പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചു കൊന്നതിന് വധശിക്ഷ കാത്തിരുന്ന പ്രതിയും കാമുകിയെ സ്വന്തമാക്കാന്‍ അരുംകൊല ചെയ്ത തടവുകാരനും ജയില്‍ ചാടി; ചുറ്റുമതില്‍ ഇല്ലാത്ത ഓപ്പണ്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത് 75ഓളം കൊടുംകുറ്റവാളികളെ; കോവിഡ് മറയാക്കി നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നത് ഋഷിരാജ് സിങ്ങിന്റെ വകുപ്പില്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചതിന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കോടതി വധശിക്ഷ വിധിച്ച രാജേഷ്, കാമുകിയെ സ്വന്തമാക്കാന്‍ അരുംകൊല നടത്തി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച ശ്രീനിവാസന്‍ എന്നീ പ്രതികള്‍ തിരുവനന്തപുരത്തെ തുറന്ന ജയിലില്‍ നിന്നും രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരമാണ് സംഭവം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓപ്പണ്‍ ജയിലിലെ സ്ഥിരം തടവുകാര്‍ക്ക് പരോള്‍ നല്‍കിയിരുന്നു. തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാനാണ് സ്വഭാവമോ നല്ലനടപ്പോ പരിഗണിക്കാതെ 75 ഓളം തടവുകാരെ നെട്ടുകാല്‍ത്തേരി ഓപ്പണ്‍ ജയിലില്‍ എത്തിച്ചത്.
തുറന്ന ജയിലിലേക്ക് ഒരു തടവുകാരനെ മാറ്റുന്നത് അയാളുടെ സ്വഭാവം , കേസ് , പെരുമാറ്റം തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ്. എന്നാല്‍ ചാടിപ്പോയ പ്രതികളുടെ കാര്യത്തില്‍ ഇതൊന്നും പരിഗണിച്ചിട്ടില്ല എന്നത് സംഭവത്തിന് ദുരൂഹത നല്‍കുന്നു. ചുറ്റുമതിലോ പ്രത്യേക നിയന്ത്രണങ്ങളോ ഇല്ലാത്ത തുറന്ന ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത് എഴുപത്തഞ്ചോളം കൊടും കുറ്റവാളികളെയാണ്. ജയില്‍ അധികൃതരും സഹതടവുകാരും സംശയത്തിന്റെ നിഴലിലാണ്. കൃഷിയും മൃഗപരിപാലനവും ചുമതലയുള്ള ഇവര്‍ക്ക് പുറം ലോകവുമായി ദിവസവും ബന്ധപ്പെടാന്‍ കഴിയും. പുറത്തു നിന്നും സഹായം ലഭിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരം വട്ടപ്പാറയിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഓട്ടോ ഡ്രൈവര്‍ രാജേഷിന് 2013ലാണ് വധശിക്ഷ വിധിച്ചത്. കാമുകിയെ സ്വന്തമാക്കാന്‍ കൊലപാതകം നടത്തി ജീവപര്യന്തം തടവു ശിക്ഷ അനുഭവിച്ചു വന്ന ശ്രിനിവാസന്‍ തമിഴ്നാട് സ്വദേശിയാണ്.
ചാടിപ്പോയ പ്രതികള്‍ക്കായി ജയില്‍ അധികൃതരും പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കാനും പൊലീസ് നിര്‍ദ്ദേശം നല്‍കി. ജയില്‍ വകുപ്പിനെ നയിക്കുന്നത് ഡിജിപിയായ ഋഷിരാജ് സിംഗാണ്.