
കൊച്ചി : രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. വൈകിട്ട് അഞ്ച് മണിയോടെ കൊച്ചി നാവികതാവളത്തിലെത്തുന്ന മോദി വൈകിട്ട് ആറിന് കൊച്ചി മഹാരാജാസ് കോളജ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോയില്‍ പങ്കെടുക്കും.ഇന്ന് ആന്ധ്ര സന്ദര്‍ശനം കഴിഞ്ഞാണ് അദ്ദേഹം കേരളത്തിലെത്തുക.
റോഡ് ഷോ നടക്കുന്നതിനാല്‍ വൈകിട്ട് ആറു മുതല്‍ രാജേന്ദ്ര മൈതാനി മുതല്‍ ഗസ്റ്റ് ഹൗസ് വരെ വലിയ സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാളെ രാവിലെ ഗുരുവായൂരില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം തൃപ്രയാര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. പിന്നീട് കൊച്ചിയിലെത്തുന്ന മോദി ഷിപ്പ് യാഡിന്‍റെ രാജ്യാന്തര കപ്പല്‍ റിപ്പയറിങ് കേന്ദ്രം, പുതിയ ഡ്രൈ ഡോക്ക് എന്നിവ രാജ്യത്തിന് സമര്‍പ്പിക്കും.
മറൈൻ ഡ്രൈവില്‍ നടക്കുന്ന ബി.ജെ.പി യോഗത്തില്‍ കൂടി പങ്കെടുത്ത ശേഷം മോദി ഡല്‍ഹിയിലേക്ക് മടങ്ങും. ഒരു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് മോദി കേരളത്തിലെത്തുന്നത്. രാവിലെ മോദി ആന്ധ്രപ്രദേശിലെത്തും. നാഷനല്‍ അക്കാദമി ഓഫ് കസ്റ്റംസ്, പരോക്ഷ നികുതി, നാര്‍ക്കോട്ടിക്‌സ് എന്നിവയുടെ പുതിയ കാംപസ് രാജ്യത്തിന് സമര്‍പ്പിക്കും. ശ്രീ സത്യസായി ജില്ലയിലെ പാലസമുദ്രത്തില്‍ 500 ഏക്കറിലാണ് കാംപസ് സ്ഥിതിചെയ്യുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരോക്ഷ നികുതി, നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ അഡ്മിനിസ്‌ട്രേഷൻ എന്നീ മേഖലകളിലെ തുടര്‍പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്നതാണ് പുതിയ കാംപസ്. ഇവിടെ ഇന്ത്യൻ റവന്യൂ സര്‍വീസ്, ഭൂട്ടാനിലെ റോയല്‍ സിവില്‍ സര്‍വീസ് എന്നിവയുടെ 74, 75 ബാച്ചുകളിലെ ഓഫീസര്‍ ട്രെയിനികളുമായും പ്രധാനമന്ത്രി സംവദിക്കും. ഇതിനുശേഷമായിരിക്കും അദ്ദേഹം കൊച്ചിയിലേക്കു തിരിക്കുക.