video
play-sharp-fill

രോഗികളെ ആശുപത്രിയില്‍ നിന്ന് അമിത നിരക്കില്‍ മരുന്ന് വാങ്ങാൻ നിര്‍ബന്ധിക്കുന്നുവെന്ന് പരാതി; ചൂഷണം തടയാൻ നയം വേണമെന്ന് സുപ്രീംകോടതി

രോഗികളെ ആശുപത്രിയില്‍ നിന്ന് അമിത നിരക്കില്‍ മരുന്ന് വാങ്ങാൻ നിര്‍ബന്ധിക്കുന്നുവെന്ന് പരാതി; ചൂഷണം തടയാൻ നയം വേണമെന്ന് സുപ്രീംകോടതി

Spread the love

രോഗികളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കാൻ സംസ്ഥാനങ്ങള്‍ നയരൂപീകരണം നടത്തണമെന്ന്‌ സുപ്രീംകോടതി.

കോടതി നിർബന്ധിത നിർദേശങ്ങള്‍ പുറപ്പെടുവിച്ചാല്‍ ഉചിതമാകില്ലെന്നും സംസ്ഥാനങ്ങള്‍ നയരൂപീകരണം നടത്തുന്നതാണ്‌ ഉത്തമമെന്നും ജസ്‌റ്റിസ്‌ സൂര്യകാന്ത്, എൻ കോടീശ്വർ സിങ്‌ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

 

രോഗികളെയും അവരുടെ സഹായികളെയും ചൂഷണത്തില്‍ നിന്ന് സംരക്ഷിക്കണം. അന്യായമായ ചാർജുകള്‍ ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഒപ്പം സ്വകാര്യ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയിലേക്ക് പ്രവേശിക്കുന്നതിനെതിരെ യുക്തിരഹിതമായ നിയന്ത്രണങ്ങള്‍ പാടില്ലെന്നും കോടതി നിർദേശിച്ചു. സമഗ്രമായ നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും തയ്യാറാക്കാനാണ് കോടതി എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അമിത നിരക്കില്‍ ആശുപത്രിക്കുള്ളിലെ ഫാർമസികളില്‍ നിന്ന് മാത്രമായി മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങാൻ രോഗികളെ നിർബന്ധിക്കുന്നതില്‍ നിന്ന് ആശുപത്രികളെ തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാല്‍പ്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കാൻസർ ചികിത്സയ്ക്ക് ആശുപത്രിയിലെ ഫാർമസിയില്‍ നിന്ന് മരുന്ന് വാങ്ങാൻ നിർബന്ധിച്ചെന്നും അമിത നിരക്ക് ഈടാക്കിയെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടി. ഇത് ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിള്‍ 21 പ്രകാരമുള്ള ആരോഗ്യത്തിനുള്ള അവകാശത്തിന്‍റെ ലംഘനമാണെന്ന് ഹർജിക്കാർ വാദിച്ചു.

 

നിയന്ത്രണങ്ങള്‍ ഇല്ല എന്നത് സ്വകാര്യ ആശുപത്രികള്‍ക്ക് അന്യായമായ നിരക്കുകള്‍ ചുമത്താൻ സഹായകരമാകുന്നുവെന്നും കോടതി ഇടപെടണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. ആരോഗ്യ പരിരക്ഷ എന്നത് ജീവിക്കാനുള്ള അവകാശത്തില്‍ പെടുന്നതാണെന്ന് കോടതി സമ്മതിച്ചു. പക്ഷേ രാജ്യത്തെ ജനസംഖ്യ കണക്കിലെടുക്കുമ്ബോള്‍, മതിയായ മെഡിക്കല്‍ സൗകര്യങ്ങള്‍ ഒരുക്കാൻ സംസ്ഥാനങ്ങള്‍ പാടുപെടുന്നുണ്ടെന്നും ഇത് പരിഹരിക്കുന്നതിനാണ് സർക്കാരുകള്‍ സ്വകാര്യ സ്ഥാപനങ്ങളെ ആശുപത്രികള്‍ തുടങ്ങാൻ പ്രോത്സാഹിപ്പിച്ചതെന്നും കോടതി നിരീക്ഷിച്ചു. ആശുപത്രികളുടെ വളർച്ചയെ തടസ്സപ്പെടുത്തുന്ന നിർദേശങ്ങള്‍ പുറപ്പെടുവിക്കാൻ കഴിയില്ലെന്ന് നിരീക്ഷിച്ച കോടതി, അത്തരം വിഷയങ്ങളില്‍ നയപരമായ തീരുമാനം എടുക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.