മുറിവേറ്റ് പി.ടി 5; ദേഹത്ത് ചോരയൊലിക്കുന്നതടക്കം മൂന്ന് വലിയ മുറിവുകള്‍; മറ്റു കാട്ടാനകളുടെ കുത്തേറ്റതാണെന്ന് നിഗമനം

Spread the love

പാലക്കാട്: കാഴ്ചക്കുറവിന് വനംവകുപ്പ് ചികിത്സ നല്‍കിവിട്ട പി ടി-5 കാട്ടാനയുടെ ദേഹത്ത് ചോരയൊലിക്കുന്നതടക്കം മൂന്ന് വലിയ മുറിവുകള്‍.

കാട്ടില്‍ മറ്റ് ആനകളുടെ കുത്തേറ്റതായിരിക്കാമെന്നാണ് നിഗമനം.
ഇടത് മുൻകാലിനു മുകളിലുള്ള മുറിവില്‍ നിന്ന് ചൊവ്വാഴ്ച ചോരയൊലിക്കുന്നുണ്ടായിരുന്നു. ഇതിനുപുറമേ ആനയുടെ ദേഹത്ത് ചെറുതും വലുതുമായ മറ്റു മുറിവുകളുമുണ്ട്

കഞ്ചിക്കോട് പയറ്റുകാട് ഭാഗത്തുണ്ടായിരുന്ന ആനയ്ക്ക് ഇവിടെവെച്ചാണ് മറ്റ് ആനകളുടെ കുത്തേറ്റതെന്നാണ് നിഗമനം. ചൊവ്വാഴ്ച രാവിലെയാണ് ഇക്കാര്യം വനംവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയോടെ പയറ്റുകാട് ഭാഗത്തുനിന്ന് ആന വേലഞ്ചേരി ഭാഗത്തെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ റെയില്‍പ്പാളം മുറിച്ചുകടത്തിയാണ് ആനയെ വനംവകുപ്പ് ഉദ്യോഗസ്ഥരും വാച്ചർമാരും ചേർന്ന് വേലഞ്ചേരി ഭാഗത്തെ കാട്ടിലേക്കു കയറ്റിവിട്ടത്. സ്ഥിരം സഞ്ചാരപാതയിലൂടെ ആന വളരെ പതുക്കെയാണ് നീങ്ങുന്നത്.

മുറിവുകള്‍ എത്രത്തോളം ആഴത്തിലുള്ളതാണെന്ന് അടുത്തു പരിശോധിച്ചാലേ വ്യക്തമാകൂ. രക്തമൊലിക്കുന്നതു നില്‍ക്കാതിരിക്കുകയോ മുറിവുകളില്‍ അണുബാധയുണ്ടാകുകയോ ചെയ്താല്‍ ആനയെ വീണ്ടും പിടികൂടി ചികിത്സിക്കേണ്ടിവന്നേക്കാം.