രാഷ്ട്രപതിയെ വരവേൽക്കാൻ ഒരുങ്ങി കോട്ടയം; ജില്ലയിൽ സ്കൂൾ സമയത്തിൽ മാറ്റം;ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു

Spread the love

കോട്ടയം: ജില്ലയിൽ എത്തുന്ന രാഷ്ട്രപതിയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കോട്ടയം നഗരത്തിലും പാലായിലും കുമരകത്തും അതീവ സുരക്ഷയും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി.

video
play-sharp-fill

റോഡ് നവീകരണം, പുല്ല് വെട്ടൽ, വൈദ്യുതി അറ്റകുറ്റപ്പണികൾ, റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റൽ, പാലങ്ങളുടെ കൈവരി മിനുക്കൽ, കോണത്താറ്റ് പാലത്തിന് സമീപം തറയോടുകൾ പാകൽ തുടങ്ങി സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളും ദ്രുദഗതിയിൽ പൂർത്തിയാക്കി.

നഗരത്തിൽ പലയിടങ്ങളിലും ബാരിക്കേടുകൾ സ്ഥാപിച്ചു. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളെ പകൽ 12 മുതൽ വൈകിട്ട് 7 വരെയും 24ന് 12.30 മുതൽ രാത്രി 12 വരെയും റോഡ് അരികുകളിലും ജംഗ്ഷനുകളിലും പാർക്കിംഗും, തട്ടുകട ഉൾപ്പടെയുള്ള വഴിയോര വാണിഭങ്ങളും, ഓട്ടോ, ടാക്‌സി സ്റ്റാൻഡുകളും, കർശനമായി നിരോധിച്ചു. നാളെ ഉച്ചയ്ക്ക് ഒന്ന് മുതൽ 7 വരെയും 24ന് രാവിലെ 6 മുതൽ 11 വരെയുമാണ് ഗതാഗത നിയന്ത്രണം.

ക്രമീകരണങ്ങൾ
കനത്ത സുരക്ഷയിലാണ് പാലായും കോട്ടയവും കുമരകവും. രാഷ്ട്രപതി കടന്നു പോകുന്ന റോഡിന് ഇരുവശവും ബാരിക്കേഡുകൾ സ്ഥാപിക്കുന്ന ജോലികൾ അവസാന ഘട്ടത്തിലാണ്. ഇന്നലെ കോട്ടയത്തുനിന്ന് കുമരകത്തേക്ക് രാഷ്ട്രപതിക്കു സഞ്ചരിക്കേണ്ട വാഹന വ്യൂഹത്തിന്റെ ട്രയൽ റൺ നടത്തി.

രാഷ്ട്രപതി സഞ്ചരിക്കുന്ന ഹെലികോപ്റ്റർ കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ട്, പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ ഇറക്കിയും ട്രയൽ നടത്തി.

യാത്രാവഴി

പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടിൽനിന്ന് നാളെ വൈകിട്ട് 5.10ന് ഹെലികോപ്റ്ററിൽ കോട്ടയത്തേക്കു മടങ്ങുന്ന രാഷ്ട്രപതി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ ഇറങ്ങും. അവിടെനിന്ന് ലോഗോസ് ജംക്‌ഷൻ, ശാസ്ത്രി റോഡ്, കുര്യൻ ഉതുപ്പ് റോഡ്, സീസേഴ്സ് ജംക്‌ഷൻ, ബേക്കർ ജംക്‌ഷൻ വഴി കോട്ടയം– കുമരകം റോഡിൽ എത്തും.

ഈ വഴി നേരേ കുമരകം താജ് ഹോട്ടലിൽ എത്തും. 24ന് ഇതേ വഴി തന്നെ കുമരകത്തുനിന്ന് തിരികെ പൊലീസ് പരേഡ് ഗ്രൗണ്ടിൽ എത്തും. 11ന് പൊലീസ് പരേഡ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ കൊച്ചിക്ക് പോകും.

24ാം നമ്പർ മുറി
രാഷ്ട്രപതി ദ്രൗപദി മുർമു താജ് ഹോട്ടലിലെ കായലോരത്തെ 24–ാം നമ്പർ മുറിയിലായിരിക്കും താമസം. പ്രധാനമന്ത്രി വാജ്പേയിയും രാഷ്ട്രപതി പ്രതിഭാ പാട്ടീലും താമസിച്ചിരുന്നത് കായലോരത്തെ 18–ാം നമ്പർ മുറിയിലായിരുന്നു.

രാഷ്ട്രപതിക്ക് താജ് ഹോട്ടലിൽ കേരള ഭക്ഷണമാണു വിളമ്പുക. സവാളയും വെളുത്തുള്ളിയും ചെറിയ ഉള്ളിയും ചേർക്കാത്ത കറികളാണു തയാറാക്കേണ്ടതെന്നു നിർദേശിച്ചിട്ടുണ്ട്. പാചകത്തിനായി പുതിയ പാത്രങ്ങളും എത്തിച്ചു.

ഡ്രോൺ നിരോധനം
വ്യോമസുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നാളെ ഉച്ചയ്ക്ക് 12 മുതൽ 24ന് ഉച്ചയ്ക്ക് 12 വരെ ഹെലികോപ്റ്ററുകളും ഡ്രോണുകളും, മൈക്രോലൈറ്റ് എയർക്രാഫ്റ്റുകളും യുഎവികളും പറത്തുന്നതു കലക്ടർ നിരോധിച്ചു.

കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ട്, പാലാ സെന്റ് തോമസ് കോളജ്, പാലാ മുനിസിപ്പൽ സ്റ്റേഡിയം, കോട്ടയം സിഎംഎസ് കോളജ് ഗ്രൗണ്ട്, കോട്ടയം നെഹ്റു സ്റ്റേഡിയം, കുമരകം താജ് ഹോട്ടൽ എന്നിവയുടെയും കോട്ടയം ജില്ലയിലെ മറ്റ് ഹെലിപ്പാഡുകളുടെയും സമീപ സ്ഥലങ്ങളുടെയും വ്യോമ മേഖലയിലാണ് നിരോധനം.

ജില്ലയിൽ സ്കൂൾ സമയത്തിൽ മാറ്റം

കോട്ടയം:നാളെയും മറ്റന്നാളും ജില്ലയിൽ സ്കൂൾ പ്രവർത്തന സമയത്തിൽ മാറ്റമുണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. നാളെ ജില്ലയിലെ എല്ലാ സ്‌കൂളുകളും മൂന്നിനു മുൻപായി പ്രവർത്തനം അവസാനിപ്പിക്കണം. 24ന് കോട്ടയം താലൂക്കിലെ എല്ലാ സ്‌കൂളുകളും 8.30ന് മുൻപായി പ്രവർത്തനം ആരംഭിക്കണം.