video

00:00

വിദ്യാർത്ഥികളുടെ നക്കാപിച്ച ഒരു രൂപ ഞങ്ങൾക്കു വേണ്ട…! കൺസഷൻ മിനിമം 10 രൂപയാക്കണം, എംവിഡി ഉദ്യോഗസ്ഥരും പോലീസും ഫോട്ടോയെടുത്ത് ഏകപക്ഷീയമായി പിഴ ചുമത്തുകയും നിസാര കാര്യങ്ങൾക്കു പോലും ബസ് ജീവനക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്യുന്ന ദ്രോഹ നടപടികൾക്കെതിരെ പ്രതിഷേധിച്ച് സ്വകാര്യ ബസ് ഉടമകൾ പ്രക്ഷോഭത്തിലേക്ക്

വിദ്യാർത്ഥികളുടെ നക്കാപിച്ച ഒരു രൂപ ഞങ്ങൾക്കു വേണ്ട…! കൺസഷൻ മിനിമം 10 രൂപയാക്കണം, എംവിഡി ഉദ്യോഗസ്ഥരും പോലീസും ഫോട്ടോയെടുത്ത് ഏകപക്ഷീയമായി പിഴ ചുമത്തുകയും നിസാര കാര്യങ്ങൾക്കു പോലും ബസ് ജീവനക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്യുന്ന ദ്രോഹ നടപടികൾക്കെതിരെ പ്രതിഷേധിച്ച് സ്വകാര്യ ബസ് ഉടമകൾ പ്രക്ഷോഭത്തിലേക്ക്

Spread the love

കോട്ടയം : സ്വകാര്യ ബസ് ഉടമകൾ വീണ്ടും പ്രക്ഷോഭത്തിലേക്ക്. ഇക്കുറി ബസ് ഉടമകളുടെ സമരം ബസ് ചാർജ് വർധിപ്പിക്കാൻ അല്ല. ചാർജ് വർദ്ധനകൊണ്ട് ബസ് വ്യവസായം രക്ഷപ്പെടില്ല എന്നാണ് ഉടമകളുടെ നിലപാട്. അതുകൊണ്ട് ഇപ്രാവശ്യം ഉന്നയിക്കുന്ന പ്രധാന ആവശ്യം വിദ്യാർത്ഥികളുടെ ചാർജ് വർധിപ്പിക്കുക എന്നുള്ളതാണ്.

15 വർഷത്തിലധികമായി നടന്നുവരുന്ന ഒരു രൂപ ഇടപാട് നടപ്പില്ല എന്നാണ് നിലപാട്. വിദ്യാർത്ഥികളുടെ മിനിമം കൺസഷൻ ചാർജ് ഇപ്പോൾ ഒരു രൂപയാണ്. അത് പത്തു രൂപയായി വർദ്ധിപ്പിക്കണം എന്നാണ് ഉടമകളുടെ പ്രധാന ആവശ്യം. കഴിഞ്ഞ 15 വർഷമായി വിദ്യാർത്ഥികളുടെ ചാർജ് വർധിപ്പിച്ചിട്ടില്ല എന്നും ബസ്സുടമകൾ ചൂണ്ടിക്കാട്ടുന്നു.

ബസ് വ്യവസായം പൂർണമായി നഷ്ടത്തിലേക്ക് കൂപ്പുകുത്തി എന്നും ഇവർ ചൂണ്ടിക്കാട്ടുന്നു 34,000 ത്തിൽ നിന്ന് 7000 ത്തിലേക്ക് ബസുകളുടെ എണ്ണം കുറഞ്ഞു എന്നത് തന്നെ ഈ മേഖലയുടെ തകർച്ചയുടെ നേർ സാക്ഷ്യമാണ്. ആയിരക്കണക്കിന് ഉടമകളുടെയും പതിനായിര കണക്കിന് തൊഴിലാളികളുടെയും ജീവിതമാർഗം നഷ്ടപ്പെട്ടു. കുറഞ്ഞ ചെലവിൽ യാത്രാസൗകര്യം ഇല്ലാതാവുകയും ചെയ്തു. റോഡ് നികുതിയായി സർക്കാരിന് ലഭിക്കേണ്ടിയിരുന്ന ആയിരക്കണക്കിന് കോടി രൂപ നഷ്ടമാവുകയും ചെയ്തു – അശാസ്ത്രീയമായ പൊതു ഗതാഗത നയമാണ് ഈ ദുരവസ്ഥയ്ക്ക് കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർവീസ് നടത്തിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസ് പെർമിറ്റുകൾ ദൂരപരിധി പരിഗണിക്കാതെ നിലവിലുള്ള കാറ്റഗറിയിൽ പുതുക്കി നൽകുക. എം വി ഡി ഉദ്യോഗസ്ഥരും പോലീസും വാഹന ഉടമയോ ജീവനക്കാരോ അറിയാതെ ഫോട്ടോയെടുത്ത് വിശദീകരണത്തിന് പോലും അവസരം ഇല്ലാതെ ഏകപക്ഷീയമായി പിഴ ചുമത്തുന്നതും ഇ-ചെല്ലാൻ വഴി പിഴ ചുമത്തുന്നതുമായ ദ്രോഹ നടപടികൾ അവസാനിപ്പിക്കുക.

നിരവധി വർഷങ്ങളായി ജോലി ചെയ്യുന്ന സ്വകാര്യ ബസ് ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയും നിസ്സാര കാര്യങ്ങൾക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്യുന്ന നടപടി അവസാനിപ്പിക്കുക. ജീവനക്കാരോടുള്ള ഉദ്യോഗസ്ഥരുടെ മാന്യതയില്ലാത്ത പെരുമാറ്റം മൂലം മാന്യതയുള്ള ആളുകൾ ഈ തൊഴിൽ ഉപേക്ഷിക്കുകയാണ്. ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാകണം. കെഎസ്ആർടിസിയും സ്വകാര്യ മേഖലയും ഒരുപോലെ സംരക്ഷിക്കാൻ ആവശ്യമായ നയം രൂപീകരിക്കുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങൾ.

പ്രക്ഷോഭ സമരത്തിന്റെ ആദ്യഘട്ടമായി തൃശൂർ, കോഴിക്കോട് കോട്ടയം എന്നിവിടങ്ങളിൽ ബസ്സുടമകളുടെ മേഖല പ്രതിഷേധ സംഗമം നടത്തും.

കോട്ടയത്തെ പ്രതിഷേധ സംഗമം ഫെബ്രുവരി 27ന് തിരുനക്കര പഴയ ബസ്റ്റാൻഡിൽ നടക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡണ്ട് ജാക്സൺ പി ജോസഫ് ,സെക്രട്ടറി കെ.എസ്.സുരേഷ്, ട്രഷറർ വിനോജ് കെ ജോർജ് , ജോയിന്റ് സെക്രട്ടറി ലിബു കെ.ലൂക്കോസ് എന്നിവർ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. 27ന് വൈകുന്നേരം 4 മണിക്ക് നാഗമ്പടത്തുനിന്ന് പ്രകടനം ആരംഭിക്കും. അഞ്ചുമണിക്ക് തിരുനക്കരയിൽ പ്രതിഷേധ സംഗമം ചേരും. ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന നേതാക്കൾക്ക് പുറമേ ട്രേഡ് യൂണിയൻ ഭാരവാഹികളും സമ്മേളനത്തിൽ പങ്കെടുക്കും