ശബരിമല സ്വർണക്കൊള്ളയില്‍ നിയമസഭ ഇന്നും പ്രക്ഷുബ്ദമായി; ബാനറുകളും പ്ലക്ക് കാർഡുകളുമായാണ് പ്രതിപക്ഷ എംഎല്‍എമാർ സഭയിൽ, സതീശനെതിരെ എംബി രാജേഷ്, ഡയസില്‍ അതിക്രമിച്ച്‌ കയറിയതില്‍ വിമര്‍ശനവുമായി സ്പീക്കര്‍

Spread the love

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയില്‍ നിയമസഭ ഇന്നും പ്രക്ഷുബ്ദമായി. ബാനറുകളും പ്ലക്ക് കാർഡുകളുമായാണ് പ്രതിപക്ഷ എംഎല്‍എമാർ സഭയിലെത്തിയത്.

video
play-sharp-fill

സ്വർണക്കൊള്ളയില്‍ പ്രതിപക്ഷം സമരത്തിലാണെന്നും കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി അടക്കം സ്വാഭാവികമായി ജാമ്യം കിട്ടി പുറത്തിറങ്ങുകയാണെന്നും പ്രതിപക്ഷ നേതാവ് സതീശൻ സഭയില്‍ പറഞ്ഞു. പ്രതിപക്ഷം ഉയർത്തിയ ബാനർ കഴിഞ്ഞ ദിവസം സഭയില്‍ വാച്ച്‌ ആൻഡ് വാർഡന്മാർ ബലമായി പിടിച്ചുമാറ്റുകയും അത് വാങ്ങാനാണ് എംഎല്‍എമാർ ഡയസില്‍ കയറിയതെന്നും സതീശൻ വിശദീകരിച്ചു .

എന്നാല്‍ ഡയസില്‍ കയറിയ പ്രതിപക്ഷ എംഎല്‍എമാരുടെ നടപടി ശരിയല്ലെന്ന് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നില്‍ ഒരു ബാരിക്കേഡ് മറിച്ച്‌ കടക്കുന്നത് പോലെയാണ് പല എംഎല്‍എമാരും ഡയസില്‍ കയറിയത്. അത് ജനാധിപത്യത്തിന് ഭൂഷണമല്ല. സ്പീക്കറെ തെരുവിലിട്ട് അലക്കുന്നരീതി ശരിയല്ല. സ്പീക്കർ ഈ സഭയിലേക്ക് എയർ ഡ്രോപ് ചെയ്യപ്പെട്ട് വന്നതല്ല. വളരെ കൃത്യമായ ദീർഘകാല അനുഭവം തനിക്കുണ്ട്. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതൃത്വം പരസ്യമായി സ്പീക്കറെ തെരുവിലിട്ടലക്കുന്നത് ശരിയാണോ എന്നത് നേതൃത്വം പരിശോധിക്കണം. നിർഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. ഒരുതരത്തിലുള്ള പ്രകോപനവും വാച്ച്‌ ആൻഡ് വാർഡന്മാരില്‍നിന്ന് ഉണ്ടായിട്ടില്ല. എന്നാല്‍ ബാനർ കൊണ്ട് വാച്ച്‌ ആൻഡ് വാർഡന്മാരെ പ്രതിപക്ഷ എംഎല്‍എമാർ അടിക്കുന്ന സ്ഥിതിയുണ്ടായെന്നും സ്പീക്കർ പറഞ്ഞു. ചെയർ കള്ളം പറയുന്നു എന്നാണ് ചില പ്രതിപക്ഷ എംഎല്‍എമാർ പറയുന്നത്. ഡയസിലുണ്ടായ സംഭവത്തില്‍ തന്റെ വായില്‍ കയ്യിട്ട് ആളെ പേര് പറയിക്കരുത്. പ്രതിപക്ഷം ഉന്നയിക്കുന്ന സ്വർണക്കൊള്ളയില്‍ ചർച്ചക്ക് തയ്യാർ ആണെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിപക്ഷം ചർച്ചക്ക് തയ്യാറാകുന്നില്ല. ഇത് ഖേദകരമാണ്. ചർച്ചയും, സംവാദവുമാണ് ഇവിടെ ആവശ്യമെന്നും സ്പീക്കർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സത്യം മുഖത്ത് വന്നടിക്കുമ്പോള്‍ അതിന് നേരെ കണ്ണടച്ച്‌ ഇരുട്ടാക്കാൻ ശ്രമിക്കുകയാണ് പ്രതിപക്ഷവും പ്രതിപക്ഷ നേതാവുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. അവർ കണ്ണടച്ചാല്‍ അവർക്ക് മാത്രമാണ് ഇരുട്ടാകുന്നതെന്നും ലോകത്തിനാകെ ഇരുട്ടാകില്ലെന്നും പ്രതിപക്ഷവും പ്രതിപക്ഷ നേതാവും മനസിലാക്കണമെന്നും എം ബി രാജേഷ് വ്യക്തമാക്കി. ശ്രീനിവാസന്റെ സിനിമയായ വടക്കുനോക്കിയന്ത്രത്തിലെ മാമുക്കോയയുടെ ‘ഇമ്മാതിരി സമയത്തല്ല ഇതുപോലെയുള്ള വർത്തമാനം പറയേണ്ടത്’ എന്ന ഡയലോഗ് പരാമർശിച്ച്‌ എം ബി രാജേഷ് പ്രതിപക്ഷ നേതാവിനെ പരിഹസിച്ചു.

