
സ്വന്തം ലേഖകൻ
കൊരട്ടി: ഏറെ മോഹിച്ചെടുത്ത സിനിമ പുറത്തിറക്കാനുള്ള ശ്രമത്തിനിടെ നിർമാതാവിന്റെ അപ്രതീക്ഷിത വിടവാങ്ങൽ. നിർമാതാവ് നാലുകെട്ട് ചക്യേത്ത് തങ്കച്ചനാണ് (52) നാട്ടിലേക്ക് മടങ്ങാനിരിക്കെ ഷാർജയിൽ മരിച്ചത്.
ഷാർജയിൽ ഫോർത്ത് വ്യൂ ടെക്‌നിക്കൽ കോൺട്രാക്ടിങ് ഉടമകൂടിയായ തങ്കച്ചന്റെ മരണം സ്വന്തം ഓഫീസിൽ ഹൃദയസ്തംഭനത്തെത്തുടർന്നാണ്. ഡബ്ബിങ് ജോലികൾ വേഗത്തിൽ പൂർത്തിയാക്കുന്നതുൾപ്പെടെയുള്ള ചർച്ചകൾക്കായി ചൊവ്വാഴ്‌ചയോടെ നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മകന്റെ അഭിനയമോഹവുംകൂടി തിരിച്ചറിഞ്ഞതോടെയാണ് നിർമാണത്തിലേക്ക് ശ്രദ്ധതിരിച്ചത്. ജയൻ ചേർത്തല സംവിധാനം ചെയ്യുന്ന, ചിത്രീകരണം പൂർത്തിയാക്കിയ ‘കിറ്റ് ക്യാറ്റ്’ എന്ന സിനിമയിൽ മകൻ ഗോഡ്‌വിനും പ്രധാന വേഷമുണ്ട്. ഇന്ദ്രൻസ്, ഉർവശി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൃതദേഹം വെള്ളിയാഴ്‌ചയോടെ നാട്ടിലെത്തിക്കും.
ഭാര്യ: മഞ്ജു. മക്കൾ: ഗോഡ്‌വിൻ (ബി.ടെക്. വിദ്യാർഥി, കുസാറ്റ്), ക്രിസ്‌വിൻ (അഞ്ചാം ക്ലാസ് വിദ്യാർഥി, എടക്കുന്നി നൈപുണ്യ പബ്ലിക് സ്കൂൾ). സംസ്‌കാരം വെള്ളിയാഴ്‌ച നാലിന് നാലുകെട്ട് സെയ്ന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.