ഗോഡ്‌സെ ‘ദേശഭക്തനെന്ന’ പരാമർശം ; പ്രഗ്യാ സിംഗിനെ പ്രതിരോധ സമിതിയിൽ നിന്നും ഒഴിവാക്കി
സ്വന്തം ലേഖിക
ഡല്‍ഹി : മഹാത്മാഗാന്ധിയെ വെടിവച്ച് കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്‍സെ ദേശഭക്തനാണെന്ന പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി പ്രവര്‍ത്തനാദ്ധ്യക്ഷന്‍ ജെ പി നദ്ദ രംഗത്ത് . എംപി പറഞ്ഞത് തീര്‍ത്തും അപലപനീയമാണെന്നും ബിജെപി ഇത്തരം പരാമര്‍ശങ്ങളെ അനുകൂലിക്കുന്നില്ലെന്നും പാര്‍ട്ടി, ഭരണതലങ്ങളില്‍ പ്രഗ്യക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നദ്ദ വ്യക്തമാക്കി. ഇതിന്‍റെ ഭാഗമായി പ്രഗ്യ സിംഗിനെ പ്രതിരോധ സമിതിയില്‍ നിന്നും ഒഴിവാക്കി. പാര്‍ട്ടിയുടെ പാര്‍ലമെന്‍ററി സമിതി യോഗങ്ങളില്‍ പങ്കെടുക്കുന്നതിനും പ്രഗ്യക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട് .
പ്രഗ്യയുടെ പ്രസ്താവന ബിജെപിയുടെ അച്ചടക്കസമിതി പരിശോധിക്കുന്നതായിരിക്കും . പ്രഗ്യയോട് വിശദീകരണം തേടും. സസ്പെന്‍ഡ് ചെയ്യുന്ന കാര്യവും പരിശോധിക്കുമെന്നാണ് വിവരം .
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, പ്രഗ്യയ്ക്ക് എതിരെ സ്പീക്കര്‍ നടപടി സ്വീകരിക്കണമെന്നും , സഭ നിര്‍ത്തിവച്ച് പരാര്‍ശത്തെക്കുറിച്ച് ചര്‍ച്ച നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാലിത് സ്പീക്കര്‍ ഓം ബിര്‍ള തള്ളി. സഭാരേഖയില്‍ നിന്നും നീക്കിയ പരാമര്‍ശമായതിനാല്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നു സ്പീക്കര്‍ വ്യക്തമാക്കി. പ്രഗ്യയുടെ പ്രസ്താവനയെ അപലപിക്കുന്നതായി രാജ്‍നാഥ് സിംഗും പറഞ്ഞു. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി.
ബുധനാഴ്ച എസ്പിജി നിയമഭേദഗതി ലോക്സഭ ചര്‍ച്ച ചെയ്യുന്നതിനിടെ എന്തുകൊണ്ട് മഹാത്മാഗാന്ധിയെ കൊന്നു എന്ന് ഗോഡ്സെ എഴുതിയത് ഡിഎംകെ എംപി എ രാജ ഉദ്ധരിക്കവെയാണ് പ്രഗ്യാ സിംഗ് ഠാക്കൂര്‍ വിഷയത്തില്‍ ഇടപെട്ടത്. ‘ദേശഭക്തരെക്കുറിച്ച് ഇവിടെ ഉദാഹരണമായി കാണിക്കരുത്’, എന്നായിരുന്നു പ്രഗ്യയുടെ പരാമര്‍ശം .