
സ്വകാര്യ സർവകലാശാലകളിലെ ഫീസ് നിർണയത്തിൽ അടക്കം കൂടുതൽ സർക്കാർ നിയന്ത്രണങ്ങൾ ഉണ്ടാവണം : കെ.എസ്.സി(എം)
കോട്ടയം :കേരളത്തിൽ പുതുതായി തുടങ്ങാൻ തത്വത്തിൽ ധാരണയായിരിക്കുന്ന സ്വകാര്യ സർവകലാശാലകളിൽ സർക്കാരിൻറെ കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാവണം. ഫീസ് നിർണയത്തിലും നിയമനങ്ങളിലും അടക്കം സർവ്വകലാശാലകൾക്ക് സ്വയ അധികാരം ലഭിച്ചാൽ അത് വിദ്യാഭ്യാസ കച്ചവടത്തിലേക്ക് വഴിവെക്കാൻ സാധ്യതയുണ്ടെന്ന് കെ.എസ്.സി(എം) സംസ്ഥാന പ്രസിഡണ്ട് ബ്രൈറ്റ് വട്ടനിരപ്പിൽ പറഞ്ഞു.
മേൽപ്പറഞ്ഞ വിഷയങ്ങളിൽ അടക്കം സർവ്വകലാശാലകളുടെ നടത്തിപ്പിൽ സർക്കാറിന് കൃത്യമായ മാനദണ്ഡവും അധികാരവും ഉണ്ടായിരിക്കണം. വിദ്യാർത്ഥി സംഘടനകൾക്ക് പുതുതായി തുടങ്ങാൻ പോകുന്ന സ്വകാര്യ സർവകലാശാലകളിൽ പ്രവർത്തന സ്വാതന്ത്ര്യ അടക്കം നൽകിക്കൊണ്ട് വേണം മുന്നോട്ടു പോകാൻ. മികച്ച റാങ്കിംഗ് ഉള്ള വിദേശ സർവകലാശാലകൾക്ക് മാത്രമേ കേരളത്തിൽ അനുമതി നൽകാവൂ.
കേരളത്തിൻറെ വിദ്യാഭ്യാസ മേഖലയ്ക്ക് ആകമാനം പുത്തൻ ഉണർവ് നൽകാൻ സാധിക്കുന്ന ഈ വിദ്യാഭ്യാസ നയത്തെ കെ.എസ്.സി(എം) സ്വാഗതം ചെയ്യുകയാണ്, എന്തിരുന്നാലും ആശങ്കകൾ പരിഹരിച്ച് വേണം മുന്നോട്ടുപോകാൻ. സ്വകാര്യ സർവകലാശാലകളുടെ വരവോടെ ഒരുപക്ഷേ വിദേശത്തേക്കുള്ള വിദ്യാർഥികളുടെ കുടിയേറ്റം ഒരു പരിധിവരെ എങ്കിലും കുറയ്ക്കാൻ സാധിച്ചേക്കാം, അതിനുതകുന്ന തരത്തിൽ ക്രിയാത്മകമായ നൂതന ആശയങ്ങളുമായി കേരളത്തിൻറെ വിദ്യാഭ്യാസമേഖല മുന്നോട്ട് തന്നെ പോകേണ്ടത് അനിവാര്യമാണെന്നും കെ.എസ്.സി(എം) സംസ്ഥാന പ്രസിഡണ്ട് ബ്രൈറ്റ് വട്ടനിരപ്പേൽ അഭിപ്രായപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
