
ആലപ്പുഴ : അപകടത്തില്‍ പരിക്കേറ്റ യുവാക്കള്‍ക്ക് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ. ഗതാഗതക്കുരുക്കിനെ മറികടന്ന് മിന്നല്‍വേഗത്തില്‍ യുവാക്കളെ ആശുപത്രിയിലെത്തിച്ചാണ് ജീവനക്കാർ മാതൃകയായത്.
രക്ഷാപ്രവർത്തനത്തിനിടെ ബസ്സിന്റെ ട്രിപ്പ് മുടങ്ങിയെങ്കിലും ജീവൻരക്ഷിക്കാൻ കഴിഞ്ഞതിലുള്ള സംതൃപ്തിയിലാണ് ഇവർ. ബസ് യാത്രക്കാരും ജീവനക്കാരോടു സഹകരിച്ചു.
വ്യാഴാഴ്ച വൈകുന്നേരം ആറോടെ വെട്ടിയാർ കളത്തട്ട് ജങ്ഷനു സമീപമാണു സംഭവം. ആറാട്ടുപുഴ-പത്തനംതിട്ട റൂട്ടിലോടുന്ന അനിഴം ബസ്സിനെ മറികടന്നു മുന്നില്‍ക്കയറിപ്പോയ ബൈക്കും അതേദിശയില്‍പ്പോയ സ്കൂട്ടറുമായാണ് കൂട്ടിയിടിച്ചത്. അപകടംകണ്ട് ഡ്രൈവർ നൗഫല്‍ ബസ് ഉടൻ നിർത്തി. ഓടിച്ചെന്ന് അപകടത്തില്‍പ്പെട്ട യുവാക്കളെ താങ്ങിയെടുത്തു. ഒരാള്‍ ഗുരുതരാവസ്ഥയിലാണെന്നു മനസ്സിലായതോടെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമമായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപ്പോഴേക്കും സഹായത്തിന് ആളുകൂടി. പക്ഷേ, പരിക്കേറ്റവരെ ആശുപത്രിയിലാക്കാൻ വാഹനം കിട്ടിയില്ല. കൈകാണിച്ച വാഹനങ്ങളെല്ലാം നിർത്താതെ പോയി. 108 ആംബുലൻസ് വിളിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ കണ്ടക്ടർ സുനിലിന്റെ സഹായത്തോടെ പരിക്കേറ്റവരെ ബസ്സില്‍ കയറ്റി. ഗുരുതരാവസ്ഥയിലുള്ളയാളെ പിന്നിലെ നീളമുള്ള സീറ്റില്‍ കിടത്തിയും രണ്ടാമത്തെയാളെ സീറ്റിലിരുത്തിയും ഇടപ്പോണുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ബസ് കുതിച്ചു. അപകടസ്ഥലത്തെ ഗതാഗതക്കുരുക്ക് തടസ്സമായെങ്കിലും ഒരു മിനിറ്റുകൊണ്ട് പുറത്തുകടന്നു. നിർത്താതെ ഹോണടിച്ച് രണ്ടുമിനിറ്റുകൊണ്ട് നൗഫല്‍ ബസ് ആശുപത്രിക്കു മുന്നിലെത്തിച്ചു.
ഇടയ്ക്ക് ഇറങ്ങണമെന്നാവശ്യപ്പെടാതെ യാത്രക്കാരും സഹകരിച്ചു. കൊല്ലകടവ് കടൈക്കാട് സ്വദേശികളാണ് പരിക്കേറ്റവർ. ഇവർക്ക് ചികിത്സയ്ക്കുള്ള സഹായമെല്ലാംചെയ്ത് ബസ് ജീവനക്കാർ ആശുപത്രിയില്‍നിന്നു പുറത്തിറങ്ങിയപ്പോഴേക്കും അരമണിക്കൂർ കഴിഞ്ഞു. ഇതോടെ ട്രിപ്പും മുടങ്ങി. ബസ്സിലെ വീഡിയോദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.