ചൂരൽ പ്രയോഗം ; രണ്ടാം ക്ലാസുകാരന് അധ്യാപികയുടെ ക്രൂര മർദ്ദനം
സ്വന്തം ലേഖിക
കോട്ടയം: കുറുപ്പന്തറയിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപിക ക്രൂരമായി മർദിച്ചതായി പരാതി . മണ്ണാറപ്പാറ സെൻറ് സേവ്യേഴ്സ് എൽപി സ്‌കൂളിലാണ് സംഭവം. മലയാളം അക്ഷരം പഠിപ്പിക്കുന്നതിനിടെയാണ് അധ്യാപിക കുട്ടിയെ കണ്ണിൽച്ചോരയില്ലാതെ ചൂരൽ ഉപയോഗിച്ച് തല്ലിയത്. കുട്ടിയുടെ ശരീരത്തിൽ അടിയേറ്റത്തിന്റെ നിരവധി പാടുകളുണ്ട്.
രണ്ടാം ക്ലാസ് വിദ്യാർത്ഥിയും കുറുപ്പന്തറ കളത്തൂക്കുന്നേൽ സൗമ്യയുടെ മകനുമായ പ്രണവ് രാജിനെയാണ് അധ്യാപികയായ മിനിമോൾ ജോസ് മർദിച്ചത്. കുട്ടിയുടെ രണ്ട് കാലുകളിലുമായി അടി കിട്ടിയ ഇരുപതിലധികം പാടുകളുണ്ട്. അവശനിലയിലായ കുട്ടിയെ കഴിഞ്ഞ ദിവസം രാത്രി വീട്ടുകാർ കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉച്ചയ്ക്ക് ശേഷം കുട്ടിയെ അടുത്തേക്ക് വിളിപ്പിച്ച അധ്യാപിക മലയാളം വായിക്കാൻ പറഞ്ഞു. കുട്ടി വായിച്ചുകൊണ്ടിരിക്കുമ്പോൾ വായിച്ചത് ശരിയായില്ലെന്ന് പറഞ്ഞ് കുട്ടിയെ ചൂരൽ വച്ച് അടിക്കുകയായിരുന്നു. വൈകുന്നേരം സ്‌കൂൾ വിട്ട് വന്നപ്പോൾ കുട്ടിയുടെ കാലിലെ പാടുകൾ കണ്ട് മുത്തശ്ശി കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത് . തുടർന്ന് കുട്ടിയുമായി മുത്തശ്ശി സ്‌കൂളിലെത്തിയപ്പോഴേക്കും അധ്യാപിക പോയിരുന്നു. മറ്റ് അധ്യാപകർ വിവരം നാളെ തിരക്കാമെന്ന് പറഞ്ഞ് ഇവരെ വീട്ടിലേക്ക് മടക്കി അയക്കുകയും ചെയ്തു . പിന്നീട് ജോലി കഴിഞ്ഞെത്തിയ വിദ്യാർത്ഥിയുടെ അമ്മ സംഭവം ബന്ധുക്കളെയും നാട്ടുകാരെയും അറിയിച്ചു. മലയാളം വായിച്ച് കണ്ണ് തെളിയാനാണ് അടിച്ചതെന്നാണ് അധ്യാപിക തന്നോട് പറഞ്ഞതെന്ന് കുട്ടി പറഞ്ഞു .
സംഭവത്തിൽ കുട്ടിയുടെ അമ്മ പോലീസിലും ചൈൽഡ്ലൈനിലും പരാതി നൽകിയിട്ടുണ്ട് . പ്രണവിന്റെ പിതാവ് ഒരു വർഷം മുൻപ് അപകടത്തിൽ മരിച്ചു . സംഭവം വിവാദമായതോടെ മാപ്പപേക്ഷയുമായി സ്‌കൂൾ അധികൃതർ രംഗത്തെത്തിയെങ്കിലും വീട്ടുകാർ പരാതി പിൻവലിക്കാൻ തയ്യാറായില്ല.എന്നാൽ പ്രാഥമിക അധ്യാപിക, ആരോപണ വിധേയയായ അധ്യാപിക, ക്ലാസ് അധ്യാപിക എന്നിവരും സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.