പ്രസിഡന്റ് സ്ഥാനം കിട്ടാൻ കൂറുമാറ്റം: പ്രതിഫലം 50 ലക്ഷം: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കൂറുമാറ്റം നടന്നത്: കുറുമാറിയ അംഗം പിന്നീട് രാജിവച്ചു.

Spread the love

തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ട് ചെയ്യാൻ 50 ലക്ഷം രൂപ ഓഫർ ചെയ്തതായി വെളിപ്പെടുത്തല്‍.

video
play-sharp-fill

തളി ഡിവിഷനില്‍നിന്ന് ലീഗ് സ്വതന്ത്രനായി വിജയിച്ച ഇ.യു. ജാഫറിനാണ് സി.പി.എമ്മിന്റെ വൻതുക ഓഫർ വന്നത്. ഈ ഓഫർ സ്വീകരിച്ച്‌ ജാഫർ കൂറുമാറി വോട്ടുചെയ്യുകയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എല്‍.ഡി.എഫിന് ലഭിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച്‌ ജാഫർ നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നു.

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും തുല്യ സീറ്റാണ് തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. ഇതോടെ ഭരണം ആർക്ക് ലഭിക്കും എന്നത് തുലാസിലായി. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നതിന് തലേ ദിവസമാണ് ഇ.യു. ജാഫർ തനിക്ക് ഓഫർ വന്ന കാര്യം കോണ്‍ഗ്രസ് വരവൂർ മണ്ഡലം പ്രസിഡന്റ് എ.എ. മുസ്തഫയോട് വെളിപ്പെടുത്തിയത്. ഇവർ തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണം പിന്നാലെ പുറത്താവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആവാം. എല്‍.ഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥിക്കു വോട്ട് നല്‍കാം. വോട്ട് ചെയ്യുകയാണെങ്കില്‍ 50 ലക്ഷം രൂപ ഇതിനുള്ള ഉപഹാരമായി നല്‍കാമെന്നാണ് സി.പി.എം അറിയിച്ചത് എന്നാണ് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്. ‘എന്റെ ലൈഫ് സെറ്റിലാക്കാനാണ് ഞാൻ ജീവിക്കുന്നത്. അത് സെറ്റാവാനുള്ള ഒരു ഓപ്ഷൻ ആണ് മുന്നില്‍ വന്നത്. 50 ലക്ഷമാണ് ഇപ്പോള്‍ ഓഫർ കിടക്കുന്നത്. നീയാണെങ്കില്‍ നിന്റെയും കണ്ണ് മഞ്ഞളിക്കും…’ എന്നിങ്ങനെയാണ് ഇരുവരും തമ്മിലുള്ള സംഭാഷണത്തില്‍ ജാഫർ പറയുന്നത്.

യുഡിഎഫിനൊപ്പം നിന്നാല്‍ രണ്ട് പക്ഷത്തുമുള്ള സ്ഥാനാർഥികള്‍ക്കും തുല്യ വോട്ട് ലഭിച്ച്‌ നറുക്കെടുപ്പിലൂടെ ഒരാള്‍ പ്രസിഡന്റാവുമെന്നും അതുകൊണ്ട് തനിക്കെന്തു നേട്ടമെന്നും ജാഫർ ഫോണില്‍ ചോദിക്കുന്നുണ്ട്. ഇതിന് പിന്നാലെ തൊട്ടടുത്ത ദിവസം ജാഫർ കൂറുമാറി വോട്ടുചെയ്യുകയും എല്‍.ഡി.എഫിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിക്കുകയും ചെയ്തിരുന്നു.

പിന്നാലെ നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് ജാഫർ വിട്ടുനില്‍ക്കുക കൂടി ചെയ്തതോടെ വൈസ് പ്രസിഡന്റ് സ്ഥാനവും എല്‍ഡിഎഫിന് തന്നെ ലഭിച്ചു. ഇതിനുപിന്നാലെ അടുത്തദിവസം ജാഫർ തന്റെ ബ്ലോക്ക് പഞ്ചായത്തംഗത്വം രാജിവെക്കുകയും ചെയ്തു. ഇതോടെ നിലവില്‍ ആകെയുള്ള 14സീറ്റില്‍ എല്‍.ഡി.എഫിന് ലീഡ് ആയി. നേരത്തെ യു.ഡി.എഫിനും എല്‍.ഡി.എഫിനും 7 വീതം അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ യു.ഡി.എഫ് അംഗങ്ങള്‍ ആറായി മാറി.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട യു.ഡി.എഫിലെ പി.ഐ ഷാനവാസാണ് ഫോണ്‍ സംഭാഷണം പുറത്തുവിട്ടത്. ശബ്ദരേഖ താനുമായി ജാഫർ സംസാരിച്ചത് തന്നെയെന്ന് വരവൂർ മണ്ഡലം പ്രസിഡന്റ് എ.എ മുസ്തഫ സ്ഥിരീകരിച്ചു. എന്നാല്‍ ഫോണിലൂടെ തമാശരൂപേണ പറഞ്ഞ കാര്യങ്ങളാണ് അതെന്നാണു ജാഫർ പറയുന്നത്.

ജാഫർ കൂറുമാറി വോട്ട് ചെയ്തതിനെ തുടർന്ന് സി.പി.എമ്മിലെ കെ.വി. നഫീസ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ 15 വർഷമായി എല്‍.ഡി.എഫാണ് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഭരിക്കുന്നത്. ജാഫറിന്റെ കൂറുമാറ്റത്തിന് പിന്നാലെ യു.ഡി.എഫ് പ്രവർത്തകർ പലയിടത്തും ജാഫറിന്റെ ഫ്ലക്സില്‍ കരി ഓയില്‍ അഭിഷേകം നടത്തുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.
അതേസമയം, സംഭവത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അനില്‍ അക്കര ഡി.ജി.പിക്കും വിജിലൻസ് ഡയറക്ടർക്കും പരാതി നല്‍കി. വിജിലൻസ് അന്വേഷണം ആരംഭിച്ചു.