പിടി തരാതെ പി.ടി 7; പിടികൂടാന്‍ ദൗത്യസംഘവും കുങ്കികളും; യൂക്കാലി കൂടൊരുക്കി കാത്തിരുപ്പ്; രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് രണ്ട് സമയത്തായി നിരീക്ഷണം

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പാലക്കാട്: ടസ്കര്‍ ഏഴാമനെ (പിടി സെവന്‍) പിടികൂടുന്നതിൻ്റെ ഭാഗമായുള്ള നിരീക്ഷണം തുടരുന്നു.

ധോണിയില്‍ ക്യാമ്പ് ചെയ്യുന്ന ദൗത്യ സംഘത്തിനും വയനാട്ടില്‍ നിന്നെത്തിയ ദൗത്യസംഘത്തിനും പുറമെ, ഒലവക്കോട് ആര്‍ആര്‍ടിയും നിരീക്ഷണത്തിന് ഒപ്പം പോകുന്നുണ്ട്. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് രണ്ട് സമയത്താണ് നിരീക്ഷണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊമ്പന്‍ ഏഴാമന്‍ ഇറങ്ങുന്ന സ്ഥലം, കാടു കയറുന്ന സ്ഥലം, ഒടുവിലത്തെ പോക്കുവരവ് എന്നിവയാണ് നിരീക്ഷിക്കുന്നത്. ദൗത്യത്തിനെത്തിയ രണ്ട് കുങ്കികളെ ‌സ്ഥലം പരിചയപ്പെടുത്തുന്ന ദൗത്യവും തുടരുകയാണ്. ഞായറാഴ്ച ധോണി വനമേഖലയിലായിരുന്നു ദൗത്യം.

വയനാട്ടില്‍ നിന്നെത്തിച്ച ആനകള്‍ക്ക് ധോണിവനമേഖല പരിചയപ്പെടുത്തി. ദൗത്യത്തിന് കുങ്കികളെ സജ്ജമാക്കലും പ്രധാനമാണ്. കൂടു നിര്‍മാണവും തുടരുന്നു.

ആറടി ആഴത്തില്‍ മണ്ണെടുത്ത്, അതില്‍ യൂക്കാലിപ്സ് മരമിട്ട്, മണ്ണിട്ട്, വെള്ളമൊഴിച്ചുറപ്പിച്ചാണ് തൂണുകള്‍ പാകുന്നത്. ആനയെ കൂട്ടിലിട്ടാല്‍ കൂട് തകര്‍ക്കാന്‍ ശ്രമിക്കും. അപ്പോള്‍, തൂണുകള്‍ അത്രയും ബലമുള്ളതാകണം. അതിനാണ് ഈ ക്രമീകരണം.

കോണ്‍ഗ്രീറ്റാട്ടാല്‍ അടിഭാഗം പൊട്ടിയേക്കാം, ഇതൊഴിവാക്കാനാണ്, മണ്ണിട്ട് വെള്ളമൊഴിച്ച്‌ ബലപ്പെടുത്തുന്നത്. 140 യൂക്കാലി മരങ്ങളാണ് കൂടു നിര്‍മാണത്തിനായി വേണ്ടത്. തൂണ് പാകി, രണ്ടു നാള്‍ കഴിഞ്ഞാലാണ് ഉറയ്ക്കുക. പിന്നാലെ മരങ്ങള്‍ ഇഴചേര്‍ത്ത് കൂടുണ്ടാക്കി തുടങ്ങും.

മയക്കുവെടി വച്ച്‌ പിടികൂടുന്ന പി.ടി സെവന്‍ കാട്ടാനയെ മുത്തങ്ങയിലെ ആനപന്തിയിലെത്തിച്ച്‌ കുങ്കിയാനയാക്കി മാറ്റാനായിരുന്നു ആദ്യ തീരുമാനം. ഇതിന്‍റെ ഭാഗമായി നാല് ലക്ഷം രൂപയോളം ചെലവാക്കി കൂടടക്കം സംവിധാനങ്ങള്‍ ഒരുക്കി.

എന്നാല്‍ ഈ തീരുമാനം പിന്നീട് പിന്‍വലിച്ചു. കാട്ടാനയുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് പാലക്കാട് തന്നെ കൂടൊരുക്കാനാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ പുതിയ ഉത്തരവ്. വേണ്ട കൂടിയാലോചനകള്‍ ഇല്ലാതെ പിന്നെ എന്തിനാണ് മുത്തങ്ങയില്‍ കൂടൊരുക്കിയത് എന്ന ചോദ്യത്തിന് വനം വകുപ്പിന് മറുപടിയില്ല.

18 അടി ഉയരമുള്ള കൂട് നിര്‍മ്മിക്കാനായി ദിവസങ്ങള്‍ നീണ്ട വനപാലകരുടെ അധ്വാനവും വെറുതെയായി.
പാലക്കാട്ടെ ദൗത്യം പൂര്‍ത്തിയാക്കി വടക്കനാട് കൊമ്പനെയും കല്ലൂര്‍ കൊമ്പനെയും മുത്തങ്ങയില്‍ തിരികെയെത്തിക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്.

ഇല്ലെങ്കില്‍ വ്യാപക പ്രതിഷേധം ഉയരുമെന്ന് ഉറപ്പാണ്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കാര്യങ്ങള്‍ പഠിക്കാതെ സ്വന്തം നിലയ്ക്ക് തീരുമാനങ്ങളെടുക്കുന്നതായി ഉദ്യോഗസ്ഥര്‍ക്കിടയില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്.