play-sharp-fill
പി.എസ് ശ്രീധർപിള്ള തെറിച്ചു: ഇനി മിസോറാം ഗവർണർ; കേരള ബി.ജെ.പിയിൽ നിന്നും തെറിക്കുന്നവരെ പാർപ്പിക്കാനുള്ള കേന്ദ്രമോ മിസോറാം

പി.എസ് ശ്രീധർപിള്ള തെറിച്ചു: ഇനി മിസോറാം ഗവർണർ; കേരള ബി.ജെ.പിയിൽ നിന്നും തെറിക്കുന്നവരെ പാർപ്പിക്കാനുള്ള കേന്ദ്രമോ മിസോറാം

സ്വന്തം ലേഖകൻ
ന്യൂഡൽഹി: സംസ്ഥാനത്ത് നടന്ന അഞ്ച് ഉപതിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു പിന്നാലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള തെറിച്ചു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ തലേന്ന് കുമ്മനം രാജശേഖരനെ മിസോറാം ഗവർണ്ണറാക്കിയതിനു പിന്നാലെയാണ് ഇപ്പോൾ ബിജെപി കേന്ദ്ര നേതൃത്വം പി.എസ് ശ്രീധരൻപിള്ളയെ മിസോറാമിലേയ്ക്കു തെറിപ്പിച്ചിരിക്കുന്നത്. പി.എസ് ശ്രീധരൻപിള്ളയ്‌ക്കെതിരെ ബിജെപി സംസ്ഥാന നേതൃത്വത്തിലുള്ള അതൃപ്തിയാണ് ഇപ്പോൾ ഇദ്ദേഹത്തെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്നും തെറിക്കുന്നതിനു പിന്നിലുള്ളതെന്നാണ് ലഭിക്കുന്ന സൂചന.
നേരത്തെ ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനും, കോൺഗ്രസ് നേതാവായ വക്കം പുരുഷോത്തമനുമാണ് മിസോറാം ഗവർണ്ണർമാരായത്. മിസോറാം ഗവർണറായിരുന്ന കുമ്മനം രാജേശേഖരനെ തിരികെ വിളിച്ചാണ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപി മത്സരിപ്പിച്ചത്. മികച്ച മത്സരം കാഴ്ച വച്ച കുമ്മനം രാജശേഖരൻ ഇവിടെ പരാജയപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ കുമ്മനത്തിന്റെ പേര് പരിഗണിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ബിജെപിയിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമായി ശ്രീധരൻ പിള്ള ഇടപെട്ടാണ് കുമ്മനത്തിന്റെ പേര് വട്ടിയൂർക്കാവിൽ നിന്നും വെട്ടിയതെന് ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ കുമ്മനം പോയ വഴി തന്നെ ശ്രീധരൻപിള്ളയും പോകുന്നത്. നേരത്തെ ചെങ്ങന്നൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന്റെ തലേന്നായിരുന്നു കുമ്മനം രാജശേഖരനെ മിസോറാം ഗവർണറായി നിയമിച്ച് കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. ഇതോടെയാണ് അന്ന് ചെങ്ങന്നൂരിൽ സ്ഥാനാർത്ഥിയായിരുന്ന പി.എസ് ശ്രീധരൻപിള്ളയെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചത്.
പ്രധാനമന്ത്രി നാല് ദിവസം മുൻപ് വിളിച്ച് കാര്യങ്ങൾ അറിയിച്ചിരുന്നതായും പി.എസ് ശ്രീധരൻപിള്ള പറഞ്ഞു. പദവി എന്താണ് എന്നു പറഞ്ഞിരുന്നില്ല. പക്ഷേ, എന്തോ പദവി ഉണ്ടെന്ന് അറിയിച്ചിരുന്നു. ഭരണകാര്യങ്ങളിൽ പരിചയം ഇല്ലെങ്കിലും, ഇതെല്ലാം ഇനി പഠിക്കേണ്ടി വരും. ഏത് പദവി ഏറ്റെടുത്താലും ഇത് സന്തോഷത്തോടെ തന്നെ ഏറ്റെടുക്കേണ്ടി വരും. സന്തോഷത്തോടെ തന്നെയാണ് ഇത് ഏറ്റെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.