പൂച്ചക്കാട്ടെ പ്രവാസി വ്യവസായി.സി.അബ്ദുള്‍ഗഫൂറിന്റെ കൊലയാളികളെ കണ്ടെത്തിയത് ഇങ്ങനെ: പ്രതികൾ മധൂരിലെ ബാങ്കില്‍ ഒറ്റ ദിവസം 21 ലക്ഷം രൂപ വായ്പയിനത്തില്‍ തിരിച്ചടച്ചതിലേക്കായിരുന്നു ഒന്നാമത്തെ അന്വേഷണം: ബിനാമിയായി ഒന്നിലേറെ ആളുകളുടെ പേരില്‍ ഉവൈസ് വാഹനങ്ങള്‍ വാങ്ങിയതും ഒരു ധനകാര്യ സ്ഥാപനത്തില്‍ ഇയാള്‍ ഒൻപതുലക്ഷം രൂപ വായ്പ തിരിച്ചടച്ചതിലേക്കും അന്വേഷണം നീണ്ടു: പണത്തിന്റെ ശ്രോതസ് തേടിയുള്ള അന്വേഷണം ചെന്നു നിന്നത് കൊലപാതകത്തിലേക്ക്.

Spread the love

കാഞ്ഞങ്ങാട്: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം.സി.അബ്ദുള്‍ഗഫൂർ ഹാജിയെ കൊലപ്പെടുത്തിയത് 2023 ഏപ്രില്‍ 13-ന് വൈകീട്ട് 6.20-നും 7.15-നുമിടയില്‍. പോലീസ് കൊലയാളികളിലേക്കെത്തിയത് ഒൻപത് വിവരങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍.

ജിന്നുമ്മയെന്ന കെ.എച്ച്‌.ഷമീനയും ഇവരുടെ ഭർത്താവ് കേസിലെ ഒന്നാം പ്രതി ടി.എം.ഉവൈസും പിറകിലെ വഴിയിലൂടെയാണ് ഗഫൂർ ഹാജിയുടെ വീട്ടിലേക്കെത്തിയത്.

അതിന് മുൻപേതന്നെ ഗഫൂർ ഹാജിയുടെ ഭാര്യയും മകളും മേല്‍പ്പറമ്പിലെ വീട്ടിലേക്ക് പോയിരുന്നു. തല ശക്തമായി ചുമരിനിടിച്ച്‌ കൊലപ്പെടുത്തിയ ശേഷം ഇവർ വീടിന്റെ പിറകിലൂടെ തിരികെപ്പോകുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഒന്നും വിട്ടുപറയാൻ കൂട്ടാക്കാത്തതിനാല്‍ അന്വേഷണസംഘം മറ്റൊരു മാർഗം സ്വീകരിച്ചു. ഇരുവർക്കുമെതിരെ പോലീസിന് ബലമായ സംശയമില്ലെന്ന തോന്നലുണ്ടാക്കുകയാണ് ആദ്യം ചെയ്തത്. അതേസമയം, നാലാം പ്രതി മധൂരിലെ ആയിഷയെ കേന്ദ്രീകരിച്ച്‌ അന്വേഷണം മുന്നോട്ടുകൊണ്ടുപോകുകയും ചെയ്തു.

മധൂരിലെ ബാങ്കില്‍ ഇവർ ഒറ്റ ദിവസം 21 ലക്ഷം രൂപ വായ്പയിനത്തില്‍ തിരിച്ചടച്ചതിലേക്കായിരുന്നു ഒന്നാമത്തെ അന്വേഷണം. ബിനാമിയായി ഒന്നിലേറെ ആളുകളുടെ പേരില്‍ ഉവൈസ് വാഹനങ്ങള്‍ വാങ്ങിയതും ഒരു ധനകാര്യ സ്ഥാപനത്തില്‍ ഇയാള്‍ ഒൻപതുലക്ഷം രൂപ വായ്പ തിരിച്ചടച്ചതിലേക്കും അന്വേഷണം നീണ്ടു. ലോക്കല്‍ പോലീസിന് ഉവൈസും ഭാര്യയും നല്‍കിയ മൊഴിയെ പിന്തുടർന്നുള്ള അന്വേഷണമായിരുന്നു പിന്നീട്.

കാഞ്ഞങ്ങാട്ടെ ഒരു തയ്യല്‍ക്കടയില്‍ ഇവർ പെരുന്നാള്‍ വസ്ത്രം തയ്ക്കാൻ നല്‍കിയിരുന്നു. കൃത്യം നടത്തിയ ദിവസമാണിത് നല്‍കിയത്. എന്നാല്‍, പെരുന്നാള്‍ കഴിഞ്ഞ് രണ്ടു മാസത്തിന് ശേഷമാണിത് തിരികെ വാങ്ങിയത്. കൊല നടത്തുന്നതിനും രണ്ടുനാള്‍ മുൻപേയായിരുന്നു ഷമീനയുടെ പിറന്നാള്‍. എന്നാല്‍, 13-നാണ് പിറന്നാള്‍ എന്നു പറഞ്ഞ് അന്ന് രാത്രി പൂച്ചക്കാട്ടെ യുവാവിന്റെ വീട്ടില്‍ വെച്ച്‌ കേക്ക് മുറിച്ചു.

ഇവർക്ക് പല സഹായങ്ങളും ചെയ്തുകൊടുത്തയാളാണ് ഈ യുവാവ്. കൃത്യം നടത്തിയ ശേഷം പ്രതികള്‍ നേരെ പോയത് 500 മീറ്റർ അകലെയുള്ള പി.എം.അസ്നീഫയുടെ വീട്ടിലേക്കാണ്. കേസിലെ മൂന്നാം പ്രതിയാണ് അസ്നീഫ.

മെയിൻ റോഡ് ഒഴിവാക്കി ഇടവഴിയിലൂടെയാണ് ഇവർ ഈ വീട്ടിലെത്തിയത്. കൃത്യമായ ഗൂഢാലോചന നടത്തിയും കൊല നടത്തിയ ശേഷം ചെയ്യേണ്ട പദ്ധതികള്‍ ആസൂത്രണം ചെയ്തുമാണ് പ്രതികള്‍ മുന്നോട്ടുപോയതെന്ന് അന്വേഷണസംഘം കണ്ടെത്തി. എന്നാല്‍, പോലീസിന്റെ ചോദ്യംചെയ്യലില്‍ നല്‍കിയ മൊഴിയില്‍ പൊരുത്തക്കേടുകളേറെയായിരുന്നു. ഈ പൊരുത്തക്കേടുകള്‍ പിന്തുടർന്ന് നടത്തിയ അന്വേഷണമാണ് ലക്ഷ്യത്തിലെത്തിയത്.