
തിരുവനന്തപുരം: പഞ്ചായത്ത് വാഹനം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം. റോഡിൽ വച്ച് പുതിയ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും തമ്മിൽ വാക്കേറ്റമായി.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ തുടർന്നു രേഖകൾ കലക്ടറേറ്റിൽ എത്തിച്ചശേഷം പഞ്ചായത്ത് വാഹനം തിരിച്ചു വരികയായിരുന്നു. പ്രസിഡന്റ് കുളക്കോട് വച്ച് കൈ കാണിക്കുകയും വണ്ടി നിർത്തിക്കുകയും അരുവിക്കരയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോകണമെന്നും വാഹനം നൽകണമെന്നും ആവശ്യപ്പെടുകയുമായിരുന്നു.
സെക്രട്ടറിയുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ ഓഫിസ് സമയം കഴിഞ്ഞ് വാഹനം ഓടിക്കാൻ കഴിയൂ എന്ന് ഡ്രൈവർ പറഞ്ഞു. ഇതിനിടെ പ്രസിഡന്റ് വാഹനത്തിന്റെ താക്കോൽ ഊരിയെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ സെക്രട്ടറി താക്കോൽ ചോദിച്ചെങ്കിലും പ്രസിഡന്റ് താക്കോൽ നൽകിയില്ല. തുടർന്ന് സെക്രട്ടറിയും പ്രസിഡന്റും തമ്മിൽ വാക്കേറ്റമായി. ഇന്നലെ വൈകിട്ട് 6ന് വെള്ളനാട് കുളക്കോട് ജംക്‌ഷനിലാണ് നാടകീയ രംഗങ്ങൾ നടന്നത്.