 

ശബരിമല സ്വർണക്കൊള്ളയില്‍ കുറ്റമറ്റരീതിയിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണത്തില്‍ ഹൈക്കോടതിയും പൂർണ സംതൃപ്തി അറിയിച്ചിട്ടുണ്ട്. നിസാര വിഷയങ്ങള്‍ ഉന്നയിച്ച്‌ സിബിഐ അന്വേഷണം ആവശ്യപ്പെടരുതെന്ന് ഇന്നലെ പ്രതിപക്ഷ നേതാവിനോടും അദ്ദേഹത്തിന്റെ കൂട്ടാളിയും ഉറ്റമിത്രവുമായ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റിനോടും കോടതി പറഞ്ഞിരുന്നു. ബിജെപിയും വിശ്വഹിന്ദു പരിഷത്തുമൊക്കെയാണ് പ്രതിപക്ഷ നേതാവിന്റെ കൂട്ടാളികളെന്നും എം ബി രാജേഷ് പറഞ്ഞു.

 

ജാമ്യം ലഭിച്ചത് കൊണ്ട് ഒരു പ്രതിയും രക്ഷപ്പെടില്ല എന്ന് പറഞ്ഞത് ദേവസ്വം ബോർഡ് ബെഞ്ചാണ്. യഥാർത്ഥ പ്രതികള്‍ രക്ഷപ്പെടണം എന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അജയ് തറയില്‍ അംഗമായിരിക്കുമ്പോഴാണ് ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയില്‍ കയറിയത്. പ്രതിപക്ഷം നിയമസഭയില്‍ നാടകം കളിക്കുയാണ്. ഭയം ആണ് പ്രതിപക്ഷ നേതാവിനെ കൊണ്ട് ഈ കോപ്രായങ്ങള്‍ കാണിക്കുന്നത്. അഞ്ചുവർഷത്തിനിടയില്‍ ഒരു അവിശ്വാസപ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. പ്രതിപക്ഷത്തിന് പോലും വിശ്വാസമുള്ള സർക്കാർ ആണ് ഇത്. നിരായുധരായ പ്രതിപക്ഷത്തിന്റെ നാടകമാണ് കാണുന്നതെന്നും എം ബി രാജേഷ് പറഞ്ഞു.

 

സഭ പിരിഞ്ഞതിന് പിന്നാലെ ഭരണപക്ഷ അംഗങ്ങള്‍ സ്വർണക്കൊള്ള വിഷയം ഉയർത്തി യുഡിഎഫിനെതിരെ പ്ലക്ക് കാർഡുകളുമായി പുറത്തെത്തി. സോണിയ ഗാന്ധിക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി നില്‍ക്കുന്ന ചിത്രങ്ങളടങ്ങിയ പ്ലക്ക് കാർഡുകളാണ് ഭരണപക്ഷ എംഎല്‍എമാർ ഉയർത്തിയത്. വിഷയം ചർച്ച ചെയ്യാൻ പ്രതിപക്ഷത്തിന് പേടിയാണെന്ന് ഇവർ ആരോപിച്ചു.