
കോട്ടയം : കനത്ത സുരക്ഷയിൽ രാഷ്ട്രപതി ദ്രൗപദി മുർമു കോട്ടയത്ത് എത്തും. പാലാ സെന്റ് തോമസ് കോളേജിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യാനായി തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറിൽ 3.50 ന് പാലായിൽ ഇറങ്ങും.
നാലിനാണ് പരിപാടി. 50 മിനിറ്റ് നീളുന്ന ചടങ്ങിൽ പങ്കെടുത്ത ശേഷം ഹെലികോപ്ടറിൽ കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ ഇറങ്ങും. തുടർന്ന് ലോഗോസ് ജങ്ഷൻ, ശാസ്ത്രി റോഡ്, കുര്യൻ ഉതുപ്പ് റോഡ്, സീയേഴ്സ് ജംഗ്ഷൻ, ബേക്കർ ജംഗ്ഷൻ വഴി കുമരകത്തേക്ക് കാർ മാർഗമാണ് യാത്ര.
കുമരകം താജ് ഹോട്ടലിൽ താമസിക്കുന്ന രാഷ്ട്രപതിയ്ക്കും സംഘത്തിനുമായി വൈകിട്ട് കേരളത്തിന്റെ തനതുകലാ രൂപങ്ങൾ പ്രദർശിപ്പിക്കും. അത്താഴത്തിനായി കേരളീയ വിഭവങ്ങൾ ഉൾപ്പെടെ വിപുലമായ വിഭവങ്ങൾ ഒരുക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാളെ രാവിലെ കാലാവസ്ഥ ഉൾപ്പെടെ അനുയോജ്യമെങ്കിൽ കായൽ സവാരിക്ക് സാദ്ധ്യതയുണ്ട്. പത്തിന് കാർ മാർഗം കോട്ടയത്തേയ്ക്കു മടങ്ങി ഹെലികോപ്ടറിൽ കൊച്ചിയിലേയ്ക്കു പോകും.
ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ മുഴുവൻ ഡിവൈ.എസ്.പിമാരും എസ്.എച്ച്.ഒമാരും ആയിരത്തോളം പൊലീസുകാരുമാണ് രാഷ്ട്രപതിക്ക് സുരക്ഷ ഒരുക്കുന്നത്. പലതവണ ട്രയൽ റൺ പൂർത്തിയാക്കി.
കോട്ടയത്തിന്റെ കിഴക്കൻ, പടിഞ്ഞാറൻ മേഖലകളിലും നഗരങ്ങളിലും കനത്ത പൊലീസ് സന്നാഹമാണ്. പാലായിലേക്കും തിരികെയുമുള്ള യാത്ര നിലവിൽ ആകാശമാർഗമാണ് ക്രമീകരിച്ചിരിക്കുന്നതെങ്കിലും കാലാവസ്ഥ പ്രതികൂലമായാൽ റോഡ് മാർഗം ആശ്രയിക്കേണ്ടി വരുമെന്നതിനാൽ ഇതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഏറ്റുമാനൂർ വഴി പാലായിലേക്കുള്ള വഴി പൂർണമായും പൊലീസ് നിയന്ത്രണത്തിലാകും. ഇടറോഡുകളിലും പട്രോളിംഗ് ശക്തമാക്കും. കുമരകത്ത് കേന്ദ്ര സേനയടക്കം ക്യാമ്പ് ചെയ്യുന്നുണ്ട്.
കോട്ടയം നഗരത്തിൽ വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് 12 മുതൽ വൈകീട്ട് ഏഴു വരെയും വെള്ളിയാഴ്‌ച പുലർച്ചെ 12.30 മുതൽ ഉച്ചയ്‌ക്ക് 12 വരെയും വഴിയോരങ്ങളിൽ തട്ടുകട ഉൾപ്പെടെയുള്ള വഴിയോരക്കച്ചവടവും പാർക്കിങ്ങും നിരോധിച്ചിട്ടുണ്ട്.
കുമരകത്ത് കോണത്താറ്റ് പാലത്തിന്റെ ഒരു വശത്തു കൂടിയാണ് രാഷ്‌ട്രപതിയുടെ വാഹനവ്യൂഹം കടന്നുപോകുന്നത്. ഈ ഭാഗത്ത് നവീകരണം പൂർത്തിയായി. പാലത്തിൽനിന്ന് റോഡിലേക്ക് കയറുന്ന ഭാഗത്ത് മെറ്റലിട്ട് ഉറപ്പിച്ചു.



