
പത്തനംതിട്ട: മാളികപ്പുറം ക്ഷേത്രത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു തൊഴുതു നിൽക്കുന്ന ചിത്രം രാഷ്ട്രപതിഭവൻ എക്സ് പ്ലാറ്റ്ഫോമിൽ നിന്ന് പിൻവലിച്ചു. ചിത്രത്തിൽ ശ്രീകോവിലിന്റെ ഉൾവശവും വിഗ്രഹവും ദൃശ്യമായിരുന്നു.
വിഗ്രഹത്തിന്റെ ചിത്രം എടുത്തതിൽ വിമർശനം ഉയർന്നിരുന്നു. തുടർന്ന് ചിത്രത്തിനു താഴെ ഒട്ടേറെ വിമർശന കമന്റുകൾ വന്നതോടെ ചിത്രം ഔദ്യോഗിക പേജിൽ നിന്ന് പിൻവലിച്ചു. ശബരിമല ദർശനത്തിനു ശേഷം വൈകിട്ട് രാഷ്ട്രപതി തിരുവനന്തപുരത്ത് മടങ്ങിയെത്തി. രാഷ്ട്രപതിയുടെ ബഹുമാനാർഥം ഗവർണർ അത്താഴ വിരുന്നൊരുക്കി.
നേരത്തെ രാവിലെ രാഷ്ട്രപതിയെ 11.45ന് കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിച്ചു. തുടർന്ന് ബലിക്കൽപുരയിലേക്ക് ആനയിച്ചു. 11.47ന് അയ്യപ്പനെ വണങ്ങി. . പത്ത് മിനിട്ടോളം ശ്രീകോവിലിന് മുന്നിൽ ഭക്തിയോടെ നിന്ന രാഷ്ട്രപതി കാണിക്കയിട്ട് വീണ്ടും അയ്യനെ തൊഴുതശേഷം ഉപദേവ പ്രതിഷ്ഠയായ ഗണപതിയെയും വണങ്ങി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
12 മണിയോടെ ഫ്ളൈ ഓവർ വഴി നടന്ന് മാളികപ്പുറം ദേവീക്ഷേത്രത്തിലും ദർശനം നടത്തി. മണിമണ്ഡപത്തിന് മുന്നിലെത്തി ഐതീഹ്യം ചോദിച്ചറിഞ്ഞു. പിന്നാലെ നാഗരാജ ക്ഷേത്രത്തിലും നവഗ്രഹ ക്ഷേത്രത്തിലും ദർശനം നടത്തി. തുടർന്ന് വാവര് സ്വാമിയുടെ നടയിലുമെത്തി.
വാവരുടെ പ്രതിനിധി ആചാരപരമായി അനുഗ്രഹിച്ചു. തുടർന്ന് സന്നിധാനത്ത് വിശ്രമിക്കാതെ രാഷ്ട്രപതി പമ്പയിലേക്ക് മടങ്ങി. ഗസ്റ്റ് ഹൗസിൽ ഉച്ചഭക്ഷണം കഴിഞ്ഞ് 2.30ന് കാറിൽ പ്രമാടത്തേക്ക് അവിടെനിന്ന് 4.15ന് രാഷ്ട്രപതി ഹെലികോപ്ടറിൽ തിരുവനന്തപുരത്തേക്ക് മടങ്ങി



