play-sharp-fill
കേരള പോലീസിന്‍റെ തൊപ്പിയിലെ പൊൻതൂവല്‍ ; രഞ്ജിത് ശ്രീനിവാസൻ വധക്കേസില്‍ 15 പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചപ്പോള്‍ കേരള പോലീസിന് അത് അഭിമാന നിമിഷമായിരുന്നു.

കേരള പോലീസിന്‍റെ തൊപ്പിയിലെ പൊൻതൂവല്‍ ; രഞ്ജിത് ശ്രീനിവാസൻ വധക്കേസില്‍ 15 പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചപ്പോള്‍ കേരള പോലീസിന് അത് അഭിമാന നിമിഷമായിരുന്നു.

 

ആലപ്പുഴ : പിഴവുകളില്ലാത്ത അന്വേഷണത്തിലൂടെയും ശാസ്ത്രീയമായ തെളിവുശേഖരണത്തിലൂടെയും ആലപ്പുഴ പോലീസ് എല്ലാ അർഥത്തിലും മികവു കാട്ടി. വെള്ളക്കിണറിലുള്ള രഞ്ജിത്തിന്‍റെ വീട്ടിലേക്ക് പ്രതികള്‍ കൂട്ടമായി ഇരുചക്രവാഹനത്തില്‍ പോകുന്ന സിസിടിവി ദൃശ്യം കണ്ടെത്തിയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

 

 

 

 

ദൃശ്യങ്ങളില്‍നിന്നു പ്രതികളെ തിരിച്ചറിയാൻ പോലീസിനായില്ലെങ്കിലും വാഹനങ്ങളുടെ നന്പർ ലഭിച്ചു. വാഹനനന്പർ കേന്ദ്രീകരിച്ച്‌ അന്വേഷണം ആരംഭിച്ചപ്പോള്‍ത്തന്നെ പോലീസിനു പ്രതികളെ ഏകദേശം തിച്ചറിയാനായി.സിസിടിവി ദൃശ്യം പുറത്തുവന്നതോടെ പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ ഓഫ് ചെയ്ത് ഒളിവില്‍ പോകാൻ നിർബന്ധിതരായി. ഇതോടെ ഒളിവില്‍ പോയവരുടെ വിവിരങ്ങള്‍ പോലീസിന് എളുപ്പത്തില്‍ ലഭിച്ചു.അതോടെ പ്രതികള്‍ ആരെല്ലാമാണെന്ന കാര്യത്തില്‍ പോലീസിനു പൂർണചിത്രം ലഭിച്ചു. ഒളിവില്‍ പോയ പ്രതികളെ എത്രയും വേഗം പിടികൂടാൻ ആലപ്പുഴ ഡിവൈഎസ്പി എൻ.ആർ. ജയരാജിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.

 

 

 

സംഘത്തില്‍ 24 പേരാണ് ഉണ്ടായിരുന്നത്. അന്നത്തെ പോലീസ് മേധാവിയായിരുന്ന ജി. ജയദേവിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിച്ചതും പ്രതികളെ അറസ്റ്റ് ചെയ്തതും. പല സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. പല ജില്ലകളില്‍നിന്നാണ് പ്രതികള്‍ പിടിയിലായത്. പ്രതികളെല്ലാം ഫോണുകള്‍ ഓഫാക്കിയിരുന്നതുകൊണ്ട് ടവർ ലൊക്കേഷൻ പിന്‍തുടർന്ന് പ്രതികളെ കണ്ടെത്തുക സാധിക്കാതെവന്നു. ഈ സാഹചര്യത്തിലാണ് ഷാഡോ പോലീസിനെ രംഗത്തിറക്കി ഫീല്‍ഡില്‍നിന്നു രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്ന രീതി പോലീസിനു പിന്തുടരേണ്ടിവന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

പ്രതികളിലേക്കെത്താൻ നേരിയ സംശയം തോന്നിയവരടക്കം നിരവധിയാളുകളെ ചോദ്യംചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യുകയെന്ന ശ്രമകരമായ ദൗത്യമാണ് പോലീസിനു മുന്നിലുണ്ടായിരുന്നത്. അത് ഫലംകണ്ടു. ഒരു പ്രതിയില്‍നിന്നു മറ്റൊരു പ്രതിയിലേക്ക് അതിവേഗം എത്തിച്ചേരാൻ പോലീസിനു സാധിച്ചു.പ്രതികള്‍ പിടിയിലായെങ്കിലും പോലീസിന്‍റെ ദൗത്യം അവസാനിച്ചില്ല.തെളിവുശേഖരിക്കുകയെന്നതായിരുന്നു പോലീസിനു മുന്നിലുണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളി.

 

 

 

 

തെളിവു ശേഖരിക്കലിന്‍റെ ആദ്യ ഘട്ടം കൊലചെയ്യാനുപയോഗിച്ച ആയുധം കണ്ടെത്തുക എന്നതായിരുന്നു. അതിലും പോലീസ് മികവു തെളിയിച്ചു.അതിവേഗത്തില്‍ തൊണ്ടികള്‍ കണ്ടെത്തി. അതുകൊണ്ടും തീരുന്നില്ല, ഈ ആയുധങ്ങള്‍ തന്നെയാണു രഞ്ജിത്തിനെ കൊല്ലാൻ ഉപയോഗിച്ചതെന്നു ശാസ്ത്രീയമായി തെളിയിക്കണമായിരുന്നു. അതും സാധിച്ചു. പിന്നീടാണു സാക്ഷികളെ കണ്ടെത്തുകയെന്ന ശ്രമകരമായ മൂന്നാമത്തെ ഘട്ടം. സാക്ഷികളെയും കൃത്യമായി അണിനിരത്താൻ പോലീസ് സംഘത്തിനു സാധിച്ചു.

 

 

 

 

അന്വേഷണത്തിലെ മൂന്നു ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കിയതോടെ കുറ്റപത്രം കോടതിയില്‍ സമർപ്പിക്കുകയെന്ന അവസാനദൗത്യം പോലീസിന് എളുപ്പമായിരുന്നു. കൊലപാതകം നടന്ന് തൊണ്ണൂറാം ദിവസംതന്നെ പിഴവുകളില്ലാത്ത കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണസംഘത്തിനു സാധിച്ചതാണ് ഇന്നലത്തെ ചരിത്രവിധിയിലേക്കു നയിച്ചത്.