.എസ് ഉദ്യോഗസ്ഥരായ ബിശ്വനാഥ് സിന്‍ഹയുടെയും ബി. അശോകിന്റെയും നേതൃത്വത്തില്‍ ചീഫ് സെക്രട്ടറി സമിതി രൂപീകരിച്ചിരുന്നു.