വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റിയില്ല; എട്ട് സ്വകാര്യ ബസുകളുടെ ഫിറ്റ്നെസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്; പരിശോധന  തുടരുമെന്ന് അധികൃതര്‍

വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റിയില്ല; എട്ട് സ്വകാര്യ ബസുകളുടെ ഫിറ്റ്നെസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്; പരിശോധന തുടരുമെന്ന് അധികൃതര്‍

സ്വന്തം ലേഖിക

പാലക്കാട്: വിദ്യാര്‍ത്ഥികളെ കയറ്റാതെ പോയ എട്ട് സ്വകാര്യ ബസുകളുടെ ഫിറ്റ്നെസ് റദ്ദാക്കി.

മണ്ണാര്‍ക്കാട് നടന്ന പരിശോധനയിലാണ് നടപടി. എന്‍ഫോഴ്സ്മെൻ്റ് ആര്‍ടിഒയുടെ‌ നേതൃത്വത്തിലാണ് നടപടി എടുത്തത്. പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വടക്കഞ്ചേരി ബസ് അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ കര്‍ശന വാഹന പരിശോധനയാണ് മോട്ടോര്‍വാഹന വകുപ്പ് നടത്തുന്നത്. കെഎസ്‌ആര്‍ടി ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളുടെ ഫിറ്റ്നെസ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു.

വേഗപ്പൂട്ടില്‍ കൃത്രിമം കണ്ടെത്തിയതിനെ തുടര്‍ന്നും നടപടി സ്വീകരിച്ചിരുന്നു.
നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകള്‍ നിരത്തില്‍ വേണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ഇത്തരത്തിലുള്ള വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചു. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വാഹനങ്ങള്‍ക്കെതിരെ സൗമ്യത വേണ്ട.

ഇത്തരത്തില്‍ നിയമലംഘനം നടത്തുന്ന ബസ്സുകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഉടനടി ഡ്രൈവറുടെ ലൈസന്‍സും സസ്പെന്‍ഡ് ചെയ്യണം.

നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങളോടെയുള്ള വാഹനങ്ങള്‍ സ്കൂളിലോ ക്യാമ്പസിലോ പ്രവേശിക്കാന്‍ പാടില്ല. ലൈറ്റും സൗണ്ട് സിസ്റ്റവുമുള്ള വാഹനങ്ങള്‍ വിദ്യാര്‍ത്ഥികളാണ് ആവശ്യപ്പെടുന്നതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചപ്പോള്‍, ഫ്ലാഷ് ലൈറ്റും ഡിജെ സംവിധാനവും അനുവദിക്കുന്നതെങ്ങനെ എന്ന് കോടതി ചോദിച്ചു.

വിദ്യാര്‍ഥികള്‍ ഇത്തരം ബസ്സുകളില്‍ വിനോദയാത്ര പോകേണ്ടതില്ല എന്ന് വ്യക്തമാക്കിയ കോടതി, രക്ഷിതാക്കളുടെ നിലവിളി ആര് കേള്‍ക്കും എന്ന ചോദ്യവും ഉന്നയിച്ചു.
ലഹരി ഉപയോഗിച്ച്‌ വാഹനമോടിച്ചാല്‍ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനൊപ്പം ട്രെയിനിംഗ് കോഴ്സുകളും നടത്തും. ലഹരി ഉപയോഗിച്ച്‌ വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ എക്സൈസ് വകുപ്പുമായി ചേര്‍ന്ന് പരിശോധന നടത്തും.

ഏകീകൃത കളര്‍കോഡ് ലംഘിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും. രൂപമാറ്റം വരുത്തിയാലുള്ള പിഴ ഓരോ രൂപമാറ്റത്തിനും അയ്യായിരത്തില്‍ നിന്നും 10000 രൂപയാക്കി ഈടാക്കും. ജിപിഎസ് ഘടിപ്പിക്കാത്ത വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.