പെരിയാറിൽ യുവതിയെ കെട്ടിതാഴ്ത്തിയ സംഭവം; വെളുത്ത പോളോകാറിനെ കേന്ദ്രികരിച്ച്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി : പെരിയാറിൽ യുവതിയെ പുതപ്പിൽ കെട്ടിത്താഴ്ത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം മുന്നോട്ടു നീക്കാനാകാതെ പൊലീസ്. മരിച്ച യുവതിയെ കണ്ടെത്താനോ പ്രതികളെക്കുറിച്ചോ പുതിയ സൂചനകളിലേക്കു നയിക്കുന്ന വിവരങ്ങളോ പൊലീസിനു ലഭിച്ചിട്ടില്ലെന്നതും അന്വേഷണത്തെ ബാധിക്കുന്നുണ്ട്.

കേരളത്തിനു പുറത്തുള്ള ആയിരക്കണക്കിന് കാണാതാകൽ കേസുകളുമായി പൊലീസ് മൃതദേഹത്തിൽ നിന്നു ലഭിച്ച വിവരങ്ങൾ താരതമ്യപ്പെടുത്തിയിരുന്നു. എന്നാൽ കാര്യമായി വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. മരിച്ചതാരാണെന്ന വിവരം ലഭിച്ചാൽ മാത്രമേ അന്വേഷണം ഇനി മുന്നോട്ടു നീങ്ങൂ എന്നതാണ് നിലവിലുള്ള സാഹചര്യം. അതേസമയം മൃതദേഹം പുഴയിൽ ഒഴുക്കുന്നതിന് പുതപ്പു വാങ്ങിയ രണ്ടു പേരെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിനു ലഭിച്ചു എന്നു പറയുമ്‌ബോഴും കൃത്യമായ സൂചന ലഭിച്ചിട്ടില്ല എന്നത് വിലങ്ങു തടിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതപ്പു വാങ്ങാൻ സ്ത്രീയും പുരുഷനും യാത്ര ചെയ്ത വാഹനം വെളുത്ത പോളോ കാർ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം വെളുത്ത പോളോ കാർ ഉപയോഗിക്കുന്നവർ കുറവാണെന്നും ഇത് അന്വേഷണം കുറെക്കൂടി സുഗമമാക്കും എന്നുമുള്ള പ്രതീക്ഷയിലാണ് പൊലീസ്. സംസ്ഥാനത്ത് വെളുത്ത പോളോ കാർ ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്

രക്തക്കറയും മറ്റും പറ്റിയിരിക്കാൻ ഇടയുണ്ട് എന്ന കണക്കു കൂട്ടലിൽ അടുത്ത ദിവസങ്ങളിൽ വെളുത്ത പോളോ കാർ കഴുകുന്നതിനായി സർവീസ് സെന്ററുകളെ സമീപിച്ചിട്ടുള്ളവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്ഥലത്തുള്ള സിസിടിവി ദൃശ്യങ്ങളെല്ലാം ഇതിനകം പൊലീസ് പരിശോധിച്ചു കഴിഞ്ഞിട്ടുണ്ട്. സ്ഥലത്തെ ടെലിഫോൺ ടവറുകൾക്കു കീഴിൽ രാത്രിയിലും സജീവമായിരുന്ന മൊബൈൽ നമ്ബരുകളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു.

മരിച്ച യുവതിക്ക് ആധാർ കാർഡുണ്ടെങ്കിൽ അന്വേഷണം സുഗമാക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോൾ പൊലീസിനുള്ളത്. യുവതിയുടെ വിരലടയാളം പകർത്താൻ ഫോറൻസിക് വിദഗ്ധർക്ക് സാധിച്ചിട്ടുണ്ടെന്നാണ് വിവരം. അങ്ങനെയാണെങ്കിൽ ആധാർ ഡാറ്റാബേസിൽ നിന്നു പൊലീസിനു ആരാണ് മരിച്ചതെന്ന വിവരം കണ്ടെത്താനാകും എന്നും വിലയിരുത്തുന്നു. കീഴ്താടിയിൽ മറുകുള്ള യുവതിയാണ് മരിച്ചിട്ടുള്ളത്. ഈ വിവരം പുറത്തു വിട്ടിട്ടും കാര്യമായ വിവരമൊന്നും പൊലീസിനു ലഭിച്ചിട്ടില്ല.

മൃതദേഹം പുഴയിൽ ഒഴുക്കിയവർക്ക് സ്ഥലത്തെക്കുറിച്ച് മുൻധാരണ ഉണ്ടെന്നാണു പൊലീസ് കരുതുന്നത്. മംഗലപ്പുഴ പാലത്തിനടിയിലെ റോഡിലൂടെ കാറിൽ കൊണ്ടുവന്ന് മൃതദേഹം കെട്ടിത്താഴ്ത്തിയതാകാനുള്ള സാധ്യതയും പൊലീസ് പരിഗണിക്കുന്നുണ്ട്. പാലത്തിലൂടെ പോകുമ്‌ബോൾ മംഗലപ്പുഴപ്പാലത്തിന്റെ അടിയിലെ റോഡിനെക്കുറിച്ച് മനസിലാക്കാനാവില്ല. എന്നാൽ പാലത്തിനടിയിലുള്ള ധാബയിൽ ഒരു തവണയെങ്കിലും ഭക്ഷണം കഴിക്കാൻ എത്തിയിട്ടുള്ളവർക്ക് ഈ വഴി തിരിച്ചറിയാൻ സാധിച്ചിട്ടുണ്ടാകും. അങ്ങനെയാണെങ്കിൽ സ്ഥലപരിചയമുള്ളവർ ആയിരിക്കാം പ്രതിസ്ഥാനത്തുള്ളവർ എന്നും വിലയിരുത്തുന്നുണ്ട്.

അതേസമയം മൃതദേഹം കണ്ടെത്തി ഇത്ര ദിവസമായിട്ടും മിസിങ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തത് പൊലീസിനെ ആശങ്കയിലാക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തി ജോലി ചെയ്യുന്നവരിലേക്കും ഐടി മേഖലകളിൽ ജോലി ചെയ്യുന്നവരിലേക്കും അന്വേഷണം നീട്ടിയിട്ടും ഇതുവരെ വിവരങ്ങളൊന്നും പൊലീസിനു ലഭിച്ചിട്ടില്ല. സ്വന്തം വീടുകളിൽ ആക്രമിക്കപ്പെട്ട സംഭവം ആകാനും സാധ്യതയുണ്ടെന്നാണ് പൊലീസ് വിലയിരുത്തുന്നത്. അങ്ങനെയാണെങ്കിൽ വിവരം പുറത്തു വരുന്നതിനോ പരാതിക്കാരുണ്ടാകാനോ ഇനിയും സമയം എടുത്തേക്കാം എന്നാണ് പൊലീസ് പറയുന്നത്