പ്രളയം തകർത്ത കേരളം ഓണമുണ്ണാൻ ഒരുങ്ങുന്നു
സ്വന്തം ലേഖിക
തിരുവനന്തപുരം : പ്രളയം കാരണം കഴിഞ്ഞവർഷം ഒഴിവാക്കിയിരുന്ന സർക്കാരിന്റെ ഓണം വാരാഘോഷം ഇത്തവണയുണ്ടാകും. 10ന് വൈകിട്ട് ആറിന് നിശാഗന്ധിയിൽ ഓണാഘോഷത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരിതെളിക്കും. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഓണസന്ദേശം നൽകും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും.
ചലച്ചിത്രതാരങ്ങളായ കീർത്തി സുരേഷും ടൊവിനോ തോമസും മുഖ്യാതിഥികളാകും. തുടർന്ന് ഗായിക കെ.എസ്. ചിത്രയുടെ സംഗീതനിശയും അരങ്ങേറും.
മുൻ വർഷങ്ങളിലേതുപോലെ ആറ് കോടി ചെലവഴിച്ചാണ് സംസ്ഥാനത്തുടനീളം പരിപാടി സംഘടിപ്പിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരത്തിന് നാല് കോടിയും മറ്റ് ജില്ലകൾക്കായി രണ്ട് കോടിയും അനുവദിച്ചു. തലസ്ഥാനത്ത് പുതിയ വേദിയായ വെള്ളായണി ഉൾപ്പെടെ നഗരത്തിനകത്തും പുറത്തുമായി 29 വേദികളിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നണി ഗായകരായ എം.ജി. ശ്രീകുമാർ, വിധുപ്രതാപ്, സുധീപ് കുമാർ, റിമിടോമി, ജ്യോത്സ്‌ന, കാർത്തിക്, ശ്രീനിവാസ്, മധു ബാലകൃഷ്ണൻ, ഉണ്ണിമേനോൻ, രമേശ് നാരായണൻ, മാർക്കോസ്, ജാസി ഗിഫ്റ്റ്, മൃദുല വാര്യർ, കാവാലം ശ്രീകുമാർ എന്നിവർ വിവിധ വേദികളിൽ അണിനിരക്കും. പ്രശസ്ത നർത്തകരും സിനിമാതാരങ്ങളുമായ ആശാ ശരത്തിന്റെയും നവ്യാനായരുടെയും നൃത്തങ്ങൾക്കും തലസ്ഥാനനഗരം സാക്ഷ്യം വഹിക്കും. 16ന് വൈകിട്ട് അഞ്ചിന് വെള്ളയമ്പലം മുതൽ കിഴക്കേകോട്ട വരെ സാംസ്‌കാരിക ഘോഷയാത്രയോടെ ഓണാഘോഷങ്ങൾ സമാപിക്കും.ചാലിയാർ പുഴയുടെ സംരക്ഷണത്തിനായി 20 മുതൽ 22 വരെ ടൂറിസം വകുപ്പും ജെല്ലി ഫിഷ് എന്ന സ്ഥാപനവും അഡ്വെഞ്ചർ ടൂറിസവും സംയുക്തമായി സംഘടിപ്പിക്കുന്ന ചാലിയാർ റിവർ പാഡിലിന്റെ ലോഗോയും മന്ത്രി പ്രകാശനം ചെയ്തു. സി. ദിവാകരൻ എം.എൽ.എ, ടൂറിസം ഡയറക്ടർ പി. ബാലകിരൺ, കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടർ രാഹുൽ .ആർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
16ന് ടൂറിസം സംഗമം
പ്രളയത്തെ അതിജീവിച്ച കേരളത്തെക്കുറിച്ചു വിവരിക്കുക എന്ന ലക്ഷ്യത്തോടെ ഓണാഘോഷത്തിന്റെ ഭാഗമായി 16ന് കോവളം ലീല റാവിസിൽ ടൂറിസം സംഗമം നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര ടൂറിസം, സാംസ്‌കാരിക വകുപ്പ് സഹ മന്ത്രി പ്രഹ്‌ളാദ് സിംഗ് പട്ടേൽ മുഖ്യാതിഥിയാകും. മറ്റു സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും.