
കൊച്ചി:നടിയെ ആക്രമിച്ച കേസിലെ പ്രധാനസാക്ഷിയായിരുന്ന അന്തരിച്ച മുന്‍ എംഎല്‍എ പി.ടി. തോമസിനെ കേസുമായി ബന്ധപെട്ടു ചിലർ സ്വാധീനിക്കാൻ ശ്രമം നടത്തി എന്ന് വെളിപ്പെടുത്തുകയാണ് ഉമാ തോമസ് എംഎല്‍എ.
നടിയെ ആക്രമിച്ച കേസില്‍ ”ഡിസംബര്‍ എട്ടിന് വിധി വരാനിരിക്കെയാണ് നടിയെ ആക്രമിച്ച കേസില്‍ PT തോമസിനെ സ്വാധീനിക്കാന്‍ ശ്രമമുണ്ടായെന്ന് ഉമാ തോമസ് തുറന്നു പറയുന്നത്.മൊഴി നല്‍കരുതെന്ന് ചിലര്‍ പറഞ്ഞു. എന്നാല്‍, ഒന്ന് കൂട്ടിയും കുറച്ചും പറയുന്നരീതി തനിക്കില്ലെന്നാണ് പി.ടി. തോമസ് അവരോട് പറഞ്ഞതെന്നും അവർ വ്യക്തമാക്കി. ആരാണ് സ്വാധീനിക്കാന്‍ ശ്രമിച്ചതെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും ആണ് ഉമാ തോമസ് എംഎല്‍എ വെളിപ്പെടുത്തിയത്.
”ഡിസംബര്‍ എട്ടിന് വിധി വരുകയാണെന്ന് കേട്ടപ്പോള്‍ വലിയ സന്തോഷം. കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ കിട്ടുമെന്നാണ് വിശ്വസിക്കുന്നത്. വിധി വരുന്നെന്ന് അറിഞ്ഞപ്പോള്‍ പി.ടി.യുടെ ആ ദിവസത്തെക്കുറിച്ചാണ് ഞാന്‍ ഓര്‍ത്തത്. വീട്ടില്‍വന്ന് കിടന്നയുടനെയാണ് പെട്ടെന്ന് ഫോണ്‍ വന്നത്. ഞാന്‍ ഒരുസ്ഥലം വരെ പോയിട്ടുവരാമെന്ന് പറഞ്ഞ് ഇറങ്ങി. എവിടേക്ക് പോവുകയാണെങ്കിലും സാധാരണ പറയാറുണ്ട്. പക്ഷേ, അന്ന് ഒരു അത്യാവശ്യകാര്യമാണെന്ന് മാത്രമാണ് പറഞ്ഞത്. അങ്ങനെ ഒരിക്കലും പി.ടി. പറയാറില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പോയി തിരിച്ചുവന്നപ്പോള്‍ പി.ടി. ഭയങ്കര അസ്വസ്ഥനായിരുന്നു. അന്ന് ഉറങ്ങിയിട്ടേ ഇല്ലെന്ന് പറയാം. എരിപിരികൊള്ളുന്നപോലെയായിരുന്നു. സ്വന്തം മകള്‍ക്ക് സംഭവിച്ചതിന്റെ വേദനയാണ് പി.ടി.യില്‍ കണ്ടത്. അന്ന് അതിരാവിലെ തന്നെ ആലപ്പുഴയ്ക്ക് പോയി. രമേശ് ചെന്നിത്തല അന്ന് ഉപവാസം അനുഷ്ഠിക്കുകയായിരുന്നു. അവിടെചെന്നാണ് പി.ടി. ഈ വിവരം അറിയിച്ചത്. അങ്ങനെയാണ് കേരളം മുഴുവന്‍ ഈ വിവരമറിഞ്ഞത്.
പി.ടി. അപ്പോള്‍തന്നെ ആ കുട്ടിയെ ആശ്വസിപ്പിച്ചിരുന്നു. ഇനിയൊരു കുട്ടിക്കും ഇങ്ങനെ സംഭവിക്കരുത്, ധീരമായി നില്‍ക്കണമെന്ന് പറഞ്ഞു. പി.ടി.യുടെ ഫോണില്‍നിന്നാണ് ഐജിയെ വിളിച്ചുകൊടുത്തത്. ഐജി തീവണ്ടിയാത്രയിലായിരുന്നു. തുടര്‍ന്ന് ഐജി ആ കുട്ടിയുമായി സംസാരിച്ചു. ആ കുട്ടി ഫോണിലൂടെ എല്ലാംപറഞ്ഞു. ധൈര്യമായി മുന്നോട്ടുപോകണമെന്ന് പി.ടി. കുട്ടിയോട് പറഞ്ഞു. സത്യം എന്തായാലും പുറത്തുവരുമെന്നും ആത്മധൈര്യം കൊടുത്തു.മൊഴികൊടുക്കാന്‍ പോയപ്പോള്‍ പിടിക്ക് കുറച്ച് ദുരനുഭവമൊക്കെ ഉണ്ടായി. മൊഴി കൊടുക്കേണ്ട എന്ന ഒരു പക്ഷമുണ്ടായിരുന്നു. മൊഴി ശക്തമാകരുതെന്ന് പറഞ്ഞവരുണ്ടായിരുന്നു. പല ഇടപെടലുകളുമുണ്ടായി. പക്ഷേ, അതിന് പി.ടി. പറഞ്ഞ ഉത്തരം, ഞാന്‍ ഒന്നും കൂട്ടി പറയില്ല, പക്ഷേ, ഞാന്‍ ഒന്നുംകുറച്ച് പറയാനും തയ്യാറല്ല എന്നായിരുന്നു. പി.ടി. നിലപാടില്‍ ഉറച്ചുനിന്നു. ഇടപെടല്‍ നടത്തിയ പലരുമുണ്ട്. പി.ടി. ഒരിക്കലും ഒരാളുടെയും പേര് എടുത്തുപറഞ്ഞിട്ടില്ല. തെറ്റ്ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്”, ഉമാ തോമസ് പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ പ്രധാനസാക്ഷിയായിരുന്നു അന്തരിച്ച മുന്‍ എംഎല്‍എ പി.ടി. തോമസ്. അതിക്രമത്തിന് പിന്നാലെ നടിയെ കണ്ട ആദ്യത്തെ ആളുകളില്‍ ഒരാളായിരുന്നു അദ്ദേഹം.



