
നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചതിനെതിരെ അമ്മ മല്ലിക സുകുമാരൻ. മകൻ തെറ്റ് ചെയ്‌തിട്ടില്ലെന്നും അന്വേഷണത്തെ ഭയക്കുന്നില്ലെന്നും മല്ലികാ സുകുമാരൻ പറഞ്ഞു.
‘എൻ്റെ മകൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഒരു അന്വേഷണത്തെയും ഞങ്ങൾ ഭയപ്പെടുന്നില്ല. ഈ വിഷയത്തിൽ പിന്തുണ നൽകി തന്നെയും മകനെയും സമീപിച്ചവരോട് നന്ദി’. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടി പൃഥ്വിരാജിന് മാർച്ച് 29 നാണ് കൊച്ചി ആദായ നികുതി വകുപ്പിൻ്റെ നോട്ടീസ് ലഭിച്ചത്.
കടുവ, ജനഗണമന, ഗോൾഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങൾ നൽകണമെന്ന് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടാണ് പൃഥ്വിരാജിന് നോട്ടീസ് അയച്ചത്. ഏപ്രിൽ 29-നകം വിശദീകരണം നൽകണമെന്നാണ് നിർദേശം. ഈ മൂന്ന് ചിത്രങ്ങളിലും അഭിനേതാവെന്ന നിലയിൽ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, സഹനിർമാതാവെന്ന നിലയിൽ 40 കോടിയോളം രൂപ പൃഥ്വിരാജ് സ്വന്തമാക്കിയെന്നാണ് കണ്ടെത്തൽ. അഭിനേതാവെന്ന നിലയിൽ പണം വാങ്ങിയാൽ അതിന് നികുതി കൂടുതലാണ്. എന്നാൽ, സഹ നിർമാതാവ് എന്ന നിലയിൽ പണം വാങ്ങുമ്പോൾ നികുതി താരതമ്യേന കുറവാണ്.
നിർമാണ കമ്പനിയുടെ പേരിൽ പണം വാങ്ങിയതിൽ വ്യക്തത വരുത്തണമെന്ന് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. സ്വാഭാവിക നടപടിയാണെന്നാണ് ആദായ നികുതി വകുപ്പിൻ്റെ വിശദീകരണം.