
പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ മരിച്ച ഗവേഷണ വിദ്യാര്‍ത്ഥിനിക്ക് മരണാനന്തര ബഹുമതിയായി പിഎച്ച്‌ഡി നല്‍കും; ബിരുദം ഏറ്റുവാങ്ങുന്നത് യുകെജി വിദ്യാര്‍ത്ഥിയായ മകള്‍
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ മരണപ്പെട്ട ഗവേഷണ വിദ്യാർത്ഥിനിക്ക് മരണാനന്തര ബഹുമതിയായി പിഎച്ച്‌ഡി നല്‍കാൻ കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തീരുമാനമായി.
മരണപ്പെട്ട പ്രിയ രാജന്റെ മകളും യുകെജി വിദ്യാർത്ഥിനിയുമായ ആൻറിയ സർവകലാശാലയിലെത്തി അമ്മയുടെ പിഎച്ച്‌ഡി ബിരുദം ഏറ്റുവാങ്ങും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് ഇക്കാര്യം ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.
മകള്‍ ബിരുദം ഏറ്റുവാങ്ങുന്ന നിമിഷം എത്ര വൈകാരികമായിരിക്കുമെന്ന് ഇപ്പോഴേ അറിയാനാവുന്നു എന്നും മന്ത്രി കുറിച്ചു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ജന്തുശാസ്ത്ര വിഭാഗം ഗവേഷണ വിദ്യാർത്ഥിനിയായിരുന്നു പ്രിയ രാജൻ. ഡോ. ബാലു ടി കുഴിവേലിയുടെ കീഴില്‍ 2011 ആഗസ്ത് 22 മുതല്‍ 2017 ആഗസ്ത് 21വരെയായിരുന്നു പ്രിയയുടെ ഗവേഷണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2018 ഏപ്രില്‍ 28ന് പ്രബന്ധം സർവ്വകലാശാലയ്ക്ക് സമർപ്പിച്ചു. അതേവർഷം ജൂലായ് 21ന് ചേർന്ന സിൻഡിക്കേറ്റ് പ്രബന്ധം അംഗീകരിക്കുകയും ചെയ്തു. ഡോക്ടറേറ്റ് ഏറ്റുവാങ്ങും മുൻപ്, ഓഗസ്റ്റില്‍ പ്രസവശസ്ത്രക്രിയക്കിടെയാണ് പ്രിയയെ മരണം കീഴടക്കിയത്.