
പ്രവാസിമലയാളിയെ തേടി പെറുസ്വദേശി ക്വട്ടേഷൻ സംഘത്തോടൊപ്പം കോഴിക്കോടെത്തി, വീട്ടിൽ കയറി രണ്ടു വയസ്സുള്ള മകളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു
സ്വന്തംലേഖിക
കൊടിയത്തൂർ: കൊടിയത്തൂരിലെ പ്രവാസിയുടെ വീട്ടിൽ പെറു സ്വദേശി ക്വട്ടേഷൻ സംഘത്തോടൊപ്പം എത്തി തോക്കു കാട്ടി ഭീഷണിപ്പെടുത്തിയതായി പരാതി. രണ്ടു വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നും പരാതിയുണ്ട്. ഹസീൻ പറമ്പിൽ ആണ് ഇതുസംബന്ധിച്ച് മുക്കം പൊലിസിൽ പരാതി നൽകിയത്. മൂന്നു കോടിയിലധികം രൂപ തട്ടിയെടുത്തതിനെതിരെ ഖത്തറിൽ നൽകിയ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ശനിയാഴ്ച അഞ്ചംഗ സംഘത്തോടൊപ്പം പെറു സ്വദേശി കൊടിയത്തൂരിലെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും മകളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയും ചെയ്തതെന്ന് പരാതിയിൽ പറയുന്നു.പെറു സ്വദേശിയായ ഡാനിബോൾ ക്വൂവസ് ആൽബരസും ഹസീനും ഖത്തറിൽ ഇന്ധന വിതരണ മേഖലയിൽ ഇടപാടുകാരായിരുന്നു. വിവിധ ഘട്ടങ്ങളിലായി ഇയാൾ മൂന്നു കോടിയിലധികം രൂപ ഹസീനിൽ നിന്ന് കൈക്കലാക്കി. തിരിച്ചു നൽകുമെന്നു പറഞ്ഞ സമയമെല്ലാം കഴിഞ്ഞതോടെയാണ് ഹസീൻ ഖത്തർ പൊലിസിൽ പരാതി നൽകി. പരാതിയിൽ അനുകൂല നടപടി ഉണ്ടാകുമെന്ന അവസ്ഥ ആയതോടെ ഡാനിബോൾ ക്വൂവസ് തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നാണ് ഹസീൻ മുക്കം പൊലിസിനോട് പറഞ്ഞത്.രണ്ടു ദിവസം പരിസര നിരീക്ഷണം നടത്തിയാണ് സംഘം രണ്ടു കാറുകളിൽ ഹസീന്റെ വീട്ടിലെത്തിയതെന്ന് അനുമാനിക്കുന്നു. കേസ് പിൻവലിച്ചില്ലെങ്കിൽ രണ്ടു വയസ്സുകാരിയായ മകളെ തട്ടിക്കൊണ്ടു പോകുമെന്നാണ് ഇയാൾ വീട്ടിലെത്തി ഭീഷണി മുഴക്കിയത്. തുടർന്ന് ഹസീൻന്റെ ഭാര്യയുടെ ഒച്ചയും ബഹളവും കേട്ട് ബന്ധുക്കൾ ഓടിയെത്തിയതോടെയാണ് സംഘം അവിടന്ന് രക്ഷപെട്ടത്. സംഘത്തിലെ മറ്റാളുകൾ മലയാളികളാണെന്ന് പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. കേസെടുത്ത മുക്കം പൊലിസ് വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അന്വേഷണം വ്യാപിപ്പിച്ചു.