പ്രവീണിന്റെ മരണത്തിൽ കൂടുതൽ വഴിത്തിരിവുകൾ ഭാര്യക്കെതിരെ കുടുംബം
സ്വന്തം ലേഖകൻ
ട്രാന്‍സ്‌മെന്നും മുന്‍ മിസ്റ്റര്‍ കേരളയുമായ പ്രവീണ്‍ നാഥിന്‍റെ മരണത്തില്‍ പങ്കാളി റിഷാന ഐഷുവിനെതിരെ ആരോപണവുമായി കുടുംബം.റിഷാന പ്രവീണിനെ നിരന്തരം ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നെന്നാണ് കുടുംബത്തിന്റെ ആരോപണം. റിഷാന പ്രവീണിനെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് പ്രവീണിന്റെ സഹോദരന്‍ പുഷ്പന്‍ പറഞ്ഞു.’നാല് ദിവസം മുന്‍പ് പ്രവീണ്‍ ഇവിടെ വന്നിരുന്നു. കഴുത്തിലും നെറ്റിയിലും മുറിവുകള്‍ കണ്ടു. ഞങ്ങളുടെ ബന്ധു കാര്യം തിരക്കിയപ്പോള്‍ റിഷാന ഉപദ്രവിച്ചതാണെന്ന് പറഞ്ഞു. ബോഡി ബില്‍ഡിംഗ് കരിയര്‍ നശിപ്പിക്കുമെന്ന് പോലും അവള്‍ ഭീഷണിപ്പെടുത്തിയതായി പറഞ്ഞു’, പുഷ്പന്‍ കൂട്ടിച്ചേര്‍ത്തു. പ്രവീണും റിഷാനയും വിവാഹത്തിന് മുന്‍പും ഒന്നിച്ചാണ് താമസിച്ചിരുന്നതെന്നും വിവാഹത്തിന് ഒരാഴ്ച്ച മുന്‍പും പ്രവീണ്‍ ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നെന്നും പുഷ്പന്‍ പറഞ്ഞു. റിഷാനയുടെ ഉപദ്രവം മൂലമാണ് അന്നും പ്രവീണ്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പുഷ്പന്‍ ആരോപിച്ചു.
വ്യാഴാഴ്ചയാണ് പ്രവീണ്‍ നാഥിനെ തൃശൂര്‍ പൂങ്കുന്നത്തെ വീട്ടില്‍ വച്ച് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് പ്രവീണും റിഷാനയും വിവാഹിതരായത്. ബോഡി ബില്‍ഡര്‍ ആയിരുന്ന പ്രവീണ്‍ 2021ല്‍ മിസ്റ്റര്‍ കേരള മത്സരത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ജേതാവായിരുന്നു. പ്രവീണിന്റെ മരണത്തില്‍ അന്വേഷണം വേണമെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അരുണിമ സുല്‍ഫിക്കറും ആവശ്യപ്പെട്ടു. പ്രവീണ്‍ ഒരുപാട് ആഗ്രഹങ്ങള്‍ ഉള്ള വ്യക്തിയായിരുന്നെന്നും മരണത്തിന് പിന്നിലെ കാരണമറിയാന്‍ അന്വേഷണം നടത്തണമെന്നും അരുണിമ പറഞ്ഞു.