‘ഫുൾ ടൈം മൊബൈലിൽ, വീട്ടുജോലി ചെയ്യുന്നില്ല’; മകളെ അച്ഛൻ പ്രഷർ കുക്കർ കൊണ്ട് തലയ്ക്കടിച്ച് കൊന്നു; അമ്മയുടെ പരാതിയിൽ പിതാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

Spread the love

അഹമ്മദാബാദ്: വീട്ടുജോലി ചെയ്യാതെ എപ്പോഴും മൊബൈൽ ഫോണിൽ കളിച്ചുകൊണ്ടിരിക്കുകയാണെന്ന പേരിൽ പിതാവ് മകളെ കൊലപ്പെടുത്തി.

ഗുജറാത്തിലെ സൂറത്തിലാണ് ദാരുണമായ കൊലപാതകം നടന്നത്. പതിനെട്ടുകാരിയായ ഹെതാലിയെ ആണ് പിതാവ് മുകേഷ്(40) പ്രഷർ കുക്കർ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊന്നത്. സംഭവത്തിന് പിന്നാലെ മുകേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പെൺകുട്ടിയുടെ അമ്മയായ ഗീതാ ബെൻ നൽകിയ പരാതിയിലാണ് പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടു ജോലി ചെയ്യാതെ മകൾ എപ്പോഴും മൊബൈൽ ഫോണിൽ ഗെയിം കളിച്ചിരിക്കുകയാണെന്ന് പറഞ്ഞാണ് മുകേഷ് ഹെതാലിയെ ആക്രമിച്ചത്.

കഴിഞ്ഞ വ്യാഴ്ച വൈകിട്ടോടെയാണ് സംഭവം. അസുഖ ബാധിതനായി മുകേഷ് വീട്ടിൽ വിശ്രമത്തിലായിരുന്നു. ഭാര്യ ഗീതാ ബെൻ ജോലിക്കായി പോയി. ഈ സമയത്ത് മകളോട് വീട്ടിലെ ജോലികൾ ചെയ്യാൻ മുകേഷ് ആവശ്യപ്പെട്ടു. എന്നാൽ ഇത് കേൾക്കാതെ  ഹെതാലി മൊബൈൽ ഫോണിൽ ഗെയിം കളിച്ചിരുന്നു.

സംഭവ ദിവസം വീട് വൃത്തിയാക്കണമെന്ന് മകളോട് ആവശ്യപ്പെട്ട ശേഷമായിരുന്നു ഗീത ജോലിക്ക് പോയതെന്ന് പൊലീസ് പറഞ്ഞു.

ഭാര്യ തിരിച്ച് വരുന്ന സമയമായിട്ടും മകൾ വീട്ട് ജോലി ചെയ്തിരുന്നില്ല. പലതവണ പറഞ്ഞിട്ടും കൂട്ടാക്കാതെ മകൾ മൊബൈൽ നോക്കിയിരുന്നതോടെ പ്രകോപിതനായ മുകേഷ് അടുക്കളയിൽ നിന്നും പ്രഷർ കുക്കറെടുത്ത് ഹെതാലിയെ ആക്രമിച്ചു. കുക്കർ കൊണ്ടുള്ള അടിയേറ്റ് 17 കാരിയുടെ തലയിലും ശരീര ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റു.

ഈ സമയത്ത് വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു പെൺകുട്ടിയുടെ സഹോദരൻ മായങ്ക്. കരച്ചിൽ കേട്ട് മായങ്ക് ഓടിയെത്തിയപ്പോഴാണ് പിതാവ് സഹോദരിയെ ആക്രമിക്കുന്നത് കാണുന്നത്. പരിഭ്രാന്തനായ കുട്ടി അമ്മയെ ഫോണ്‍ വിളിച്ച് വിവരമറിച്ചു.

ഗീത വീട്ടിലെത്തിയപ്പോൾ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന മകളെയാണ്. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മാതാവ് വിവരം പൊലീസിൽ അറിയിച്ചു. പിന്നാലെ കൊലപാതക കുറ്റത്തിന് കേസെടുത്ത പൊലീസ് പിതാവ് മുകേഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.