
വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി അമിതപലിശ വാഗ്ദാനം ചെയ്തു തട്ടിപ്പ്; സേഫ് ആൻഡ് സ്ട്രോങ്ങിന്റെ സ്വത്തുക്കള്‍ ജപ്തി ചെയ്യാൻ ഉത്തരവ്
തൃശൂർ: ബഡ്സ് നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി അമിതപലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് തൃശൂർ ആദം ബസാറിലും പുഴയ്ക്കലിലും പ്രവർത്തിക്കുന്ന സേഫ് ആൻഡ് സ്ട്രോങ് ബിസിനസ് കൺസൽട്ടന്റ്സ്/സേഫ് ആൻഡ് സ്ട്രോങ് നിധി ലിമിറ്റഡ് ആൻഡ് അലൈഡ് ഫേംസ് എന്ന സ്ഥാപനത്തിന്റെയും ഉടമകളുടെയും പേരിലുള്ള സ്വത്തുക്കള്‍ താല്‍ക്കാലികമായി ജപ്തി ചെയ്യാൻ ജില്ല മജിസ്ട്രേറ്റ് കൂടിയായ തൃശൂർ കലക്ടർ വി.ആർ. കൃഷ്ണ തേജ ഉത്തരവിട്ടു.
തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രവീൺ റാണയും കൂട്ടാളികളും ചേർന്ന് നടത്തുന്നതാണ് സേഫ് ആൻഡ് സ്ട്രോങ്. സ്ഥാപനത്തിന്റെയും ഉടമകളുടെയും മറ്റ് പ്രതികളുടെയും ജില്ലയിലെ എല്ലാ സ്ഥാവരജംഗമ വസ്തുക്കളും തിട്ടപ്പെടുത്തി കണ്ടുകെട്ടാൻ സ്ഥാവര സ്വത്തുക്കളുടെ മഹസ്സര്‍, ലൊക്കേഷന്‍ സ്കെച്ച്, തണ്ടപ്പേര് പകര്‍പ്പ് എന്നിവയുള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് തഹസില്‍ദാര്‍മാര്‍ തയാറാക്കും.
പ്രതികളുടെ സ്ഥാവര സ്വത്തുക്കളുടെ തുടര്‍ന്നുള്ള വിൽപന നടപടികള്‍ താല്‍ക്കാലികമായി മരവിപ്പിക്കാനുള്ള നിര്‍ദേശം ബന്ധപ്പെട്ട എല്ലാ സബ് രജിസ്ട്രാര്‍ ഓഫിസര്‍മാര്‍ക്കും ജില്ല രജിസ്ട്രാര്‍ നല്‍കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളുടെ പേരില്‍ ജില്ലയില്‍ രജിസ്റ്റര്‍ചെയ്ത എല്ലാ മോട്ടോര്‍ വാഹനങ്ങളുടെയും പട്ടിക തൃശൂര്‍ റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ തയാറാക്കി കലക്ടറേറ്റിലേക്കും ജില്ല പോലീസ് മേധാവിക്കും കൈമാറും.
പ്രതികളുടെ പേരില്‍ ജില്ലയിലെ ബാങ്കുകള്‍ /ട്രഷറികള്‍ /സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ആരംഭിച്ച എല്ലാതരം അക്കൗണ്ടുകളും സ്ഥിരനിക്ഷേപവും മരവിപ്പിക്കാൻ എല്ലാ സ്ഥാപന മേധാവികളും അടിയന്തര നടപടി സ്വീകരിക്കണം. ജില്ലയിലെ എല്ലാ ബാങ്ക് മാനേജര്‍മാര്‍ക്കും അറിയിപ്പ് നല്കാന് ലീഡ് ബാങ്ക് മാനേജരെ ചുമതലപ്പെടുത്തി.