
സ്വന്തം ലേഖകൻ
ദില്ലി: ജമ്മുകാശ്മീരിൽ ഭീകരരെ തുരത്താനുളള സൈനിക നീക്കത്തിനിടെ വെടിയേറ്റ് ജീവന്‍ നഷ്ടമായ കരസേനയുടെ ഡോഗ് സ്‌ക്വാഡിലെ നായ കെന്‍റിന് രാഷ്ട്രപതിയുടെ ധീരതാ പുരസ്കാരം. ഗോള്‍ഡന്‍ ലാബ്രഡോർ ഇനത്തിൽപ്പെട്ട കെന്റിന് മരണാനന്തര ബഹുമതിയായാണ് ഗാലൻട്രി അവാർഡ് പുരസ്കാരം. കഴിഞ്ഞ സെപ്റ്റംബറിൽ ജമ്മുവിൽ സൈനികര്‍ക്കൊപ്പമുള്ള ഓപ്പറേഷനിടെയാണ് ആറ് വയസുകാരിയായ കെന്‍റ് വീരമൃത്യു വരിച്ചത്.
രജൗരിയിൽ ഭീകരർ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് സൈന്യം എത്തിയത്. ഭീകരരുടെ താവളത്തിലേക്ക് സൈന്യത്തിന് വഴികാട്ടിയായത് കെന്റായിരുന്നു. സൈന്യമെത്തിയതോടെ ഭീകരർ വെടിവെപ്പ് തുടങ്ങി. ഭീകരർ വെടിവെപ്പ് തുടർന്നുവെങ്കിലും കെന്‍റ് പിന്മാറിയില്ല. ഭീകരുടെ താവളത്തിലേക്ക് നീങ്ങിയ കെന്‍റിന് തന്റെ ഹാൻഡ്ലറായ സൈനികനെ ഭീകരരുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടുത്താൻ ശ്രമത്തിനിടെയാണ് വെടിയേറ്റത്. സംഭവ സ്ഥലത്തുവെച്ച് തന്നെ കെന്‍റ് കൊല്ലപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
8B8 ആർമി നമ്പറിലുള്ള പ്രത്യേക ട്രാക്കർ നായ ആയിരുന്നു കെന്റ്. സൈനികരെ ചെറുത്ത് തോൽപ്പിച്ച സൈന്യം പോരാട്ടഭൂമിയിൽ വീരമൃത്യുവരിച്ച കെന്‍റിനെ ത്രിവർണ പതാക പുതപ്പിച്ച് പുഷ്പചക്രം സമർപ്പിച്ചാണ് യാത്രാമൊഴി നൽകിയത്. ഓപ്പറേഷനിൽ രണ്ട് ഭീകരരും ഒരു സൈനികനും കൊല്ലപ്പെട്ടിരുന്നു. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്കും രണ്ട് സൈനികർക്കും ഒരു പൊലീസുകാരനും ഏറ്റുമുട്ടലിൽ പരിക്കേറ്റു.
കഴിഞ്ഞ ദിവസവും ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ കരസേനയുടെ ഡോഗ് സ്‌ക്വാഡിലെ നായ മരിച്ചിരുന്നു. കശ്മീരിലെ അനന്ത്നാഗിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നായ സൂം ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ശസ്ത്രക്രിയക്ക് വിധേയനായ ശേഷം ശ്രീനഗറിലെ സൈനിക മൃഗാശുപത്രിയിലായിരുന്നു സൂമിന്റെ അന്ത്യം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സൂം വിടവാങ്ങിയത്. അവസാന ദൗത്യത്തിലും പോരാട്ടവീര്യം വിടാതെ രണ്ട് ലഷ്‌കറെ ഭീകരരെ സൈന്യത്തിന് കാട്ടികൊടുത്താണ് സൂം വിടവാങ്ങിയത്. ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലിനിടെയാണ് സൂമിന്റെ ദേഹത്തു രണ്ട് വെടിയുണ്ടകൾ തുളഞ്ഞുകയറിയത്.